| Sunday, 15th January 2023, 12:36 pm

അന്ന് പണം ചോദിച്ച് എന്റെയടുത്ത് വന്നു, പിന്നെ അയാള്‍ സൂപ്പര്‍ സ്റ്റാറായി: ദിനേശ് പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ താരം ചിയാന്‍ വിക്രവുമൊപ്പമുള്ള ചില ഒര്‍മകള്‍ പങ്കുവെക്കുകയാണ് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍. വിക്രം അഭിനയിച്ച സേതു എന്ന സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുക്കാമോ എന്ന് ചോദിച്ച് വിക്രം നേരിട്ട് തന്റെയടുത്ത് വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് വിക്രം അറിയപ്പെടുന്ന ഒരു അഭിനേതാവായിരുന്നെങ്കിലും വലിയ താരമായിരുന്നില്ലെന്നും ദിനേശ് പണിക്കര്‍ പറഞ്ഞു.

എന്നാല്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് തനിക്ക് ആ സിനിമ ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം വിക്രത്തിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം സൂപ്പര്‍ സ്റ്റാറായെന്നും ദിനേശ് പണിക്കര്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘വിക്രം അന്ന് വളര്‍ന്ന് വരുന്ന താരമായിരുന്നു. അന്നും നല്ല കഴിവുള്ള ആളായിരുന്നു. ഡാന്‍സ് ചെയ്യും, കാണാനും നല്ല ഭംഗിയാണ്. മലയാളത്തില്‍ അന്ന് വിക്രം കുറച്ച് സിനിമകളൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ അത്ര വലിയ സ്റ്റാര്‍ വാല്യു ഒന്നുമില്ലായിരുന്നു. രജപുത്ര സിനിമയില്‍ നല്ലൊരു വേഷമാണ് ചെയ്തത്. പത്ത് നാല്‍പത് ദിവസം എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.

ആ സിനിമക്ക് ശേഷം 2000ലാണ് പിന്നെ വിക്രത്തിനെ കാണുന്നത്. ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയിലെ പാട്ട് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി ഞാന്‍ ചെന്നൈയില്‍ നില്‍ക്കുകയാണ്. സ്റ്റുഡിയോയില്‍ എന്നെ കാണാന്‍ ഒരാള്‍ കാത്തിരിപ്പുണ്ടെന്ന് അവിടെയുള്ളവര്‍ പറഞ്ഞു. അത് കേട്ട് ഞാന്‍ ചെന്ന് നോക്കുമ്പോള്‍ വിക്രമാണ് എന്നെ കാത്തിരിക്കുന്നത്. അന്നും അവനൊരു അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റാണ്. എന്നാല്‍ വിചാരിച്ച രീതിയില്‍ വളരാന്‍ സാധിച്ചിരുന്നില്ല.

ചേട്ടാ ഞാന്‍ പുതിയൊരു സിനിമയില്‍ അഭിനയിച്ചെന്ന് വിക്രം എന്നോട് പറഞ്ഞു. ആ പടത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ ചേട്ടന്‍ ഏറ്റെടുക്കാമോ എന്നും എന്നോട് ചോദിച്ചു. എന്നാല്‍ എനിക്കതിന് കഴിഞ്ഞില്ല. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ ബഡ്ജറ്റ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ഇത് ഏറ്റെടുക്കാന്‍ എന്റെ കയ്യില്‍ പൈസയില്ലടാ എന്ന് അവനെ കെട്ടിപ്പിടിച്ച് ഞാന്‍ പറഞ്ഞു.

ചേട്ടാ ഒരു ലക്ഷം രൂപ മാത്രം മതിയെന്ന് അവന്‍ പറഞ്ഞു. സേതു എന്നായിരുന്നു ആ സിനിമയുടെ പേര്. പക്ഷെ അന്ന് വിക്രത്തിന് കൈ കൊടുത്ത് തിരിച്ചുവിട്ടതല്ലാതെ ആ പടം ഞാനെടുത്തില്ല. അതിനുശേഷം ഞാന്‍ വിക്രത്തിനെ കണ്ടിട്ടില്ല. പിന്നെ ഞാനൊരു നടനായി വിക്രം സൂപ്പര്‍ സ്റ്റാറുമായി. പിന്നീട് വിക്രത്തിന് ഏറ്റവും ഇഷ്ടമുള്ള നിര്‍മാതാവ് ഞാനാണെന്ന് പറഞ്ഞിട്ടുണ്ട്,’ ദിനേശ് പണിക്കര്‍ പറഞ്ഞു.

content highlight: producer dinesh panicker about vikram

We use cookies to give you the best possible experience. Learn more