രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് വല്ല്യേട്ടന്‍. അറക്കല്‍ മാധവനുണ്ണിയായി മമ്മൂട്ടി തകര്‍ത്താടിയ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞിരുന്നു. തിയേറ്റര്‍ റെക്കോഡുകള്‍ക്ക് പുറമെ ഏറ്റവും കൂടുതല്‍ തവണ ടെലിവിഷന്‍ സ്‌ക്രീനിങ് നടത്തിയ മലയാളസിനിമയെന്ന റെക്കോഡും വല്ല്യേട്ടനാണ്.
ചിത്രത്തിന്റെ കഥയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ബൈജു അമ്പലക്കര. താനും അനിലും ബിസിനസ്സില്‍ വലിയ ലാഭം കിട്ടിയതിന് ശേഷം ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചുവെന്നും അതിന് വേണ്ടി ഷാജി കൈലാസിനെയും രഞ്ജിത്തിനെയും സമീപിച്ചെന്നും ബൈജു പറഞ്ഞു. നാല് വര്‍ഷത്തോളം സിനിമക്കായി കാത്തിരുന്നുവെന്നും അതിനിടയിലാണ് ഷാജി കൈലാസും രഞ്ജിത്തും ആറാം തമ്പുരാന്‍ എന്ന ചിത്രം റിലീസ് ചെയ്തതെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
ആറാം തമ്പുരാന്‍ ഹിറ്റായപ്പോള്‍ ആ സമയത്ത് തന്നെ നമ്മുടെ സിനിമ ചെയ്യണമെന്ന് ഷാജി കൈലാസിനോട് സംസാരിച്ചെന്നും ഷാജി അത് സമ്മതിച്ചെന്നും ബൈജു പറഞ്ഞു. എന്നാല്‍ ആറാം തമ്പുരാന്റെ ചൂട് മാറുന്നതിന് മുമ്പ് അതേ ടീമിനെ വെച്ച് മറ്റൊരു സിനിമ ചെയ്യേണ്ട അവസ്ഥയായെന്നും അങ്ങനെയാണ് നരസിംഹം എന്ന സിനിമ ഉണ്ടായതെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിക്ക് അഞ്ച് ലക്ഷം അഡ്വാന്‍സ് കൊടുത്തിരുന്നെന്നും ആ സിനിമ തുടങ്ങാന്‍ വൈകുന്നത് കണ്ട് മമ്മൂട്ടി തങ്ങള്‍ക്ക് പ്രഷര്‍ തന്നുകൊണ്ടിരുന്നെന്നും ബൈജു പറഞ്ഞു. നരസിംഹത്തിന്റെ ഷൂട്ട് കഴിഞ്ഞയുടനെ വല്ല്യേട്ടനിലേക്ക് ഷാജി കൈലാസും രഞ്ജിത്തും ഇരുന്നെന്നും ചിത്രം തങ്ങള്‍ക്ക് വലിയ ലാഭമായി മാറിയെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. മീഡിയവിഷന്‍ കൊട്ടാരക്കരക്ക് നല്‍കിയ അഭിമുഖത്തിലാണ് ബൈജു അമ്പലക്കര ഇക്കാര്യം പറഞ്ഞത്.
‘ഞാനും അനിലേട്ടനും ബിസിനസ് പാര്‍ട്ണര്‍മാരാണ്. ഒരുപാട് ബിസിനസ്സുകള്‍ വലിയ ലാഭം തന്നപ്പോഴാണ് സിനിമയിലും ഞങ്ങള്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. അങ്ങനെ ഷാജി കൈലാസുമായി ഞാന്‍ സൗഹൃദം സ്ഥാപിച്ചു. ഷാജി വഴിയാണ് ഞാന്‍ രഞ്ജിത്തിനെ പരിചയപ്പെടുന്നത്. മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യാമെന്ന് ഷാജി കൈലാസ് സമ്മതിച്ചു. മമ്മൂക്കക്ക് അഞ്ച് ലക്ഷം അഡ്വാന്‍സും കൊടുത്തു. പക്ഷേ നാല് വര്‍ഷത്തോളം ഞങ്ങള്‍ കാത്തിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് രേവതി കലാമന്ദിര്‍ ലാലേട്ടനെ വെച്ച് ഒരു സിനിമ ചെയ്യുന്നത്. ആ പടത്തിന്റെ സ്‌ക്രിപ്റ്റ് രഞ്ജിത്തും സംവിധാനം ചെയ്തത് ഷാജി കൈലാസുമായിരുന്നു. ആ പടം വമ്പന്‍ ഹിറ്റായപ്പോള്‍ നമ്മുടെ സിനിമ ചെയ്യാന്‍ പറ്റിയ സമയം അതാണെന്ന് മനസിലായത്. ആറാം തമ്പുരാന് ശേഷം നമ്മുടെ പടം ചെയ്യാന്‍ പറ്റുമോ എന്ന് ഷാജിയോട് ചോദിച്ചു. പുള്ളി അതിന് സമ്മതിച്ചു.
പക്ഷേ അതിന്റെ ഇടയില്‍ വേറൊരു കാര്യം സംഭവിച്ചു. ആറാം തമ്പുരാന്‍ ഹിറ്റായപ്പോള്‍ അതേ കോമ്പോയെ വെച്ച് വേറൊരു സിനിമ ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. ആ സിനിമയായിരുന്നു നരസിംഹം. ആ പടം കാരണം വല്ല്യേട്ടന്റെ ഷൂട്ട് വീണ്ടും നീണ്ടുപോയി. മമ്മൂക്കയാണെങ്കില്‍ ഞങ്ങള്‍ക്ക് പ്രഷര്‍ തന്നുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ നരസിംഹം കഴിഞ്ഞയുടനെ ഷാജിയും രഞ്ജിത്തും വല്ല്യേട്ടന് വേണ്ടിയിരുന്നു. ആ സിനിമ വന്‍ വിജയമായി മാറി,’ ബൈജു അമ്പലക്കര പറയുന്നു.
Content Highlight: Producer Baiju Ambalakkara says Valliettan shoot delayed due to Narasimham movie