|

വാരിസിന്റെ കളക്ഷനും വിജയ്‌യുടെ സാലറിയും ഫേക്ക്‌, ഇന്‍കം ടാക്‌സിന് മുന്നില്‍ വെളിപ്പെടുത്തി നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്‌യെ നായകനാക്കി വംശി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വാരിസ്. പൊങ്കല്‍ റിലീസായെത്തിയ ചിത്രം ഭേദപ്പെട്ട കളക്ഷന്‍ നേടി ഹിറ്റായി മാറിയിരുന്നു. 200 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 300 കോടി നേടിയെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. വിജയ്‌യുടെ രണ്ടാമത്തെ 300 കോടി ചിത്രമായി വാരിസിനെ പലരും പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ യഥാര്‍ത്ഥ കളക്ഷന്‍ നിര്‍മാതാവ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ബജറ്റ് 120 കോടിയാണെന്നും ചിത്രത്തിനായി വിജയ് 40 കോടിയാണ് വാങ്ങിയതെന്നും നിര്‍മാതാവ് ദില്‍ രാജു വെളിപ്പെടുത്തി. കഴിഞ്ഞദിവസം തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയെ പിടിച്ചുകുലുക്കിയ ഇന്‍കം ടാക്‌സ് റെയ്ഡിന് പിന്നാലെയാണ് ദില്‍ രാജുവിന്റെ വെളിപ്പെടുത്തല്‍.

ചിത്രം 300 കോടി നേടിയിരുന്നെന്ന് അവകാശപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ തന്നെ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഇതെല്ലാം വെറും പ്രൊമോഷന്‍ തന്ത്രമാണെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വാരിസിന്റെ കളക്ഷനെയും വിജയ്‌യുടെ പ്രതിഫലത്തെയും ചൊല്ലി വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

വാരിസിന്റെ തെലുങ്ക് പതിപ്പ് വന്‍ പരാജയമായിരുന്നുവെന്ന് ദില്‍ രാജു അടുത്തിടെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ദില്‍ രാജു നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമായ ഗെയിം ചേഞ്ചര്‍ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയമായി മാറി. 450 കോടി ബജറ്റില്‍ ഒരുങ്ങിയെന്ന് അവകാശപ്പെടുന്ന ചിത്രം വെറും 200 കോടി മാത്രമാണ് നേടിയത്.

ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ 189 കോടിയാണെന്ന് അവകാശപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്റര്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് കണ്ടുപിടിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എക്‌സ് ഇത്തരത്തില്‍ കണ്ടുപിടിത്തം നടത്തിയ ആദ്യ ഇന്ത്യന്‍ സിനിമയാണ് ഗെയിം ചേഞ്ചര്‍.

നിലവില്‍ തമിഴില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനാണ് വിജയ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ 200 കോടി പ്രതിഫലം വാങ്ങിയ വിജയ് അടുത്ത ചിത്രമായ ദളപതി 69ല്‍ 275 കോടി പ്രതിഫലം വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ദീപാവലിക്ക് പുറത്തിറങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.

മാസ്റ്റര്‍ മുതലാണ് വിജയ് 100 കോടി പ്രതിഫലം വാങ്ങിത്തുടങ്ങിയത്. കൊവിഡ് കാരണം ചിത്രത്തിന്റെ റിലീസ് വൈകിയതിനാല്‍ 20 കോടി വിജയ് തിരികെ കൊടുത്തത് വലിയ വാര്‍ത്തയായിരുന്നു. തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തെക്കുറിച്ച് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നതിനാല്‍ വിജയ് ആരാധകര്‍ അസ്വസ്ഥരാണ്.

Content Highlight: Producer Dil Raju reveals that collection of Varisu and Vijay’s salary are fake

Video Stories