| Tuesday, 14th February 2023, 8:55 am

നമ്മുടെ നായക സങ്കല്‍പത്തിന് ചേരുന്ന ആളായിരുന്നില്ല ആ നടന്‍, അയാളെ കണ്ടപ്പോള്‍ ഞാന്‍ അയ്യോ എന്നുപറഞ്ഞു പോയി: ദിനേശ് പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലുമായി താന്‍ എങ്ങനെയാണ് പരിചയത്തിലായതെന്ന് പറയുകയാണ് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍. മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആദ്യം അതിശയം തോന്നിയെന്നും പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയെന്നും ദിനേശ് പറഞ്ഞു.

മോഹന്‍ലാലിന് അന്ന് സ്വന്തമായി വണ്ടിയല്ലായിരുന്നു എന്നും തന്റെ വണ്ടിയിലാണ് കറങ്ങാനൊക്കെ പോയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന് അന്ന് പ്രൊഡക്ഷന്‍ വണ്ടിപോലും കൊടുത്തിരുന്നില്ലെന്നും ദിനേശ് പണിക്കര്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്യുന്നതിന് മുമ്പുള്ള സമയമായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ അത്യാവശ്യം തടിയൊക്കെയുള്ള മുടി നീട്ടി വളര്‍ത്തിയ ഒരാള്‍ അവിടെ വന്ന് ലാന്‍ഡ് ചെയ്യുന്നു. അന്നത്തെ നമ്മുടെ നായക സങ്കല്‍പത്തിന് ചേരുന്ന ആളെയായിരുന്നില്ല അയാള്‍. ഞാന്‍ അയാളെ കണ്ടപ്പോള്‍ ചോദിച്ചു, അയ്യോ ഇയാള്‍ ഈ സിനിമയില്‍ ഏത് വേഷമാണ് ചെയ്യുന്നതെന്ന്. വലിയ വേഷമൊന്നുമല്ല ചെറിയൊരു വേഷമാണെന്നും അവര്‍ പറഞ്ഞു.

ഇതിന് മുമ്പ് പുള്ളിയൊരു സിനിമ ചെയ്തിട്ട് നില്‍ക്കുകയാണെന്നും അതിലെ മെയിന്‍ വില്ലനാണെന്നും എന്നാല്‍ ഈ സിനിമയില്‍ ചെറിയ വേഷം മാത്രമാണുള്ളതെന്നും അവര്‍ എന്നോട് പറഞ്ഞു. അപ്പോഴും എനിക്ക് ഇറങ്ങാന്‍ പോകുന്ന സിനിമയെ കുറിച്ച് അറിയില്ലായിരുന്നു. എന്നാല്‍ ആ വ്യക്തിയും ഞാനും തമ്മില്‍ പെട്ടെന്ന് തന്നെ സിങ്കായി.

ഞങ്ങള്‍ സമപ്രായക്കാരായിരുന്നു. ഞങ്ങള്‍ നന്നായി സംസാരിക്കാനൊക്കെ തുടങ്ങി. ആ വ്യക്തിയുടെ പേരാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ എന്നോട് പറഞ്ഞു പുള്ളി വരുന്നത് തിരുവന്തപുരത്ത് നിന്നുമാണെന്ന്. ഈ തിരുവനന്തപുരത്തുള്ളവരൊക്കെ അണ്ണാ എന്നായിരുന്നു വിളിക്കുന്നത്. ലാലും എന്നെ അണ്ണാ എന്നായിരുന്നും വിളിച്ചിരുന്നത്.

പുള്ളിക്ക് കുറച്ച് ദിവസത്തെ ഷൂട്ട് അവിടെയുണ്ടായിരുന്നു. മോഹന്‍ലാലിന് എവിടെയെങ്കിലും പുറത്ത് പോകണമെങ്കില്‍ കയ്യില്‍ വണ്ടിയില്ലായിരുന്നു. പ്രൊഡക്ഷനില്‍ നിന്നും എന്തായാലും വണ്ടി കൊടുക്കില്ലല്ലോ. അപ്പോള്‍ എന്റെ വണ്ടിയാണ് ഉപയോഗിച്ചിരുന്നത്. എന്റെ ബൈക്കിലോ അച്ഛന്റെ കാറിലോ ഒക്കെയാണ് ഞങ്ങള്‍ സഞ്ചരിച്ചിരുന്നത്,’ ദിനേശ് പണിക്കര്‍ പറഞ്ഞു.

content highlight: producer dinesh panicker about moahanlal and his old look

We use cookies to give you the best possible experience. Learn more