| Monday, 7th June 2021, 10:21 am

കുറഞ്ഞ തുക മതിയെന്ന് പറഞ്ഞു, ബ്രെഡും ജാമുമാണെങ്കിലും പരാതി കൂടാതെ കഴിച്ചു; ആ സിനിമയ്ക്ക് വേണ്ടി എന്റെ കഷ്ടപ്പാടില്‍ പൃഥ്വിരാജ് കൂടെ നിന്നു: നിര്‍മ്മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിര്‍മ്മാതാക്കളുടെ കഷ്ടപ്പാടും അധ്വാനവും മനസ്സിലാക്കുന്നവരാണ് സിനിമയിലെ ഭൂരിഭാഗം അഭിനേക്കാളുമെന്നു മലയാള സിനിമാ നിര്‍മ്മാതാവ് ബി.സി. ജോഷി. വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പമുള്ള അനുഭവം പങ്കുവെച്ചുകൊണ്ടാണു ജോഷി ഇക്കാര്യം പറഞ്ഞത്.

ഒരു പ്രൊഡ്യൂസര്‍ ഓടിനടക്കുന്നതു അവര്‍ കാണുന്നതുകൊണ്ടായിരിക്കാം, ഞാന്‍ നിര്‍മ്മിച്ച സിനിമകളിലെല്ലാം അഭിനേതാക്കളടക്കം എല്ലാവരും നല്ല യോജിപ്പിലാണു പ്രവര്‍ത്തിച്ചിട്ടുള്ളത്. വീട്ടിലേക്കുള്ള വഴി സിനിമയിലെ പൃഥ്വിരാജുമായുള്ള അനുഭവം അതിന്റെ ഉദാഹരണമാണെന്നു ജോഷി പറഞ്ഞു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയ്ക്കു വേണ്ടി ലഡാക്കിലും ദല്‍ഹിയിലും രാജസ്ഥാനിലുമെല്ലാം പൃഥ്വിരാജ് വന്നു. തണുപ്പെല്ലാം സഹിച്ചു നിന്നു. 30 പേരുണ്ടായിരുന്ന ടീമില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പോലുമില്ലായിരുന്നു. ഞാനും മകനും ചേര്‍ന്നായിരുന്നു ആ ജോലിയടക്കം ചെയ്തിരുന്നത്.

ബ്രെഡും ജാമും കൊടുത്താലും പൃഥ്വിരാജ് ഒരു പരാതിയും കൂടാതെ കഴിക്കുമായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ സമയത്തും കൂടെ തന്നെ നിന്നിരുന്നുവെന്നും ബി.സി. ജോഷി പറഞ്ഞു.

പൃഥ്വിരാജിന് അങ്ങനെ നില്‍ക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷെ, ഇതൊരു ആര്‍ട്ട് ഫിലിമാണെന്നും ബജറ്റ് കുറച്ചെടുക്കുന്ന ചിത്രമാണെന്നും മനസ്സിലാക്കി കൂടെ നിന്നതാണ്. വരുമാനമൊന്നും പ്രതീക്ഷിച്ചെടുക്കുന്ന ചിത്രമല്ലെന്നു പുള്ളിക്കാരനോടു ഞാന്‍ തന്നെ നേരിട്ടു പറഞ്ഞിരുന്നു. അതുകൊണ്ടായിരിക്കാം അന്ന് ആ സിനിമ യൂണിറ്റിനൊപ്പം പൃഥ്വരാജ് ഒന്നിച്ചുനിന്നത്.

അക്കാര്യത്തിലൊക്കെ എനിക്ക് പൃഥ്വിരാജിനോടു വലിയ സ്‌നേഹമാണ്. വീട്ടിലേക്കുള്ള വഴിക്കുവേണ്ടി നിരവധി കാര്യങ്ങളില്‍ അദ്ദേഹം അഡ്ജസ്റ്റു ചെയ്തിട്ടുണ്ട്. എല്ലാവരോടുമൊപ്പം ഒരു വണ്ടിയില്‍ വരുമായിരുന്നു. സാധാരണ ആര്‍ട്ടിസ്റ്റുകള്‍ വേറെ വണ്ടിയിലാണു വരാറുള്ളത്. എല്ലാ സ്ഥലങ്ങളിലും ഇറങ്ങുകയും ക്യാമറ സെറ്റ് ചെയ്യാന്‍ വരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാ ദിവസവും രാത്രി അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി നടത്തുമായിരുന്നു. ആ സിനിമക്ക് കിട്ടിയ തുകയില്‍ ഭൂരിഭാഗവും അദ്ദേഹം അവിടെ തന്നെ ചെലലവാക്കിയിട്ടുണ്ടെന്നാണു തോന്നുന്നത്. വളരെ കുറച്ചു തുകയാണ് അന്ന് വീട്ടിലേക്കുള്ള വഴിക്ക് വേണ്ടി ഞാന്‍ നല്‍കിയത്. ആര്‍ട്ട് ഫിലിമായതുകൊണ്ടു തന്നെ കുറഞ്ഞ തുക മതിയെന്ന് അദ്ദേഹവും പറഞ്ഞിരുന്നു, ബി.സി. ജോഷി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Producer BC Joshy shares a good experience with Prithviraj in the movie Veetilekulla Vazhi

We use cookies to give you the best possible experience. Learn more