| Wednesday, 23rd November 2022, 8:58 pm

ബിജുമേനോന്റെ വേഷം ഷമ്മിക്ക് കൊടുക്കണമെന്നായിരുന്നു തിലകന്‍ ചേട്ടന്റെ വാശി, അതോടെ ഞങ്ങളുടെ കൂട്ടായ്മയില്‍ പ്രശ്‌നങ്ങള്‍ വന്നു: ദിനേശ് പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1998ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് പ്രണയവര്‍ണങ്ങള്‍. മഞ്ജുവാര്യരും ദിവ്യ ഉണ്ണിയും ലീഡ് റോളില്‍ എത്തിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ബിജുമേനോനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലേക്ക് എത്തിച്ചേര്‍ന്നതിനേക്കുറിച്ചും താരങ്ങളെ തെരഞ്ഞെടുത്തതിനേക്കുറിച്ചും പറയുകയാണ് നിര്‍മാതാവ് ദിനേശ് പണിക്കര്‍.

ബിജുമേനോന്‍ അവതരിപ്പിച്ച കഥാപാത്രം ഷമ്മി തിലകനെകൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു തിലകന്റെ ആഗ്രഹമെന്നും എന്നാല്‍ അതിന് തങ്ങള്‍ സമ്മതിച്ചില്ലെന്നും അദ്ദേഹത്തിന്റെ വാശിയെ മറികടന്ന് ബിജുമോനോനെ അഭിനയിപ്പിച്ചതിനേത്തുടര്‍ന്ന് കൂട്ടായ്മയില്‍ ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും ദിനേശ് പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിനേശ് ഇക്കാര്യം പറഞ്ഞത്.

”തിലകന്‍ ചേട്ടനാണ് പ്രണയവര്‍ണങ്ങളുടെ സ്‌ക്രിപ്റ്റ് എനിക്ക് തന്നത്. രണ്ട് പിള്ളേരെഴുതിയതാണ് വായിച്ചിട്ട് ഇഷ്ടമായെന്നും എന്നോട് വായിച്ച് നോക്കാനും അദ്ദേഹം പറഞ്ഞു. സിബിക്കും ഈ സിക്രിപ്റ്റ് വായിക്കാന്‍ ഞാന്‍ കൊടുത്തു. വായിച്ച ശേഷം സിബി എന്നോട് ആ സിനിമ ചെയ്യുന്നതിനേക്കുറിച്ച് പറഞ്ഞു.

സിനിമക്ക് വേണ്ട ടൈറ്റില്‍ ഞങ്ങള്‍ കുറേ ആലോചിച്ചു. ആ സിനിമ നിറഞ്ഞ് നില്‍ക്കുന്നത് പ്രണയം കൊണ്ടാണ് അതുകൊണ്ട് പ്രണയവര്‍ണങ്ങള്‍ എന്ന് പേര് കൊടുക്കാമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. കൂടാതെ വര്‍ണങ്ങള്‍ വാരി വിതറി സിനിമ ഹിറ്റാക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു.

പിന്നെയാണ് അടുത്ത പ്രശ്‌നം വന്നത്, ഇതിലെ ഹീറോസ് ആയിട്ട് മോഹന്‍ലാലും മമ്മൂട്ടിയും ഒന്നും പറ്റില്ല. കാരണം ഇതിലേ ഹീറോസ് രണ്ട് ഫീമെയില്‍ കഥാപാത്രങ്ങളാണ്. അന്ന് തിളങ്ങി നില്‍ക്കുന്ന രണ്ട് ഫീമെയില്‍ കഥാപാത്രങ്ങള്‍ ദിവ്യ ഉണ്ണിയും മഞ്ജു വാര്യരുമാണ്. രണ്ട് പേരുടെയും ഡേറ്റ് ബുക്ക് ചെയ്ത് ഇവരെ രണ്ട് പേരെയും കേന്ദ്രീകരിച്ച് നല്ലൊരു കോളേജ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് പ്രണയവര്‍ണങ്ങള്‍.

