ഉദയ് കൃഷ്ണ – സിബി കെ. തോമസ് എന്നിവരുടെ രചനയില്‍ തോമസ് കെ. തോമസ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കമ്മത്ത് & കമ്മത്ത്. ജ്യേഷ്ഠന്‍ രാജ രാജ കമ്മത്തായി മമ്മൂട്ടി എത്തിയപ്പോള്‍ അനിയന്‍ ദേവരാജ കമ്മത്തായി എത്തിയത് ദിലീപായിരുന്നു.
കമ്മത്ത് & കമ്മത്ത് എന്ന ചിത്രത്തിനെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവും നടനുമായ ബാദുഷ. ചിത്രത്തില്‍ മമ്മൂട്ടിയുടെ അനിയന്റെ വേഷം ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നത് ജയറാമിനെ ആണെന്ന് ബാദുഷ പറയുന്നു. എന്നാല്‍ ഷൂട്ടിന്റെ ദിവസമായപ്പോഴേക്കും ജയറാമിന് ഷാജി കൈലാസിന്റെ സിനിമയുമായി ഡേറ്റ് ക്ലാഷ് വന്നെന്നും അതുകൊണ്ട് കമ്മത്ത് & കമ്മത്തില്‍ നിന്ന് പിന്മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ നരേന്‍ ചെയ്ത കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചിരുന്നത് ദിലീപിനെ ആയിരുന്നെന്നും എന്നാല്‍ ജയറാം പിന്മാറിയത്തോടുകൂടി ദിലീപ് മമ്മൂട്ടിയുടെ അനിയന്‍ വേഷം ചെയ്യുകയായിരുന്നെന്നും ബാദുഷ പറഞ്ഞു.
‘ശരിക്കും കമ്മത്ത് & കമ്മത്തായിട്ട് വരേണ്ടത് ജയറാമും മമ്മൂട്ടിയുമാണ്. അങ്ങനെയാണ് ആ പ്രൊജക്ട് ഉണ്ടായത്. ദിലീപേട്ടന്‍ കുറച്ച് ദിവസത്തെ ഡേറ്റ് തന്നിരുന്നു. അതുകൊണ്ട് നരേന്‍ ചെയ്ത കഥാപാത്രമാണ് ദിലീപേട്ടന്‍ ചെയ്യാന്‍ വേണ്ടി വെച്ചത്.
അങ്ങനെ സിനിമയുടെ ഷൂട്ട് തുടങ്ങാറായപ്പോള്‍ ജയറാം ചേട്ടന് ഷാജി കൈലാസിന്റെ ഒരു സിനിമയുമായി ക്ലാഷ് വന്നതുകൊണ്ട് കമ്മത്ത് & കമ്മത്തിന് വരാന്‍ കഴിയില്ല എന്ന് പറഞ്ഞു. പിന്നെ എന്ത് ചെയ്യും എന്നൊരു സാഹചര്യം വന്നു.
ജയറാം ചേട്ടന് പകരം ആര് എന്നൊക്കെ ആലോചിച്ചിട്ട് എല്ലാവരും കൂടെ ദിലീപേട്ടനെ കാണാന്‍ വേണ്ടി പോയി. എന്തൊക്കയോ പറഞ്ഞ് അവസാനം അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. ഡേറ്റിന്റെ പ്രശ്‌നമെല്ലാം ഉണ്ടായിരുന്നു. എന്നാലും എങ്ങനെയൊക്കയോ എല്ലാം ഒക്കെയായി,’ ബാദുഷ പറയുന്നു.
Content Highlight: Producer Badusha Talks About Casting Of kammath & Kammath Movie