| Tuesday, 6th June 2023, 5:23 pm

പൃഥ്വിരാജിന്റെ പേരിൽ 7000 രൂപയുടെ വ്യാജ ബില്ലുകൾ ഉണ്ടാക്കിയിട്ടുണ്ട്, അയാളെ പിരിച്ചുവിടാൻ രാജു പറഞ്ഞു: ചന്ദ്ര കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് സിംഹാസനം. ചിത്രത്തിന്റെ സെറ്റിൽവെച്ച് പൃഥ്വിരാജിന്റെ ഡ്രൈവറുമായിട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ചന്ദ്രകുമാർ.

പൃഥ്വിരാജ് വളരെ സ്നേഹമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ കൂടെയുള്ളവർ വളരെ കുഴപ്പക്കാരാണെന്നും ചന്ദ്രകുമാർ പറഞ്ഞു. പൃഥ്വിരാജിന്റെ ഡ്രൈവർ തന്നോട് ഓരോ ദിവസവും 60 ലിറ്റർ ഡീസൽ ചോദിക്കുമെന്നും ഏത് വണ്ടിക്ക് വേണ്ടിയാണ് ചോദിക്കുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പൃഥ്വിരാജ് വളരെ നല്ലൊരു വ്യക്തിയാണ്. അദ്ദേഹം ലൊക്കേഷനിൽ വന്ന് അഭിനയിച്ച്‌ കഴിഞ്ഞാൽ അപ്പോൾ തന്നെ റൂമിലേക്ക് പോകും. എന്നോട് വളരെ സ്നേഹമുള്ള മനുഷ്യനാണ്. പൃഥ്വിരാജിന്റെ കൂടെ നിൽക്കുന്നവർ വളരെ കുഴപ്പക്കാരാണ്. എല്ലാവരെയും അല്ല ഞാൻ പറയുന്നത്. അദ്ദേഹത്തിന്റെ മേക്കപ്പ് മാനും, കാരവാൻ ഓടിക്കുന്നവരും ഒക്കെ വളരെ നല്ലവരാണ്. പൃഥ്വിരാജിന്റെ ഡ്രൈവർ ആണ് കുഴപ്പക്കാരൻ. അയാൾ ഓരോ ദിവസവും 60 ലിറ്റർ ഡീസൽ ചോദിക്കും. എന്റെ കയ്യിൽ അതിന്റെ എല്ലാ തെളിവും ഉണ്ട്.

ഏത് വണ്ടിക്ക് വേണ്ടിയാണ് ഡീസൽ ചോദിച്ചതെന്ന് എനിക്കറിയില്ല. എന്റെ മാനേജർ പ്രേം ലാലിനോടാണ് അയാൾ പണം ചോദിക്കുന്നത്. ഇന്നലെ 60 ലിറ്റർ അടിച്ചതാണല്ലോ വീണ്ടും എന്തിനാണ് ഡീസൽ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ ചോദിക്കേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. പക്ഷെ ആ ചോദ്യം ഡ്രൈവർക്ക് ഇഷ്ടമായില്ല. അയാൾ ഇപ്പോൾ കാണിച്ചുതരാം എന്ന് പറഞ്ഞു.

