| Saturday, 18th March 2023, 8:04 pm

'മമ്മൂട്ടി എനിക്ക് ഡേറ്റ് തരാമെന്ന് പറഞ്ഞിരുന്നു; പക്ഷെ എന്നോട് പറയാതെ എം.ടി മോഹന്‍ലാലിന് വേണ്ടി ആ സമയത്ത് തിരക്കഥ എഴുതി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിരീടം സിനിമക്ക് ശേഷം തന്റെ ജീവിതത്തിലുണ്ടായ ചില മോശം അനുഭവങ്ങളെ കുറിച്ച് പറയുകയാണ് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍. കിരീടത്തിന് ശേഷം സംവിധായകന്‍ സിബി മലയില്‍ പറഞ്ഞ പ്രകാരം എം.ടി വാസുദേവന്‍ നായരെ കൊണ്ട് തിരക്കഥ എഴുതിക്കാന്‍ തീരുമാനിച്ചുവെന്നും എം.ടി അത് സമ്മതിക്കുകയും ചെയ്തുവെന്ന് ദിനേശ് പണിക്കര്‍ പറഞ്ഞു.

എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തിരക്കഥ കിട്ടിയില്ലെന്നും അതേസമയം അദ്ദേഹം സെവന്‍ ആര്‍ട്ട്‌സിന് വേണ്ടി തിരക്കഥ എഴുതി നല്‍കിയെന്നും ദിനേശ് പറഞ്ഞു. തുടര്‍ന്ന് എം.ടിക്ക് നല്‍കിയ അഡ്വാന്‍സ് വരെ തിരികെ വാങ്ങേണ്ടി വന്നുവെന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കിരീടം സിനിമയുടെ അവസാനത്തെ സെറ്റില്‍മെന്റ് വേളയില്‍ ഞാനും എന്റെ പാട്ട്ണറായിരുന്ന ഉണ്ണിയും തമ്മില്‍ ചെറിയൊരു വിയോജിപ്പുണ്ടായിരുന്നു. കാരണം സിനിമക്ക് വേണ്ടി ചെലവായ ഫണ്ടിനെ ചൊല്ലിയും എനിക്ക് തരാനുള്ള ഷെയറിനെ ചൊല്ലിയുമൊക്കെയായിരുന്നു വിയോജിപ്പ്. അതൊക്കെ മറന്നുകൊണ്ട് സിനിമയുടെ 125 ദിവസത്തിന്റെ ആഘോഷം നമ്മള്‍ ഒരുമിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചു. പക്ഷെ ഇനി സിനിമയെടുക്കെണ്ടാ എന്ന ചിന്തയായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്.

കാരണം കിരീടം കഴിഞ്ഞപ്പോള്‍ വേദനാജനകമായ ചില അനുഭവങ്ങള്‍ എന്റെ മനസിനെ തളര്‍ത്തികളഞ്ഞു. സിനിമ ഇനി എന്തിനാ, അത് വേണ്ടെന്ന് വെക്കാം എന്നൊക്കെ പറഞ്ഞിരിക്കുമ്പോഴാണ് സിബി മലിയില്‍ വരുന്നത്. ഇനി നിങ്ങള്‍ ഉണ്ണിയുമായി പടമെടുക്കുന്നില്ലെന്ന് തീരുമാനിച്ചല്ലോ എങ്കില്‍ നമുക്ക് എം.ടി സാറിനെ കണ്ട് സ്‌ക്രിപ്റ്റ് വാങ്ങിച്ച് ഒരു സിനിമ ചെയ്യാമെന്ന് സിബി പറഞ്ഞു.

ഞാന്‍ നോക്കുമ്പോള്‍ എം.ടിയും സിബിയും ഒരുമിച്ച് വരുകയെന്ന് പറയുന്നത് വ്യത്യസ്തമാര്‍ന്ന ഒരു കോമ്പിനേഷന്‍ ആണല്ലോ. അങ്ങനെയെങ്കില്‍ നോക്കി കളയാമെന്ന് ഞാനും ചിന്തിച്ചു. അങ്ങനെ എം.ടിയെ കാണാന്‍ കോഴിക്കോട് പോയി. എം.ടി സാറിനെ കുറിച്ച് പൊതുവെ പറഞ്ഞ് കേട്ടിട്ടുള്ളത് ഭയങ്കര സീരിയസ് മനുഷ്യനാണെന്നാണ്. അദ്ദേഹത്തിന്റെ അടുത്ത് തമാശയൊന്നും പറയാന്‍ പാടില്ലായെന്നും കേട്ടിട്ടുണ്ട്.

അങ്ങനെ അദ്ദേഹവുമായി സംസാരിച്ചു. തിരക്കഥ എഴുതാമെന്ന് സമ്മതിച്ചു. അവിടെ നിന്നുമാണ് ഞാന്‍ കിരീടത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയത്. ചുരുക്കി പറഞ്ഞാല്‍ ഞാന്‍ ഭയങ്കര സന്തോഷവാനായിരുന്നു. അങ്ങനെ എം.ടി സാറിന്റെ തിരക്കഥ കിട്ടാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങി. അന്ന് മമ്മൂക്ക എനിക്ക് ഡേറ്റ് തരാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.

അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞ്, രണ്ടാമത്തെ വര്‍ഷത്തിലേക്ക് കടന്നിട്ടും തിരക്കഥയുടെ യാതൊരു അനക്കവും കാണുന്നില്ല. പിന്നെ ഒരു ദിവസമാണ് സിബി എന്നെ വിളിച്ച് പറയുന്നത്, ദിനേശേ പറയുന്നതില്‍ വിഷമം തോന്നരുത്, എം.ടി സാറിന്റെ തിരക്കഥയില്‍ ഞാനൊരു പടം ചെയ്യാന്‍ പോവുകയാണെന്ന്. ആ സിനിമ ദിനേശിന് കിട്ടിയില്ല. സെവന്‍ ആര്‍ട്ട്‌സാണ് ചെയ്യുന്നത്. സദയം എന്നാണ് സിനിമയുടെ പേര് മോഹന്‍ലാലാണ് ഹീറോയെന്ന്.

സത്യം പറഞ്ഞാല്‍ മനസില്‍ വിഷമവും ദേഷ്യവുമെല്ലാം വന്നു. രണ്ടുവര്‍ഷമായി എം.ടി സാറിന്റെ പുറകെ നടക്കുകയാണ്. അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അവസാനം കൊടുത്ത അഡ്വാന്‍സ് എം.ടി സാറിന്റെ കയ്യില്‍ നിന്നും ഞാന്‍ തിരികെ വാങ്ങി,’ ദിനേശ് പണിക്കര്‍ പറഞ്ഞു.

content highlight: producer dinesh panicker about m t vasudevan nair

We use cookies to give you the best possible experience. Learn more