മധു സാറൊക്കെ ഉണ്ടെങ്കിലും മലയാള സിനിമയിലെ യഥാര്‍ത്ഥ വല്യേട്ടന്‍ അദ്ദേഹമാണ്: നിര്‍മാതാവ് ബൈജു അമ്പലക്കര
Entertainment
മധു സാറൊക്കെ ഉണ്ടെങ്കിലും മലയാള സിനിമയിലെ യഥാര്‍ത്ഥ വല്യേട്ടന്‍ അദ്ദേഹമാണ്: നിര്‍മാതാവ് ബൈജു അമ്പലക്കര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th November 2024, 12:47 pm

മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ബൈജു അമ്പലക്കര. മമ്മൂട്ടിക്ക് വളരെ വാല്യു ഉണ്ടെന്നും സീനിയറായ നടന്‍ മധു എല്ലാം ഉണ്ടെങ്കിലും മലയാള സിനിമയിലെ യഥാര്‍ത്ഥ വല്യേട്ടന്‍ മമ്മൂട്ടി ആണെന്നും ബൈജു അമ്പലക്കര പറയുന്നു.

വല്യേട്ടന്‍ സിനിമയുടെ റിലീസ് സമയത്ത് തിയേറ്ററുകളിലെല്ലാം അതൊരു ഉത്സവം ആയിരുന്നെന്നും ആ ചിത്രമുണ്ടാക്കിയ ഓളം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൈജു അമ്പലക്കര.

‘മമ്മൂക്കയുടെ ഒരു വാല്യു ഭയങ്കരമാണ്. മലയാള സിനിമയുടെ യഥാര്‍ത്ഥ വല്യേട്ടന്‍ മമ്മൂക്ക തന്നെയാണ്. സിനിമയിലെ എല്ലാം എല്ലാമാണ് അദ്ദേഹം. അത് നമ്മള്‍ സമ്മതിച്ചേ മതിയാകു. മധു സാറെല്ലാം സീനിയര്‍ ആയി ഉണ്ടെങ്കിലും മലയാള സിനിമയിലെ വല്യേട്ടന്‍ മമ്മൂക്കയാണ്.

വല്യേട്ടന്‍ സിനിമയുടെ റിലീസ് സമയത്ത് ഞാന്‍ രണ്ട് തിയേറ്ററില്‍ പോയി. അവിടെ പോയപ്പോള്‍ എനിക്ക് തിയേറ്ററില്‍ കേറാന്‍ കഴിഞ്ഞില്ല. അത്രക്കും ആളുകള്‍ ഉണ്ടായിരുന്നു. തിയേറ്റര്‍ ഉടമകള്‍ക്കൊന്നും എന്നെ അറിയില്ല. എങ്ങനെയൊക്കയോ ഇടിച്ച് കേറി ഞാന്‍ തിയേറ്ററിന്റെ അകത്തെത്തി.

അപ്പോള്‍ കണ്ട കാഴ്ച ആളുകള്‍ പൂമാലകളും തോരണങ്ങളുമെല്ലാം സ്‌ക്രീനിലേക്ക് എറിയുകയാണ്. സ്‌ക്രീന്‍ കീറുമോ കറ ആകുമോ എന്നായിരുന്നു തിയേറ്റര്‍ ഉടമകള്‍ക്കെല്ലാം പേടി. ആ ചിത്രം സത്യത്തില്‍ ഒരു ഉത്സവം പോലെയായിരുന്നു. വല്ലാത്ത ഒരു ഓളമായിരുന്നു,’ ബൈജു അമ്പലക്കര പറയുന്നു.

2000ല്‍ റിലീസായ വല്ല്യേട്ടന്‍ നിര്‍മിച്ചത് ബൈജു അമ്പലക്കരയാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില് മമ്മൂട്ടിയായിരുന്നു നായകന്‍. അറക്കല്‍ മാധവനുണ്ണിയായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ആ വര്‍ഷത്തെ പല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു.

റിലീസായി 24 വര്‍ഷത്തിന് ശേഷം വല്ല്യേട്ടന്‍ 4K ഡോള്‍ബി അറ്റ്‌മോസ് ദൃശ്യമികവോടെ നവംബര്‍ 29ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന്റെ 4K ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത ട്രെയ്ലര്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് ലഭിക്കുന്നത്.

Content Highlight: Producer Baiju Ambalakkara Talks About Mammootty And Valliettan Movie