മമ്മൂട്ടി ചിത്രത്തിന്റെ തിരക്കില്‍ പെട്ട്പോയതുകൊണ്ടാണ് സുജാതക്ക് അന്ന് ദേശീയ പുരസ്‌കാരം കിട്ടാതെ പോയത്, അതെന്നെ ഒരുപാട് വേദനിപ്പിച്ചു: ദിനേശ് പണിക്കര്‍
പ്രണയ വര്‍ണങ്ങള്‍ എന്ന സിനിമയിലെ ‘വരമഞ്ഞളാടിയ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ദേശീയ പുരസ്‌കാരം കിട്ടുമെന്നാണ് സുജാതയടക്കം എല്ലാവരും പ്രതീക്ഷിച്ചതെന്ന് ചിത്രത്തിന്റെ നിര്‍മാതാവായ ദിനേശ് പണിക്കര്‍. എന്നാല്‍ തനിക്ക് പറ്റിയ ഒരു അബദ്ധമാണ് പുരസ്‌കാരം നഷ്ടമായതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രണയ വര്‍ണങ്ങള്‍ റിലീസായതിന് പിന്നാലെ സ്റ്റാലില്‍ ശിവദാസ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കിലേക്ക് താന്‍ പോയപ്പോള്‍ ദേശീയ പുരസ്‌കാരത്തിന്റെ പരിഗണനയിലേക്ക് ആ ഗാനം നല്‍കാന്‍ മറന്നു പോയെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരം അറിഞ്ഞപ്പോള്‍ സുജാതക്കുണ്ടായ നിരാശ തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും ദിനേശ് പണിക്കര്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘ഞാന്‍ നിര്‍മിച്ചിട്ടുള്ള സിനിമകളില്‍ ഏറ്റവും മനോഹരമായ ഗാനങ്ങളുള്ള സിനിമ പ്രണയവര്‍ങ്ങളാണ്. നിങ്ങളും അത് അംഗീകരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആ സിനിമയില്‍ ഏഴോളം പാട്ടുണ്ട് ഏതെടുത്താലും ഒന്നിനൊന്ന് മെച്ചമാണ്. എല്ലാ രീതിയിലും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട പാട്ടുകളാണ്.
ഓരോരുത്തരുടെയും ടേസ്റ്റ് അനുസരിച്ച് ചിത്രത്തിലെ പല പാട്ടുകളും പലരുടെയും ഫേവറിറ്റ് ലിസ്റ്റിലുണ്ട്. ആരോ വിരല്‍ മീട്ടിയെന്ന ഗാനം പലര്‍ക്കും ഇഷ്ടമാണ്. ആ ഫിലിം മുഴുവനായി മ്യൂസിക്കലായിരുന്നു എന്ന് തന്നെ പറയാം. പ്രണയ വര്‍ണങ്ങള്‍ക്ക് ഞങ്ങള്‍ ആദ്യമിട്ട ബജറ്റ് മൂന്ന് ലക്ഷമായിരുന്നു. ഏഴ് ലക്ഷം വരെയൊക്കെ പോകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.
സിബി മലയിലിന്റെ ഏറ്റവും മികച്ച സിനിമയായി മാറാന്‍ പോകുന്ന ചിത്രമാണിതെന്ന് ഷൂട്ടിങ് തുടങ്ങി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായിരുന്നു. അത് കളര്‍ഫുള്ളാക്കുന്നതിന് വേണ്ടി നന്നായി ഞാന്‍ പണം മുടക്കിയിരുന്നു. ആ സിനിമ എനിക്ക് ഒരിക്കലും നഷ്ടക്കച്ചവടമായി മാറിയില്ല.
സിനിമയിലെ ഏറ്റവും മനോഹരമായ ഗാനങ്ങളില്‍ ഒന്നാണ് വരമഞ്ഞളാടിയ എന്ന് തുടങ്ങുന്ന ഗാനം. കവിതയുടെ രൂപത്തിലുള്ളതായിരുന്നു ആ പാട്ട്. വിദ്യാ സാഗറിനെയൊക്കെ അക്കാര്യത്തില്‍ നമ്മള്‍ നമിച്ചേ പറ്റൂ. ആ പാട്ട് പാടുമ്പോള്‍ സുജാതക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു, ഈ പാട്ട് ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുമെന്ന്. ദേശീയ പുരസ്‌കാരം വരെ കിട്ടുമെന്ന് സുജാതയുടെ മനസ് പറഞ്ഞിരുന്നു.
എനിക്കും ആ കാര്യത്തില്‍ ഒരു സംശയവും ഇല്ലായിരുന്നു. ആ ഗാനം നന്നായി തന്നെ സിനിമയില്‍ എടുത്ത് വെച്ചിട്ടുണ്ട്. ആ പാട്ട് മനോഹരമായിട്ടിറങ്ങി, പടവും ഹിറ്റായി. പാട്ടും ഹിറ്റായി. പക്ഷെ കുറേ നാളത്തേക്ക് ഞാന്‍ സുജാതയെ കണ്ടിട്ടില്ല. പിന്നെ ഒരിക്കല്‍ ഏഷ്യാനെറ്റിന്റെ ഒരു പരിപാടിക്ക് പോയപ്പോഴാണ് സുജാതയെ വീണ്ടും കാണുന്നത്.
അപ്പോഴാണ് സുജാത ചോദിക്കുന്നത്, ആ പാട്ട് നാഷണല്‍ അവാര്‍ഡിന്റെ പരിഗണനക്ക് കൊടുത്തോ എന്ന്. ശരിക്കും അപ്പോഴാണ് ഞാനും അക്കാര്യം ഓര്‍ക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റാലിന്‍ ശിവദാസ് എടുക്കാന്‍ പോയതുകൊണ്ട് ആ തിരക്കില്‍ ഇക്കാര്യം ഞാന്‍ മറന്നുപോയിരുന്നു. ഇതറിഞ്ഞപ്പോള്‍ സുജാതയുടെ മുഖത്ത് കണ്ട നിരാശ എന്നെ ശരിക്കും വേദനിപ്പിച്ചു,’ ദിനേശ് പണിക്കര്‍ പറഞ്ഞു.
content highlight: producer dinesh panicker about pranaya varnangal movie