|

ആ സൂപ്പര്‍ താരത്തിന് വേണ്ടി എഴുതിയ കഥയില്‍ സുരേഷ് ഗോപി നായകനായി, എന്റെ സിനിമാ ജീവിതത്തില്‍ കൈവിട്ട് പോയ ചിത്രമാണ് അത്; നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു താരത്തിന് വേണ്ടി എഴുതിയതോ അല്ലെങ്കില്‍ പ്രധാനകഥാപാത്രമായി നിശ്ചയിച്ചതോ ആയ സിനിമകളില്‍ മറ്റ് താരങ്ങള്‍ എത്തുന്നത് സാധാരണമാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടി പ്ലാന്‍ ചെയ്ത പല ചിത്രങ്ങളിലും ഇത്തരത്തില്‍ സുരേഷ് ഗോപി നായകനായിട്ടുണ്ട്.

മോഹന്‍ലാലിന് വേണ്ടി രഞ്ജിത്ത് എഴുതിയ കഥ പിന്നീട് സുരേഷ് ഗോപി ചിത്രമായതും അത് ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും പങ്കുവെക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ദിനേശ് പണിക്കര്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രജപുത്രന്‍ എന്ന ചിത്രത്തിന്റെ പിന്നിലുള്ള കഥകള്‍ ദിനേശ് പണിക്കര്‍ പറഞ്ഞത്.

‘സുരേഷ് ഗോപിക്ക് വേണ്ടി ഗേറ്റ് വേ ഓഫ് ഇന്ത്യ എന്ന് പേരിട്ട ഒരു ചിത്രത്തിന്റെ കഥ രഞ്ജിത്ത് പറഞ്ഞിരുന്നു. സുരേഷ് ഗോപിക്ക് ഇഷ്ടപ്പെട്ടു. ആ സമയത്ത് മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എംപറര്‍ എന്ന സിനിമ എഴുതാന്‍ രഞ്ജിത്തിനെ വിളിച്ചിരുന്നു. അത് പെട്ടെന്ന് എഴുതി തീര്‍ത്തിട്ട് വരാമെന്ന് രഞ്ജിത്ത് പറഞ്ഞു. കുഴപ്പമില്ല തീര്‍ത്തിട്ട് വരാന്‍ ഞാന്‍ പറഞ്ഞു.

എന്നാല്‍ ആ പ്രോജക്ട് രണ്ടും മൂന്നും മാസമായിട്ടും നീങ്ങിയില്ല. അങ്ങനെ എനിക്ക് ടെന്‍ഷനായി തുടങ്ങി. സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ട് അടുത്തടുത്ത് വരുന്നു. രഞ്ജിത്തിനോട് ഇതിനെപറ്റി സംസാരിച്ചു. ഇനി ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കഥ എഴുതിവരാന്‍ സമയമെടുക്കും. മോഹന്‍ലാലിന് വേണ്ടി എഴുതിയ എംപറര്‍ എന്ന സബ്ജക്ട് നിങ്ങളെ കേള്‍പ്പിക്കാം. സുരേഷ് ഗോപിക്ക് വേണ്ടി ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. മോഹന്‍ലാലിസം മാറ്റിവെച്ച് സുരേഷ് ഗോപിസമാക്കിയാല്‍ നമുക്ക് ആ ചിത്രം ചെയ്യാമെന്ന് രഞ്ജിത്ത് പറഞ്ഞു.

ആ കഥ കേട്ടപ്പോള്‍ നല്ല ത്രില്ലുള്ള സബജക്ട്. ഇത് തനി സുരേഷ് ഗോപി ചിത്രമാകുമെന്ന് ഉറപ്പായി. കാരണം അതില്‍ സുരേഷ് ഗോപിയുടെ ഗ്ലാമറുണ്ട്, ഡയലോഗ്സ്, ആക്ഷനെല്ലാമുണ്ട്. അങ്ങനെ മോഹന്‍ലാലിന് വേണ്ടി എഴുതിയ കഥയില്‍ സുരേഷ് ഗോപി നായകനായി.

എംപറര്‍ എന്ന പേര് മാറ്റി ചിത്രത്തിന് രജപുത്രന്‍ എന്ന് പേരിട്ടു. എണ്ണമറ്റ താരനിരയാണ് ചിത്രത്തിലെത്തിയത്. തിലകന്‍ ചേട്ടന്‍, നരേന്ദ്ര പ്രസാദ്, മുരളി, വിക്രം, നെടുമുടി വേണു, മാമൂക്കോയ അങ്ങനെ കാസ്റ്റിങ് കഴിഞ്ഞപ്പോള്‍ അന്ന് മലയാള സിനിമയില്‍ കത്തി നിന്ന താരങ്ങളെല്ലാം എത്തി.

40 മുതല്‍ 45 ദിവസം വരെയായിരുന്നു ഷൂട്ട് തുടങ്ങിയപ്പോള്‍ പ്ലാന്‍ ചെയ്തിരുന്നത്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോഴേക്കും കൈവിട്ട് പോയി. കാലാവസ്ഥ ഞങ്ങളെ ചതിച്ചു. എര്‍ണാകുളത്ത് എന്ന് ക്യാമറയുമായി പോയാലും അന്ന് മഴ പെയ്യും. ലൊക്കേഷനില്‍ പോയാല്‍ അവിടയെും എന്തെങ്കിലുമൊക്കെ തടസം വരും. അങ്ങനെ പോയി 45 ദിവസം പ്ലാന്‍ ചെയ്ത സിനിമ 65 ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നു. എന്റെ സിനിമാ ജീവിതത്തില്‍ കൈ വിട്ടു പോയ ഒരു സിനിമ രജപുത്രനാണ്.

ക്ലൈമാക്‌സില്‍ 100 പേര്‍ നിറഞ്ഞ ഹാളില്‍ മുരളി പ്രസംഗിക്കുന്ന രംഗമുണ്ട്. അത് എടുക്കാന്‍ നിക്കുമ്പോഴാണ് സില്‍ക്ക് സ്മിത അന്തരിച്ച വാര്‍ത്ത വരുന്നത്. ഇതറിഞ്ഞ സുരേഷ് ഗോപി അപ്സെറ്റായി. കുറച്ച് സിനിമകളിലും അവര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ ഒരു അടുപ്പത്തിന്റെ പേരില്‍ സുരേഷ് ഗോപി വളരെ അസ്വസ്ഥനായി.

ദിനേശേ, ഇന്ന് ഷൂട്ടിങ് വേണ്ടെന്ന് വെക്കാം, പാക്കപ്പ് പറയാം, മദ്രാസില്‍ അവരുടെ ബോഡി എടുക്കുന്ന സമയത്ത് ഇവിടെ ഷൂട്ടിങ് ചെയ്യുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് പറയുന്നതിനെ മാനിച്ച്, 1000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള ഭക്ഷണവും പൈസയും അന്നത്തെ ഹാള്‍ വാടകയും കൊടുത്ത് കഷ്ടപ്പെട്ട് അന്നത്തെ ഷൂട്ട് കാന്‍സല്‍ ചെയ്തു. അടുത്ത ദിവസം ഭാഗ്യത്തിന് ആ ഹാള്‍ ഉണ്ടായിരുന്നത് കൊണ്ട് ഇതേ ആയിരം പേരെ വരുത്തി ആ സീന്‍ ഞങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്തു,’ ദിനേശ് പറഞ്ഞു.

Content Highlight: producer Dinesh Panicker shares the challenges he had to face to complete the shoot of rajaputren 

Video Stories