പുതിയ തലമുറയിലെ ഏത് ജാഡയുള്ള നടന്മാരാണെങ്കിലും മോഹന്‍ലാലിന്റെ കൂടെ അല്‍പനേരമിരുന്നാല്‍ വിനയം പഠിക്കുമെന്ന് നിര്‍മാതാവ് ചന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ ഒന്നാമന്‍ എന്ന ചിത്രം ഒന്നിച്ചിരുന്ന് കണ്ടപ്പോള്‍ കൊള്ളില്ലെന്ന് താന്‍ പച്ചക്ക് പറഞ്ഞെന്നും എന്നാല്‍ അങ്ങനെ തുറന്ന് പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമാണെന്നും ചന്ദ്രകുമാര്‍ പറഞ്ഞു. അത് മരിച്ചുപോയ പടമാണെന്ന് തനിക്കറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രകുമാര്‍ പറഞ്ഞു.
‘ലാല്‍ സാറിന്റെ കൂടെ നിന്നാല്‍ വിനയം പഠിക്കാം. എത്ര ജാഡയുള്ള പുതിയ തലമുറയിലെ നടന്മാരാണെങ്കിലും ലാല്‍ സാറിന്റെ കൂടെ നിന്നാല്‍ വിനയം പഠിക്കാം. അത് വേറെയാണ്. എന്നെക്കൊണ്ടിപ്പോള്‍ ലാല്‍ സാറിനെ വെച്ച് പടമൊന്നും ചെയ്യാന്‍ പറ്റില്ല. അതിന് വേണ്ടി ഞാന്‍ സോപ്പിടത്തില്ല. ഉള്ള സത്യമാണ് പറയുന്നത്.
നല്ല സബ്‌ജെക്ട് വന്നാല്‍ പോയി ഡേറ്റ് ചോദിക്കാം. നല്ല എഴുത്തുകാരും നല്ല സംവിധായകനും വേണം. അങ്ങനെയാണെങ്കില്‍ അദ്ദേഹം ഡേറ്റ് തരും. സുഖിപ്പിക്കുന്നതല്ല. അതാണ് നടന്‍. അത് ഒരു സംഭവമാണ്. സാറിന്റെ എത്രയോ പടങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.
ഞാനും ലാല്‍ സാറും കൂടി ഇരുന്ന് ഒന്നാമന്‍ കണ്ടപ്പോള്‍ സാറേ ഈ പടം കൊള്ളില്ല എന്ന് ഞാന്‍ പച്ചക്ക് പറഞ്ഞു. ഞെട്ടി പോയില്ലേ. ആര് അങ്ങനെ പറയും. ലാല്‍ സാറിന് അങ്ങനെ പറയുന്നത് ഇഷ്ടമാണ്. അത് പന്ന സിനിമ അല്ലായിരുന്നോ. മോനേ അത് മരിച്ചുപോയ പടമായിരുന്നു എന്ന് എനിക്കറിയാമായിരുന്നു, ആ സിനിമ ചത്തു കഴിഞ്ഞു മോനേ എന്ന് അദ്ദേഹം പറഞ്ഞു. ചത്ത് പോയതിനെ പറ്റി ലാല്‍ സാര്‍ ചിന്തിക്കില്ല. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ പറ്റിയേ ലാല്‍ സാര്‍ ചിന്തിക്കുകയുള്ളൂ, ആ സിനിമ മരിച്ചുകഴിഞ്ഞു.
ലാല്‍ സാര്‍ വരുമ്പോള്‍ എല്ലാം കൃത്യമാക്കിയിരിക്കണം. തമിഴ്‌നാട്ടില്‍ ലാല്‍ സാര്‍ എം.ജി.ആറായി ഇരുവരില്‍ എത്തിയപ്പോള്‍ 50000 പേരെയാണ് ഇറക്കിയത്. 80 ദിവസമുണ്ടായിരുന്നു,’ ചന്ദ്രകുമാര്‍ പറഞ്ഞു.