| Sunday, 5th November 2023, 11:07 pm

മമ്മൂട്ടിയുടെ ദുബായ്'ക്ക് സംഭവിച്ചത് ഇതായിരുന്നു: ബൈജു അമ്പലക്കര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ ‘ദുബായ്’ എന്ന സിനിമ വിജയിക്കാതെ പോയതിനെക്കുറിച്ച് പറയുകയാണ് നിർമാതാവ് ബൈജു അമ്പലക്കര. ദുബായ് സിനിമയിൽ മമ്മൂട്ടി നന്നായി അഭിനയിച്ചിരുന്നെന്നും എന്നാൽ സിനിമ സാമ്പത്തിക പ്രതിസന്ധി കാരണം നാലഞ്ച് വർഷമെടുത്തിട്ടാണ് ഷൂട്ട് പൂർത്തിയാക്കിയതെന്നും ബൈജു അമ്പലക്കര പറഞ്ഞു. മാസ്റ്റർബിന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദുബായ് എന്ന സിനിമയിൽ മമ്മൂക്ക എന്ത് നന്നായി അഭിനയിച്ചതാണ്. നാലഞ്ച് വർഷമാണ് ഷൂട്ട് ചെയ്തത്. ആ സിനിമയ്ക്കും സാമ്പത്തിക പ്രതിസന്ധിയായിരുന്നു. ആ സിനിമ പറഞ്ഞപോലെ ഹിറ്റായില്ല. ക്യാഷ് നഷ്ടമാണ് അവർക്ക്. നല്ല മനോഹരമായ സിനിമയാണ്. ആ സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. മമ്മൂക്കയുടെ ആ വേശവും രീതികളും എല്ലാം വളരെ മനോഹരമായിരുന്നു. ദുബായിൽ വെച്ചായിരുന്നു അത് മുഴുവൻ ഷൂട്ട് ചെയ്തത്,’ ബൈജു അമ്പലക്കര പറഞ്ഞു.

അതേസമയം സൽപ്പേര് രാമൻകുട്ടി എന്ന സിനിമയുടെ നിർമാതാക്കൾ ആർട്ടിസ്റ്റുകൾക്ക് പൈസ കൊടുത്തിരുന്നില്ലെന്നും അവർ ഡബ്ബിങ് ചെയ്യാൻ സമ്മതിച്ചിരുന്നില്ലെന്നും ബൈജു അമ്പലക്കര പറഞ്ഞു. എന്നാൽ തന്റെ കയ്യിൽ നിന്നും ഒരുപാട് പൈസ ഇറക്കേണ്ടി വന്നിട്ടുണ്ടെന്നും അന്ന് നിർമാതാക്കളുടെ അസോസിയേഷനിൽ പരാതിപെട്ടിട്ട് കാര്യമുണ്ടായില്ലെന്നും ബൈജു അമ്പലക്കര കൂട്ടിച്ചേർത്തു.

‘സൽപ്പേര് രാമൻകുട്ടി എന്ന സിനിമയുടെ വിതരണാവകാശം ഏറ്റെടുത്തപ്പോൾ എനിക്ക് ഒരുപാട് നഷ്ടങ്ങൾ അനുഭവിക്കേണ്ടിവന്നു. പ്രൊഡ്യൂസർ പൈസ മുടക്കാതെ, മദ്രാസിൽ വന്നിട്ട് ആർട്ടിസ്റ്റുകൾക്ക് പണം നൽകാതെ നിന്നു. അവരാരും ഡബ്ബ് ചെയ്യാൻ വരുന്നില്ല. 15 ദിവസത്തോളം ഞാൻ ചെന്നൈയിൽ കിടന്നു. ഒരുപാട് പേർക്ക് ഇവർ കാശ് കൊടുക്കാൻ ഉണ്ട്.

ചില ആളുകൾ പൈസ കൊടുക്കാത്തത് കൊണ്ട് ഡബ്ബ് ചെയ്യില്ല എന്ന് പറഞ്ഞ് മാറി നിന്നു. നമ്മൾക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ട് ഭയങ്കരമായിരുന്നു. പിന്നെ നമ്മുടെ കയ്യിൽ നിന്നും കുറെ ഫണ്ട് ഇറക്കേണ്ടി വന്നു.

അന്നത്തെ കാലത്ത് പണ്ടത്തെ ഏതോ തനിനിറം സിനിമകളൊക്കെ എടുത്ത കുറേ പ്രൊഡ്യൂസർമാരുണ്ട്. ഈ പ്രൊഡ്യൂസർമാർ എല്ലാം കൂടെ അസോസിയേഷന്റെ പ്രസിഡൻറ്, മറ്റ് മെമ്പർമാരൊക്കെയാണ്. അവിടെയിരുന്ന് ഈ ചേമ്പർ ഭരിക്കുന്നതൊക്കെ ഇവരാണ്. ഇപ്പോൾ കുറെ നല്ല ആൾക്കാരാണ് വന്നിരിക്കുന്നത്. അന്ന് നമ്മളൊക്കെ ജനിക്കുന്നതിനു മുമ്പ് പടം എടുത്ത പ്രായം ചെന്ന ആൾക്കാരാണ് ഈ അസോസിയേഷനിൽ ഇരിക്കുന്നത്.

അന്ന് ഞങ്ങൾ പരാതി കൊടുക്കുന്ന നേരത്ത് പ്രൊഡ്യൂസർമാർ വന്ന് പറയും ‘നമ്മുടെ സിനിമയാണ് നമ്മുടെ സഹായിക്കണമെന്ന്’ അസോസിയേഷനിൽ പറയും. അപ്പോൾ ഇവർ അവരുടെ കൂടെ നിൽക്കും. ഇവരുടെ പടം ബാൻ ചെയ്യാനൊന്നും അവർ പോകില്ല. നമ്മുടെ പൈസ പോയി.

ഞാൻ അവിടെ ചെന്നിട്ട് ഡിസ്ട്രിബ്യൂഷൻ മീറ്റിങ്ങിൽ ബഹളം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴും ഈ രണ്ടു പ്രൊഡ്യൂസേഴ്‌സും ലക്ഷക്കണക്കിന് പൈസ എനിക്ക് തരാനുണ്ട്. ആ അസോസിയേഷനിൽ മെമ്പറാണ് ഈ സൽപ്പേര് രാമൻകുട്ടി എന്ന സിനിമയുടെ പ്രൊഡ്യൂസർ,’ ബൈജു അമ്പലക്കര പറഞ്ഞു.

Content highlight: Producer Baiju Ambalakkara on the failure of the film ‘Dubai’

We use cookies to give you the best possible experience. Learn more