| Wednesday, 7th July 2021, 10:09 pm

മാടമ്പി ഷൂട്ടിംഗ് തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ഈ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നി; ഓര്‍മ്മകള്‍ പങ്കുവെച്ച് നിര്‍മാതാവ് ബി.സി. ജോഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാടമ്പി. കാവ്യാ മാധവനടക്കം നിരവധി താരനിര അണിനിരന്ന ചിത്രം ആരാധകര്‍ ഇരുംകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഈയടുത്ത് ചിത്രത്തിന്റെ നിര്‍മാതാവായ ബി.സി. ജോഷി ചിത്രം നിര്‍മ്മിക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തനിക്ക് മറക്കാനാകാത്ത ഒരു അനുഭവമുണ്ടായെന്ന് പറയുകയാണ് ബി.സി. ജോഷി. മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍.

‘എനിക്ക് ഒരു മറക്കാനാവാത്ത അനുഭവം ഉണ്ടായിട്ടുണ്ട്. ഷൂട്ടിംഗ് തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും ഈ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു.

പിന്നെ നമുക്ക് തിരിച്ചുപോകാന്‍ പറ്റില്ലല്ലോ. പത്ത് ദിവസം കഴിഞ്ഞപ്പോഴെക്കും പലവകയില്‍ ഒരു കോടിയോളം രൂപ ചെലവായിരുന്നു. നമ്മള്‍ ആള്‍ക്കാരില്‍ നിന്നൊക്കെ പൈസ മേടിച്ചിട്ട് തിരിച്ചുപോകാന്‍ പറ്റില്ലല്ലോ. സിനിമയിലെ പൊലീസ് സ്റ്റേഷന്‍ രംഗങ്ങള്‍ ഒരു ഭാഗത്ത് നടക്കാനിരിക്കുന്നു. മോഹന്‍ലാല്‍ സാറിന് ഒരു മാജിക് ഷോയില്‍ പങ്കെടുക്കാനുള്ള സമയവും അന്നായിരുന്നു.

തീയില്‍ ചാടിയ ശേഷം പുറത്തേക്ക് എത്തുന്ന മാജിക് ആയിരുന്നു അത്. ഒരാഴ്ചയോളം ലാല്‍ സര്‍ അതിനായി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നു. എല്ലാ ചാനലുകാരും ഇതറിഞ്ഞ് ആ ലൊക്കേഷന് സമീപം വന്നിരിക്കുന്ന സമയവും.

ലാല്‍ സാര്‍ ആണെങ്കില്‍ അന്ന് പോകുമെന്ന് പറഞ്ഞ് നില്‍ക്കുകയായിരുന്നു. സാറിനോട് നേരിട്ട് പറയാന്‍ എനിക്ക് ഒരു മടിയായിട്ട്, ഞാന്‍ കാര്യം ആന്റണിയോട് പറഞ്ഞു. ലാല്‍ സാറിനെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കണമെന്ന്.

പറയത്തില്ല എന്ന് ആന്റണി പറഞ്ഞു. പുള്ളി(മോഹന്‍ലാല്‍) ഒരു തീരുമാനം എടുത്താല്‍ പിന്നെ മാറ്റാന്‍ പാടാണ് എന്നാണ് ആന്റണി പറഞ്ഞത്. ഉണ്ണികൃഷ്ണനോട് പറഞ്ഞപ്പോള്‍ അദ്ദേഹവും പറയില്ലെന്നായി.

എന്റെ മനോവിഷമം നിങ്ങള്‍ക്ക് മനസ്സിലാവില്ലേ എന്ന് ഞാന്‍ ചോദിച്ചു. തീയില്‍ ചാടി അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയാല്‍ സിനിമയുടെ ഗതിയെന്താകും. അദ്ദേഹത്തിന് എന്തെങ്കിലും പറ്റും എന്നല്ല.

ലാല്‍ സാറിനോട് ഒരുപാട് ഇഷ്ടമുള്ളയാളാണ് ഞാന്‍. എന്നാല്‍ സിനിമ ഷൂട്ടിംഗ് സമയത്തെ ഈ രീതിയോട് യോജിക്കാന്‍ കഴിഞ്ഞില്ല. അന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു, ഈ പണിയ്ക്ക് വരണ്ടായിരുന്നുവെന്ന്.

എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍ ലാല്‍ സാറിനോട് ഇതില്‍ നിന്ന് പിന്മാറണമെന്ന് പറയുകയും അങ്ങനെ പുള്ളി പിന്മാറുകയും ചെയ്തു,’ ബി.സി. ജോഷി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Producer B C Joshy Shares Experience Of Madambi Movie

We use cookies to give you the best possible experience. Learn more