|

ധനുഷിനും ചിമ്പുവിനും വിശാലിനും നിര്‍മാതാക്കളുടെ വിലക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധനുഷ്, ചിമ്പു, അഥര്‍വ, വിശാല്‍ എന്നിവര്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് നാല് പ്രമുഖ താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയിരിക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ താരങ്ങള്‍ക്ക് തമിഴ് സിനിമയിലെ ഒരു നിര്‍മാതാവിനുമൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല.

നിര്‍മാതാവ് മൈക്കിള്‍ രായപ്പനാണ് ചിമ്പുവിനെതിരെ പരാതി നല്‍കിയത്. കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ അസോസിയേഷന്റെ പണത്തിന്റെ കണക്ക് സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് വിശാലിനെതിരായ പരാതിയില്‍ പറയുന്നത്. തനിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ കൃത്യമായി പ്രതികരിക്കാത്തതിനാണ് അഥര്‍വക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരിക്കുന്നത്.

പരാതികളില്‍ വേണ്ടവിധം സഹകരിക്കാതിരുന്ന സിമ്പു, വിശാല്‍, എസ്.ജെ. സൂര്യ, അഥര്‍വ, യോഗി ബാബു എന്നിവര്‍ക്ക് കഴിഞ്ഞ ജൂണില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആരോപണങ്ങളോട് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നാളെയാണ് വിശാലിന്റെ മാര്‍ക്ക് ആന്റണി റിലീസ് ചെയ്യുന്നത്. ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറിന്റെ റിലീസിനെ സംഭവം ബാധിക്കുമോയെന്നും അണിയറയില്‍ ആശങ്കകളുയരുന്നുണ്ട്.

Content Highlight: Producer ban for Dhanush, Chimbu and Vishal