പിന്നെ വേണ്ടത് ഒരു ഡെപ്യൂട്ടി കളക്ടറുടെ വേഷമാണ്. അന്ന് ആ വേഷം ചെയ്യാന്‍ പറ്റിയ ആള്‍ സുരേഷ് ഗോപിയാണ്. തെലുങ്കിലും തമിഴിലും അദ്ദേഹം കത്തി നില്‍ക്കുന്ന സമയമാണ്. പക്ഷേ ഒരു പ്രശ്‌നം ഉള്ളത് അദ്ദേഹം തോക്കുപിടിച്ച് നടക്കുന്ന സമയമാണ്. അദ്ദേഹത്തില്‍ നിന്ന് തോക്ക് പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ സിനിമ നിരാശയായിരിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തെ തന്നെ ആ റോളിനായി ഞങ്ങള്‍ വിചാരിച്ചു. കാരണം സുരേഷ്‌ഗോപിക്കും അത് ഒരു ചേഞ്ച് ആകുമായിരുന്നു. അങ്ങനെ ആ റിസ്‌ക്കിന് ഞങ്ങള്‍ മുതിര്‍ന്നു.

വേറെ ഒരു കഥാപാത്രമായി വേണ്ടത് കുറച്ച് നെഗറ്റീവ് ടച്ച് തോന്നുന്ന നല്ല റോമാന്റിക്ക് ആയ ആളെയാണ്. സിനിമ കാണുമ്പോള്‍ ഇയാള്‍ എന്താണ് ഇങ്ങനെ എന്ന് തോന്നണമായിരുന്നു. ആ വേഷം വളരെ മനോഹരമായി ബിജുമേനോന്‍ ചെയ്തു. അദ്ദേഹം തന്നെയായിരുന്നു ഞങ്ങളുടെയും മനസില്‍ ഉള്ളത്.

എന്നാല്‍ ഇവിടെയാണ് കൂട്ടായ്മയില്‍ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ വന്നത്. തിലകന്‍ ചേട്ടന് ഒരു ഡിമാന്റ് ഉണ്ടായിരുന്നു. ആ റോള്‍ ഷമ്മി തിലകനെ വെച്ച് ചെയ്യണമെന്ന്. ഷമ്മി അന്ന് നല്ല നടനാണ് കോളേജ് റോള്‍ നന്നായി ചെയ്യാന്‍ പറ്റും. പക്ഷേ അദ്ദേഹത്തിന് ഒരു റൊമാന്റിക് ഇമേജില്ലായിരുന്നു. റൊമാന്റിക് ഇമേജ് ഉള്ള ഒരാള്‍ തന്നെ വേണമെന്നായിരുന്നു എന്നാണ് ഞങ്ങളുടെ എല്ലാം ആഗ്രഹം.

അങ്ങനെ തിലകന്‍ ചേട്ടന്‍ അന്ന് വാശി പിടിച്ച് നിന്നെങ്കിലും ഞങ്ങളെല്ലാവരും വാശിയെ മറികടന്ന് ബിജുമോനോനെ ആ കഥാപാത്രത്തിനായി ഫിക്‌സ് ചെയ്തു. അത് ഞങ്ങളുടെ ഗ്രൂപ്പില്‍ വിള്ളല്‍ വരുത്തി. ബാക്കി എല്ലാവരും അതില്‍ നിന്നും മാറിപ്പോയി. ഞാനും ശശി പറവൂറും മാത്രം ആയിട്ടാണ് പിന്നീട് സിനിമ എടുത്തത്. അതുകൊണ്ട് തന്നെ ചെറിയ ബഡ്ജറ്റില്‍ ആ സിനിമ ചെയ്യേണ്ടി വന്നു. എന്നാല്‍ പിന്നീട് സിനിമയുടെ വിജയത്തിന് വേണ്ടി കുറച്ച് കൂടെ പണം മുടക്കണമെന്ന് ഞാന്‍ മനസിലാക്കി. അങ്ങനെയാണ് ആ പടം ചെയ്തത്,” ദിനേശ് പണിക്കര്‍

content highlight: producer dinesh panicker about pranaya varnangal movie and biju menon

We use cookies to give you the best possible experience. Learn more