ഇയാൾ ഇങ്ങനെയൊക്കെ ചെയ്യുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. സുപ്രിയ (സുപ്രിയ മേനോൻ) മാഡത്തിന്റെ അച്ഛനെ ദിവസവും പാലക്കാട് എത്തിക്കണം. ഇയാൾക്ക് അതൊരു അപമാനകരമായ കാര്യമാണ്. അയാൾക്ക് അതിൽ വിയോജിപ്പുള്ള കാര്യം സുപ്രിയ മാഡത്തിന് അറിയില്ല. ഈ സാഹചര്യത്തിൽ ദിവസവും പെട്രോൾ അടിക്കുന്നതിനെപ്പറ്റി മാനേജർ ചോദിച്ചത് അയാൾ എന്റെ മേൽ ചുമത്തി. ദിവസവും പെട്രോൾ അടിക്കുന്നതിൽ നിർമാതാവിന് വിയോജിപ്പുണ്ടെന്ന് അയാൾ പറഞ്ഞുണ്ടാക്കി. ഇതുകൂടാതെ ദിവസവും സെറ്റിൽ വന്ന് പൃഥ്വിരാജിന്റെ അമ്മാവനെ (സുപ്രിയയുടെ അച്ഛൻ) കുറ്റപ്പെടുത്താറുമുണ്ട്. ഇതൊന്നും എനിക്ക് ഇഷ്ട്ടപ്പെടുന്ന കാര്യങ്ങൾ അല്ല. ഒരാളെ ഇത്തരത്തിൽ കുറ്റപ്പെടുത്തുന്നത് മോശമാണെന്ന് ഞാൻ പറഞ്ഞു. അത് അയാൾക്ക് ഇഷ്ടപ്പെട്ടിട്ടും ഇല്ല. ഇത്തരത്തിലുള്ള ആളുകളുമായിട്ടായിരുന്നു രാജു (പൃഥ്വിരാജ്) നടന്നിരുന്നത്,’ ചന്ദ്രകുമാർ പറഞ്ഞു.

പൃഥ്വിരാജ് 7000 രൂപയുടെ ആഹാരം കഴിച്ചിട്ടുണ്ടെന്നപേരിൽ വ്യാജ ബില്ല് അദ്ദേഹത്തിന്റെ ഡ്രൈവർ ഉണ്ടാക്കിയിട്ടുണ്ടെന്ന് ചന്ദ്രകുമാർ പറഞ്ഞു. തന്റെ കയ്യിൽ നിന്നും ബില്ല് കൊടുക്കുന്നതിനായി പണം വാങ്ങിയിട്ടുണ്ടെന്നും പിന്നീട് സത്യം തിരിച്ചറിഞ്ഞപ്പോൾ അയാളെ പിരിച്ചുവിടാൻ പൃഥ്വിരാജ് പറഞ്ഞെന്നും ചന്ദ്രകുമാർ പറഞ്ഞു.

‘പൃഥ്വിരാജ് ഒരിക്കലും 7000 രൂപക്ക് ഭക്ഷണം കഴിക്കില്ല. രാജു ലഘുവായിട്ടുള്ള ഭക്ഷണമാണ് കഴിക്കുന്നത്. വല്ലപ്പോഴും മാത്രമാണ് നോൺ വെജിറ്റേറിയൻ കഴിക്കുന്നത് എന്ന് കാഷ്യർ പ്രേമൻചേട്ടൻ വിളിച്ചു പറഞ്ഞു. പൃഥ്വിരാജിന്റെ ട്രെയ്നറെ ഇഷ്ടമല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ ഡ്രൈവർ വ്യാജ ബില്ലുകൾ കെട്ടിച്ചമച്ചതാണ്. ഹോട്ടലിൽ നിന്നും വ്യാജ ബില്ലുകൾ കിട്ടും. അതുപോലെ തന്നെയാണ് പെട്രോൾ പമ്പുകളിൽ നിന്നും. അവിടെ നിൽക്കുന്ന ആളുകൾക്ക് 200 രൂപ കൊടുത്താൽ മതി.

ബില്ലുകൾ ഞാൻ പൃഥ്വിരാജിനെ കാണിച്ചിരുന്നു. അദ്ദേഹം അപ്പോൾ തന്നെ അയാളെ പിരിച്ച് വിടാൻ പറഞ്ഞു. ഇതിനൊക്കെ കുറ്റക്കാരൻ ആകുന്നത് രാജുമാത്രമാണ്,’ ചന്ദ്രകുമാർ പറഞ്ഞു.

Content Highlights: Producer Chandrakumar on  Prithviraj’s driver

We use cookies to give you the best possible experience. Learn more