സ്റ്റാലിന്‍ ശിവദാസ് എന്ന സിനിമയുടെ പരാജയത്തിന് ശേഷം സാമ്പത്തികമായി തകര്‍ന്നുപോയ നിര്‍മാതാവാണ് ദിനേശ് പണിക്കര്‍. ആ കാലത്ത് താന്‍ അനുഭവിച്ച അവഗണനയെ കുറിച്ച് പറയുകയാണ് ദിനേശ് പണിക്കറിപ്പോള്‍. സിനിമയില്‍ വളരെ പോപ്പുലറായിട്ടുള്ള ഒരു നടനില്‍ നിന്നുമാണ് തനിക്ക് ഏറ്റവും വലിയ അവഗണന ലഭിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ വ്യക്തി തന്റെ സഹായത്തിലാണ് ചെറിയ ബിസിനസുകളൊക്കെ ചെയ്ത് വളര്‍ന്നതെന്നും എന്നാല്‍ താന്‍ സാമ്പത്തികമായി തകര്‍ന്നുപോയപ്പോള്‍ തന്നെ തള്ളി കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ആരെയും വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടിയല്ല ഇതൊക്കെ തുറന്ന് പറയുന്നതെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്റെ സിനിമാ ജീവിതത്തില്‍ ഞാന്‍ ഒമ്പത് ചിത്രങ്ങള്‍ നിര്‍മിച്ചു. 16 സിനിമകള്‍ വിതരണം ചെയ്തു. ഈ സമയത്ത് മുഴുവന്‍ എന്റെ കൂടെ സഹകരിച്ചിട്ടുള്ള ഒരു വ്യക്തിയുണ്ട്. സിനിമയില്‍ വളരെ പൊപ്പുലറായിട്ടുള്ള ഒരാളാണ് അദ്ദേഹം. അതുകൊണ്ട് ഞാന്‍ പേര് പറയുന്നില്ല. സിനിമയില്‍ ഞാന്‍ കത്തിജ്വലിച്ച് നിന്ന ഒരു കാലമുണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ പെട്ടെന്ന് തന്നെ ഇല്ലാതായി.
തിരിച്ചുവരാന്‍ സാധിച്ചത് ഭാഗ്യംകൊണ്ട് മാത്രമാണ്. അങ്ങനെ തിരിച്ചുവരുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ല, ഞാന്‍ ഈ പറയുന്ന വ്യക്തി ഉള്‍പ്പെടെ. സ്റ്റാലിന്‍ ശിവദാസൊക്കെ കഴിഞ്ഞ് കുറച്ച് സാമ്പത്തിക പ്രശ്‌നത്തിലൊക്കെ നില്‍ക്കുന്ന സമയമാണത്. അപ്പോള്‍ പലരും എന്നെ തള്ളി കളഞ്ഞു. ഇയാളിനി രക്ഷപ്പെടില്ലെന്ന് വിധിയെഴുതി. സിനിമയില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നവരില്‍ വളരെ ചുരുക്കം വ്യക്തികള്‍ മാത്രമാണുള്ളത്. അതിലൊരാളാകാനുള്ള ഭാഗ്യമെനിക്ക് ലഭിച്ചു.
ഈ പറയുന്ന വ്യക്തി, ഞാന്‍ വഴി പല ചെറിയ ചെറിയ ബിസിനസുകള്‍ നടത്തുകയും കാശുണ്ടാക്കുകയും ചെയ്തു. പിന്നീട് പുള്ളിയുടെ മകളുടെ കല്യാണം വന്നപ്പോള്‍ എന്നെ വിളിച്ചില്ല. അതിനുശേഷം നല്ലൊരു വീട് വെച്ചു, അതിന്റെ പാലുകാച്ചലിനും ദിനേശ് പണിക്കര്‍ വേണ്ടായെന്ന് തീരുമാനിച്ചു. അയാളാരാ, അയാള്‍ എന്തിനാണിപ്പോള്‍ എന്നായിരുന്നു ചിന്ത.
വ്യക്തിപരമായി ആരെയും മോശമായി കാണിക്കാനോ വേദനിപ്പിക്കാനോ വേണ്ടിയല്ല ഞാന്‍ ഇത് പറയുന്നത്. നമ്മള്‍ ഒരു മനുഷ്യനെയും കൊച്ചാക്കി കാണരുത്. കയ്യില്‍ പൈസയുള്ളപ്പോള്‍ മാത്രം ഒരാളെ ആദരിക്കുക, അതില്ലാതെ താഴെ പോകുമ്പോള്‍ തള്ളിപ്പറയുക. ഈ പ്രവണത സിനിമാ ഫീല്‍ഡില്‍ കൂടുതലാണ്. പക്ഷെ സിനിമാ ഇന്‍ഡസ്ട്രിയില്‍ നന്ദിയുള്ള എത്രയോ പേര്‍ ഇപ്പോഴുമുണ്ട്,’ ദിനേശ് പണിക്കര്‍ പറഞ്ഞു.
content highlight: producer dinesh panicker about film career