'ഷൂട്ടിനിടെ മമ്മൂക്ക ദേഷ്യപ്പെട്ടു, മാറി നിന്ന എന്നെ പിന്നീട് വന്ന് എന്താടാ മാറി നില്‍ക്കുന്നേ, ഇങ്ങോട്ട് വാടാ എന്ന് വിളിച്ചു';ഓര്‍ത്തെടുത്ത് ബാബു ഷാഹിര്‍
കൊച്ചി: അകലെ നില്‍ക്കുന്നവര്‍ക്ക് മാത്രമേ മമ്മൂക്ക ജാടയാണെന്ന് തോന്നുവെന്ന് നിര്‍മാതാവ് ബാബു ഷാഹിര്‍. മമ്മൂക്കയുമായി അടുപ്പമുള്ള ഒരാളും അങ്ങനെ പറയില്ലെന്ന് ബാബു പറയുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബു ഷാഹിര്‍ മനസ്സുതുറന്നത്.
‘മമ്മൂക്ക മനസ്സില്‍ ഒന്നും കൊണ്ടു നടക്കുകയില്ല. എന്തെങ്കിലും ഇഷ്ടക്കേടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ മുഖത്ത് നോക്കി പറയും. അകലെ നില്‍ക്കുന്നവര്‍ക്ക് മാത്രമേ മമ്മൂക്ക ജാഡയാണെന്ന് തോന്നൂ.
എന്നാല്‍ അദ്ദേഹവുമായി അടുപ്പമുള്ള ഒരാളുപോലും അങ്ങനെ പറയുകയില്ല. കൊച്ചുകുട്ടികളുടെ മനസ്സാണ്. ഒരിക്കല്‍ ഫാസില്‍ സാര്‍ നിര്‍മിച്ച, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന ചിത്രത്തിനിടെ മമ്മൂക്ക ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ പിണങ്ങി മാറിനിന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ മമ്മൂക്ക വന്ന് എന്താടാ മാറി നില്‍ക്കുന്നേ, ഇങ്ങോട്ട് വാടാ… എന്ന് സ്‌നേഹത്തോടെ വിളിച്ച് അനുനയിപ്പിച്ചു. അതോടെ പിണക്കം തീര്‍ന്നു.
അതുപോലെ ചെന്നൈയില്‍ ഷൂട്ടിങ് ഉണ്ടെങ്കില്‍ മമ്മൂക്ക വീട്ടില്‍നിന്ന് എല്ലാവര്‍ക്കും ഭക്ഷണം കൊണ്ടുവരും. വറുത്തതും പൊരിച്ചതുമൊന്നുമായിരിക്കില്ല. ചെറുപയര്‍ മുളപ്പിച്ചത്, വാഴക്കൂമ്പ് തോരന്‍ എന്നിങ്ങനെയുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങളായിരിക്കും അത്,’ ബാബു ഷാഹിര്‍ പറയുന്നു.
കഠിനാധ്വാനവും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവുമാണ് മമ്മൂക്കയെ ഇന്ന് മലയാള സിനിമിലെ വടവൃക്ഷമാക്കി വളര്‍ത്തിയതെന്നും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിലേക്ക് അദ്ദേഹം വളര്‍ന്നതെന്നും ബാബു പറയുന്നു.
‘സ്വന്തം ശരീരത്തെ നിധിപോലെ അദ്ദേഹം കാത്തു സൂക്ഷിച്ചു. വലിച്ചുവാരി തിന്നുകയില്ല. കൃത്യമായി വ്യായാമം ചെയ്യും. ചിട്ടയായ ജീവിത രീതിയാണ് അദ്ദേഹം പിന്തുടരുന്നത്,’ ബാബു പറഞ്ഞു.