മോഹന്‍ലാല്‍ നായകനായ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ നിര്‍മാണ രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ബി.സി ജോഷി. തുടര്‍ന്ന് ബി. ഉണ്ണികൃഷ്ണന്‍ തന്നെ സംവിധാനം ചെയ്ത പ്രമാണി എന്ന ചിത്രവും ബി.സി ജോഷി നിര്‍മിച്ചു.
2011 ല്‍ പൃഥ്വിരാജിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിയെന്ന ചിത്രമായിരുന്നു പിന്നീട് അദ്ദേഹം നിര്‍മിച്ചത്. ആ ചിത്രത്തെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ബി.സി ജോഷി. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചത്. വീട്ടിലേക്കുള്ള വഴിയെന്ന സിനിമ ചെയ്യാന്‍ വളരെ ചെറിയ പ്രതിഫലം മാത്രമാണ് പൃഥ്വിരാജ് വാങ്ങിയതെന്നും ഷൂട്ടിങ് സമയത്ത് അദ്ദേഹം എല്ലാ രീതിയിലും സഹകരിച്ചെന്നും ജോഷി പറയുന്നു.
മലയാള സിനിമയില്‍ നടന്മാരുമായി ഒട്ടിച്ചേര്‍ന്നു നില്‍ക്കാത്തവര്‍ക്ക് നിര്‍മാതാവായി തുടരാന്‍ ബുദ്ധിമുട്ടാണെന്നും ഇനി മോഹന്‍ലാലിനെപ്പോലുള്ള സൂപ്പര്‍താരങ്ങളെ വെച്ചുള്ള സിനിമകളൊന്നും ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്.
‘സാറ്റലൈറ്റ് കിട്ടണമെന്ന ഉദ്ദേശത്തോടെയാണ് പൃഥ്വിരാജിനെ വെച്ച് ആ സിനിമ എടുത്തത്. 1.10 കോടി രൂപയാണ് അന്ന് സാറ്റലൈറ്റായി കിട്ടിയത്. ഡോ. ബിജുവാണ് പൃഥ്വിരാജിനോട് കഥ പറഞ്ഞത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സിനിമ തുടങ്ങുന്നത്.
15 ലക്ഷം രൂപ മാത്രമാണ് പ്രതിഫലമായി പൃഥ്വിരാജിന് കൊടുത്തത്. അത് മതിയെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. ഒരു അവാര്‍ഡ് ഫിലിമല്ലേ. അത് എല്ലാവര്‍ക്കും പ്രയോജനമല്ലേ. പുള്ളിക്കുള്‍പ്പെടെ, ഒരുപക്ഷേ അതുകൊണ്ട് കൂടിയായിരിക്കാം.
16 ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വീട്ടിലേക്കുള്ള വഴി ഞങ്ങള്‍ ഷൂട്ട് ചെയ്ത സ്ഥലമൊക്കെ പിന്നീട് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതായി അറിഞ്ഞു. ചൈന ബോര്‍ഡറിലായിരുന്നു ഷൂട്ടിങ്. മലയുടെ മുകളിലാണ് ഷൂട്ടിങ്. ഓക്‌സിജനുമായാണ് പോയത്. മെഡിക്കല്‍ ചെക്കപ്പ് നടത്തി ഫിറ്റായ 12 പേരെ മാത്രമാണ് മുകളിലേക്ക് കൊണ്ടുപോയത്.
ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലമായിരുന്നു അത്. പൃഥ്വിരാജ് ഈ സിനിമയ്ക്കായി ഭയങ്കരമായി സഹകരിച്ചിട്ടുണ്ട്. ക്യാമറയൊക്കെ പൃഥ്വിരാജ് തന്നെ തോളില്‍ എടുത്തുകൊണ്ടുപോകുമായിരുന്നു,” ബി.സി ജോഷി പറഞ്ഞു.
ഏത് പ്രൊഡ്യൂസറായാലും ഒരു തവണ വീണുപോയാല്‍ പിന്നെ തിരിച്ചുകയറാന്‍ ബുദ്ധിമുട്ടാണെന്നും സംവിധായകന്‍ ഫാസില്‍ അടക്കം സിനിമ നിര്‍മിക്കാന്‍ ഇറങ്ങിയതോടെയാണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ഔട്ടായിപ്പോയതെന്നും ബി.സി ജോഷി പറഞ്ഞു.
”ഫാസില്‍ സര്‍ വലിയ ഡയരക്ടറായിരുന്ന വ്യക്തിയായിരുന്നില്ലേ. അദ്ദേഹം പടം പ്രൊഡ്യൂസ് ചെയ്യാന്‍ പോയപ്പോഴാണ് നഷ്ടത്തിലായത്. അക്കാര്യം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാനത്തെ മൂന്ന് പടം വീണുപോയി. കാശ് മൊത്തം പോയി. അതോടെയാണ് അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ വിട്ടുനിന്നത്.
ഈ ഇന്‍ഡ്‌സ്ട്രിയില്‍ ഇന്ന് അറിയപ്പെടുന്ന പ്രൊഡ്യൂസേഴ്‌സ് എന്ന് പറയുന്നത് ഏതെങ്കിലും ഒരു നടന്മാരുടെ കൂടെ ഒട്ടിനില്‍ക്കുന്നവരായിരിക്കും. അല്ലാത്തവര്‍ ആരും ഇല്ല. ഫഹദ് ഫാസിലാണെങ്കില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ഒരു കമ്പനിയും ചേര്‍ന്നാണ് പടം എടുക്കുന്നത്. ലാല്‍ സാര്‍ ആണെങ്കില്‍ ആന്റണിയും അവരെല്ലാവരും ചേര്‍ന്നാണ്. മമ്മൂക്ക ആണെങ്കിലും അദ്ദേഹവും മകനും ചേര്‍ന്നുള്ള പ്രൊഡക്ഷന്‍ കമ്പനിയുണ്ട്. ജയസൂര്യയ്ക്കുമുണ്ട് പ്രൊഡക്ഷന്‍ കമ്പനി. അല്ലാതെയുള്ള പ്രൊഡ്യൂസേഴ്‌സ് വളരെ കുറവാണ്. വീണുപോയാല്‍ പിന്നെ നിവരാന്‍ പറ്റില്ല. ഇനി ലാല്‍ സാറിനെ വെച്ചൊക്കെ ഒരു പടം ചെയ്യണമെങ്കില്‍ വലിയ തുക വേണം. അതുകൊണ്ട് തന്നെ അത്തരം ആലോചനകളൊന്നും ഇല്ലെന്നും ബി.സി ജോഷി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Producer B.C Joshi About Actor Prithwiraj Remmunaration