സുരേഷ് ഗോപിയും തമിഴ് നടന്‍ വിക്രമും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു രജ പുത്രന്‍. ഷാജോണ്‍ സംവിധാനം ചെയ്ത ചിത്രം പ്രൊഡ്യൂസ് ചെയ്തത് ദിനേശ് പണിക്കരായിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ തമിഴ് നടി വിനീത ഷൂട്ടിങ് ആരംഭിച്ച് ശേഷം അഭിനയിക്കാന്‍ തയ്യാറാകാതെ പോകാന്‍ ഒരുങ്ങിയതിനെക്കുറിച്ച് പറയുകയാണ് പ്രൊഡ്യൂസര്‍ ദിനേഷ് പണിക്കര്‍.
ശോഭനയും സുരേഷ് ഗോപിയും നേരത്തെ പോയതായിരുന്നു അവരുടെ പ്രശ്‌നമെന്നും തനിക്കും പോകണമെന്ന വാശിയില്‍ അവര്‍ നിന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അന്ന് അഭിനയിക്കാതെ പോയാല്‍ അവര്‍ക്ക് ഉണ്ടാവുന്ന നഷ്ടങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തിയത് കൊണ്ടാണ് പിന്നീട് അഭിനയിക്കാന്‍ വിനീത തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. തന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ദിനേശ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ നിര്‍മിച്ച രജപുത്രന്‍ എന്ന സിനിമയിലെ നായകന്‍ സുരേഷ് ഗോപിയും നായിക ശോഭനയുമായിരുന്നു. കൂടാതെ ഇന്നത്തെ സൂപ്പര്‍ സ്റ്റാര്‍ വിക്രമും ചിത്രത്തില്‍ ഉണ്ട്. അന്ന് ആ സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ചെറിയ പയ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പെയര്‍ ആയിട്ട് അഭിനയിക്കേണ്ടത് വിനീതയായിരുന്നു.
സുരേഷ് ഗോപിയുടെയും ശോഭനയുടെയും പാട്ട് സീന്‍ ഷൂട്ട് ചെയ്ത് അവര്‍ നേരത്തെ പോയിരുന്നു. രാത്രി പിന്നെ എടുക്കേണ്ടത് വിനീതയുടെയും വിക്രമിന്റെയും ഡാന്‍സ് സീനായിരുന്നു. സീന്‍ ഷൂട്ട് ചെയ്യുന്നുണ്ടെന്ന് വിചാരിച്ച് ഞാന്‍ കാറില്‍ കുറച്ച് സമയം കിടക്കാന്‍ പോയി.
ഒരു പത്ത് മിനിട്ട് കഴിഞ്ഞിട്ടെ ഉണ്ടാവുകയുള്ളു ഡയറക്ടര്‍ വന്ന് എന്നെ വിളിച്ചു. ഉറങ്ങിക്കോ ഉറങ്ങിക്കോ ഇവിടെ ഷൂട്ടിങ്ങ് എല്ലാം നിന്നുവെന്ന് എന്നോട് പറഞ്ഞു. ആദ്യം ഞാന്‍ വിചാരിച്ചു തമാശയാണെന്ന് എന്നാല്‍ അങ്ങനെ അല്ലായിരുന്നു. വിനീത പിണങ്ങി അവരുടെ കാറില്‍ പോയി ഇരിക്കുകയാണ്. ശോഭനയും സുരേഷ് ഗോപിയും നേരത്തെ പോയത് കൊണ്ട് അവര്‍ക്കും നേരത്തെ പോകണമെന്നാണ് പറയുന്നതെന്ന് ഡയറക്ടര്‍ എന്നോട് പറഞ്ഞു. ഇനി ഷൂട്ട് ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് പറയുന്നതെന്നും പറഞ്ഞു.
ഞാന്‍ നേരെ അവരോട് ചെന്ന് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. സുരേഷ് ഗോപിയും ശോഭനയും നേരത്തെ പോയല്ലോ എന്തിനാണ് ഞങ്ങള്‍ മാത്രം നൈറ്റ് വര്‍ക്ക് ചെയ്യുന്നതെന്ന് വിനീത എന്നോട് ചോദിച്ചു. അവരുടെ ഷൂട്ട് കഴിഞ്ഞിട്ടാണ് പോയതെന്നും ഓരോര്‍ത്തര്‍ക്കും ഓരോ സമയമാണെന്നും ഞാന്‍ അവരോട് പറഞ്ഞു.
വിനീത അന്നത്തെ തമിഴിലെ സ്റ്റാര്‍ ആണ്. തമിഴിലെ വലിയ താരങ്ങളുടെ കൂടെ വര്‍ക്ക് ചെയ്ത നടിയാണ് അവര്‍. അതിന്റെ ഒരു അഹങ്കാരമാണ് അവര്‍ അന്ന് എന്നോട് കാണിച്ചത്. അഡ്വാന്‍സ് തന്ന് ഈ സിനിമയിലേക്ക് നിങ്ങളെ വിളിച്ചത് കൃത്യം സമയം പറഞ്ഞിട്ടല്ലെന്നും അതുകൊണ്ട് ചിലപ്പോള്‍ നിങ്ങള്‍ക്ക് ലേറ്റായിട്ടും വര്‍ക്ക് ചെയ്യേണ്ടി വരുമെന്നും വളരെ ശാന്തമായിട്ട് ഞാന്‍ അവരോട് പറഞ്ഞു.
പക്ഷെ തനിക്ക് തിരിച്ച് പോകണം എന്ന വാശിയില്‍ തന്നെ അവര്‍ ഉറച്ച് നിന്നു. അന്ന് അവര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചത് രണ്ടര ലക്ഷമായിരുന്നു. 20 ദിവസത്തെ ഡേറ്റിനാണ് നിങ്ങളെ ഇവിടെ അഭിനയിക്കാന്‍ കൊണ്ടുവന്നതെന്നും അത് കഴിഞ്ഞിട്ട് മാത്രമെ നിങ്ങള്‍ക്ക് പോകാന്‍ പറ്റുകയുള്ളുവെന്നും ഞാന്‍ അവരോട് ധൈര്യത്തില്‍ പറഞ്ഞു.
നിങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകണമെന്നും 20 ദിവസം കഴിഞ്ഞാല്‍ ബാക്കി തരാനുള്ള പൈസയും തരുമെന്നും അവരെ അറിയിച്ചു. ഇപ്പോള്‍ അഭിനയിച്ചില്ലെങ്കില്‍ നിങ്ങളുടെ മുഖം ഞാന്‍ എന്റെ സിനിമയില്‍ കാണിക്കില്ലെന്നും ഞാന്‍ അവരെ അറിയിച്ചു.
പിന്നെ ദേഷ്യത്തില്‍ ഞാന്‍ പോയി കാറില്‍ ഇരുന്നു. നോക്കുമ്പോള്‍ ആ നടി അഭിനയിക്കാന്‍ തയ്യാറായി. അത് അന്ന് വളരെ ചര്‍ച്ചയായിരുന്നു. ഇത്തരത്തില്‍ പല സന്ദര്‍ഭങ്ങളും സിനിമയില്‍ പ്രൊഡ്യൂസര്‍ക്ക് ഫേസ് ചെയ്യേണ്ടി വരും,” ദിനേശ് പണിക്കര്‍ പറഞ്ഞു.
content highlight: producer dinesh panicker about sursh gopi movie