മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ സ്റ്റാലിന്‍ ശിവദാസ് എന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തത് ദിനേശ് പണിക്കരായിരുന്നു. 1999ല്‍ പുറത്തിറങ്ങിയ ചിത്രം തനിക്കുണ്ടാക്കിയ നഷ്ടങ്ങളെക്കുറിച്ച് പറയുകയാണ് ദിനേശ് പണിക്കര്‍.
സ്‌ക്രിപ്റ്റ് ഇഷ്ടമല്ലാത്തതിനാല്‍ ചെയ്യണ്ടെന്ന് വെച്ച സിനിമയായിരുന്നുവെന്നും മമ്മൂട്ടി നിര്‍ബന്ധിച്ചിട്ടാണ് ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് ദിനേശ് പറഞ്ഞത്.
എന്നാല്‍ ചിത്രം പരാജയപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും സുരേഷ് ഗോപിയുടെ സിനിമ അതിനിടയില്‍ റിലീസ് ആയതാണ് പ്രധാന പരാജയ കാരണമെന്നും ദിനേശ് പറഞ്ഞു. 50 ലക്ഷം രൂപ തനിക്ക് നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദിനേഷ് പണിക്കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് ഒരു കഥ പറഞ്ഞു. അദ്ദേഹത്തിന് കഥ ഇഷ്ടമായി. മമ്മൂക്കയുടെ കാര്യങ്ങളെല്ലാം ഒത്ത് വന്നപ്പോള്‍ പിന്നെ ഞാന്‍ ബാക്കി കാര്യങ്ങളിലേക്ക് കടന്നു.
എന്നാല്‍ സ്‌ക്രിപ്റ്റ് കണ്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല. മമ്മൂക്കയെ കണ്ട് ഈ പടം ഞാന്‍ ചെയ്യുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോഴേക്കും അഞ്ച് ലക്ഷം രൂപ ഞാന്‍ മമ്മൂക്കക്ക് അഡ്വാന്‍സ് കൊടുത്തിരുന്നു.
എനിക്ക് ഈ പ്രൊജക്ട് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. മമ്മൂക്ക ഭയങ്കര ഷോക്കായിപ്പോയി. കാരണം തുടങ്ങാന്‍ ആകെ കഷ്ടിച്ച് രണ്ട് മാസം കൂടിയെ ഉണ്ടായിരുന്നുള്ളു. കാര്യം പറയാന്‍ പറഞ്ഞപ്പോള്‍ സ്‌ക്രിപ്റ്റ് ഇഷ്ടമായില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
അത് കേട്ടപ്പോള്‍ ശരിക്കും മമ്മൂക്കക്ക് ദേഷ്യമാണ് വന്നത്. അത് ചെയ്തേ പറ്റുള്ളുവെന്ന് പറഞ്ഞു. മമ്മൂക്ക അത് കഴിഞ്ഞ് എന്നോട് പിണങ്ങിയ പോലെയായിരുന്നു. അദ്ദേഹം അടുത്ത ഫ്ളൈറ്റിന് ചെന്നെയിലേക്ക് പോവാന്‍ തീരുമാനിച്ചു. ചെയ്യുന്നില്ലെന്ന് തന്നെ ഞാന്‍ വിചാരിച്ചു. എയര്‍പോട്ടില്‍ അദ്ദേഹത്തെ കൊണ്ടുവിട്ടു.
വീണ്ടും ആലോചിച്ചൂടെയെന്ന് മമ്മൂക്ക പറഞ്ഞു. മമ്മൂക്കയുടെ ആ സംസാരം കേട്ടപ്പോള്‍ ഞാന്‍ അതില്‍ അലിഞ്ഞു പോയി. പടം എത്ര നഷ്ടത്തിലായാലും ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. 25 ദിവസം കൊണ്ട് ആ സിനിമ ഷൂട്ട് ചെയ്തും കഴിഞ്ഞു.
നല്ല കളക്ഷനില്‍ പോയ ചിത്രത്തിന്റെ മൂന്നാം ദിവസം സുരേഷ് ഗോപിയുടെ പത്രം റിലീസായി. അത് എനിക്ക് വലിയ നഷ്ടമായി. അതിന്റെ ഇടയില്‍ മമ്മൂക്കയെ വെച്ചുള്ള എന്റെ പടം അതിന്റെ മേലെ ഉയര്‍ന്നില്ല. അങ്ങനെ പത്രം ഞങ്ങളെ ചവിട്ടി മെതിച്ചു. മൂന്നാം നാള്‍ ഞങ്ങള്‍ താഴേക്ക് പോയി. തീരെ കളക്ഷന്‍ ഇല്ലാത്ത അവസ്ഥയില്‍ അവസാനിപ്പിക്കേണ്ടി വന്നു.
ആ സിനിമ എനിക്ക് വരുത്തി വെച്ചത് ചില്ലറ നഷ്ടമല്ല. 50 ലക്ഷം രൂപയുടെ നഷ്ടമാണ്. മമ്മൂക്കയുടെ ഫ്ളൈറ്റ് വൈകി അതുകൊണ്ട് എനിക്ക് വന്ന നഷ്ടം 50 ലക്ഷം രൂപയാണെന്ന് ഞാന്‍ അന്ന് എവിടെയോ തമാശക്ക് പറഞ്ഞിരുന്നു,” ദിനേശ് പണിക്കര്‍ പറഞ്ഞു.
content highlight: producer dinesh panicker about mammootty