ഷീലയുടെ മകനായ ജോര്‍ജ് വിഷ്ണുവും കാവേരിയും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍. ചിത്രത്തില്‍ തിലകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
എന്നാല്‍ ഈ കഥാപാത്രത്തിലേക്ക് ആദ്യം ഇന്നസെന്റിനെയാണ് തീരുമാനിച്ചിരുന്നതെന്നും അദ്ദേഹത്തിന് ഡേറ്റ് ക്ലാഷ് വന്നപ്പോഴാണ് തിലകന്‍ ചിത്രത്തിലേക്ക് എത്തിയതെന്നും പറയുകയാണ് നിര്‍മാതാവ് മമ്മി സെഞ്ച്വറി. ഇന്നസെന്റിന്റെ കാര്യം തിലകനോട് പറഞ്ഞിരുന്നില്ലെന്നും ഇത് അറിഞ്ഞപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടുവെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘സത്യത്തില്‍ ആ സിനിമയിലേക്ക് ആദ്യം പ്ലാന്‍ ചെയ്തത് തിലകനെ അല്ല, ഇന്നസെന്റിനെ ആയിരുന്നു. തൃശൂര്‍ ഭാഷ സംസാരിക്കുന്ന അറവുകാരനായ അപ്പനാണ് ഈ സിനിമയിലെ കഥാപാത്രം. അതിന് ഏറ്റവും അനുയോജ്യന്‍ ഇന്നസെന്റാണെന്ന ഒരു തോന്നല്‍ ഞങ്ങളുടെ ഉള്ളില്‍ കയറിയിരുന്നു.
അന്ന് ഞങ്ങള്‍ ഇന്നസെന്റിനെ പോയി കാണുകയും അദ്ദേഹം വരാമെന്ന ഒരു ധാരണയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ അതിന് മുമ്പ് അഡ്വാന്‍സ് മേടിച്ച ആറാം തമ്പുരാന്‍ എന്ന സിനിമയുമായി ക്ലാഷായി. ആദ്യം അവരോടാണ് പറഞ്ഞത്, ഇത് ഇങ്ങനെയാവുമെന്ന് അറിയില്ലായിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു.
അതിന് പകരമായാണ് ഞങ്ങള്‍ തിലകനെപോയി വിളിക്കുന്നത്. പക്ഷേ ഇന്നസെന്റിനോട് സംസാരിച്ച കാര്യം തിലകനോട് പറഞ്ഞിട്ടില്ലായിരുന്നു. അങ്ങനെ തിലകേട്ടന്‍ വന്ന് അഭിനയിച്ചു. അന്ന് സിനിമാ പത്രം എന്ന് പറഞ്ഞൊരു മാസിക ഉണ്ട്. ആ മാസികയില്‍ വന്ന ഹെഡ് ഇന്നസെന്റിന് പകരം തിലകന്‍ എന്നായിരുന്നു. അവര്‍ എങ്ങനെയോ അറിഞ്ഞതാണ്.
തിലകന്റെ കയ്യില്‍ ആരോ ഈ മാസിക കൊടുത്തു. പുള്ളി ഭയങ്കരമായി ചൂടായി. പകരക്കാരനായി വരാനുള്ള ആളാണോ ഞാന്‍ എന്നൊക്കെ ചോദിച്ചു. തൃശൂര്‍ ഭാഷ സംസാരിക്കുന്ന ആളായതുകൊണ്ടാണ് ഇന്നസെന്റിനെ ആദ്യം തെരഞ്ഞെടുത്തത് എന്നൊക്കെ പറഞ്ഞ് പുള്ളിയെ സമാധാനിപ്പിച്ചു,’ മമ്മി സെഞ്ച്വറി പറഞ്ഞു.
Content Highlight: producer century mummy about thilakan and innocent