മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമുള്ള സിനിമാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നിര്‍മ്മാതാവ് ബി.സി. ജോഷി. മോഹന്‍ലാലിനെ ഏത് രീതിയിലും കൈകാര്യം ചെയ്യാമെന്നും എന്നാല്‍ മമ്മൂട്ടിയുമായി അത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കില്ലെന്നും ജോഷി പറയുന്നു. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോഷി.
മാടമ്പി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ആരോഗ്യനില മോശമായിട്ടും മോഹന്‍ലാല്‍ വന്ന് അഭിനയിച്ചതിനെ കുറിച്ചാണു ജോഷി ആദ്യം പറഞ്ഞത്. സിനിമയില്‍ നെല്ലു കുത്തുന്ന ഗോഡൗണില്‍ സ്റ്റണ്ട് സീനുണ്ടായിരുന്നു. ഫാന്‍ ഓണാക്കിയാല്‍ പൊടിയെല്ലാം പറന്നുപൊങ്ങും. മോഹന്‍ലാല്‍ ആസ്തമയുള്ളയാളാണ്.
ഷൂട്ടിംഗിന്റെ സെറ്റെല്ലാം തയ്യാറാക്കിയ ശേഷം വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ശ്വാസം മുട്ടാണെന്നും വരാനാകില്ലെന്നും അറിയിച്ചു. ഒരു ദിവസത്തെ ഷൂട്ട് മുടങ്ങിയാല്‍ രണ്ട് ലക്ഷത്തിന്റെ നഷ്ടം വരുമെന്ന കാര്യം മോഹന്‍ലാലിനെ നേരിട്ടു കണ്ടു പറഞ്ഞു.
അപ്പോള്‍ അദ്ദേഹം ഡോക്ടറെ വിളിച്ച് സംസാരിക്കുകയും ചില മരുന്നുകള്‍ എത്തിച്ചാല്‍ ഷൂട്ടിന് വരാമെന്ന് സമ്മതിക്കുകയുമായിരുന്നു. അങ്ങനെ മരുന്ന് കഴിച്ചാണ് അദ്ദേഹം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോയത്. പ്രൊഡ്യൂസറുമാരുമായി അടുത്തറിഞ്ഞ് പെരുമാറുന്ന താരമാണ് മോഹന്‍ലാലെന്നും അന്ന് നടന്നത് വലിയൊരു അനുഭവമാണെന്നും ബി.സി. ജോഷി പറഞ്ഞു.
പ്രമാണി സിനിമയുടെ ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി അത്ര എളുപ്പത്തില്‍ ഇടപെടാന്‍ കഴിയുന്നയാളല്ലെന്ന് ജോഷി പറയുന്നത്. ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞ ഒരു ദിവസം മമ്മൂട്ടിയ്ക്ക് പനി വന്നെന്നും എത്ര റിക്വസ്റ്റ് ചെയ്തിട്ടും അദ്ദേഹം ഷൂട്ടിന് വരാന്‍ തയ്യാറായില്ലെന്നും ജോഷി പറയുന്നു.
ആ കാശെല്ലാം നഷ്ടം വന്നു. പിന്നീട് മറ്റൊരു സീന്‍ ചിത്രീകരിക്കാനായി ഒരു ദിവസം കൂടി നില്‍ക്കാന്‍ പറഞ്ഞിട്ടും മമ്മൂട്ടി നിന്നില്ല. നേരത്തെ എവിടെയോ വാക്ക് പറഞ്ഞിരുന്നു എന്ന് പറഞ്ഞ് പോകുകയായിരുന്നു. ആ സീന്‍ മറ്റൊരു ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നെന്നും ജോഷി പറയുന്നു.
ഈ സംഭവം വലിയ മനപ്രയാസമുണ്ടാക്കി. പ്രീസ്റ്റ് പൂജ സമയത്ത് കണ്ടപ്പോള്‍ സംസാരിക്കുകയും മമ്മൂട്ടി വിളക്ക് കത്തിച്ച ശേഷം തന്നെകൊണ്ട് കത്തിപ്പിക്കുകയും ചെയ്‌തെന്നും അതെല്ലാം സന്തോഷമുള്ള കാര്യങ്ങളാണെന്നും എന്നാലും അന്നത്തെ അനുഭവം മറക്കാനാകില്ലെന്നും ജോഷി പറയുന്നു.
പ്രമാണിയുടെ സമയത്തെല്ലാം പുതിയ നിര്‍മ്മാതാവായിരുന്ന താന്‍ സാമ്പത്തിക ഞെരുക്കത്തിലായിരുന്നെന്നും അത് മനസ്സിലാക്കാതെയാണ് മമ്മൂട്ടി പെരുമാറിയതെന്നും ജോഷി പറഞ്ഞു. ഇനിയെങ്കിലും താരങ്ങള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Producer B C Joshy about Mohanlal and Mammootty