ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ വെബ് സീരീസുകളിലൊന്നാണ് രാജ് & ഡി.കെ. സംവിധാനം ചെയ്ത ഫാമിലി മാന്‍. സ്‌പൈ ത്രില്ലറായി ഒരുങ്ങിയ സീരീസില്‍ മനോജ് ബാജ്‌പേയ് ആണ് നായകനായത്. എന്നാല്‍ തുടക്കത്തില്‍ ഇതൊരു സിനിമയായാണ് പ്ലാന്‍ ചെയ്തതെന്നും ചിരഞ്ജീവിയെ ആണ് നായകനായി ഉദ്ദേശിച്ചിരുന്നതെന്നും പറയുകയാണ് നിര്‍മാതാവായ അശ്വനി ദത്ത്.
ഖൈദി 150 എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ഫാമിലി മാന്‍ പോലെയൊരു ചിത്രം ചെയ്യാന്‍ ചിരഞ്ജീവി തയാറായില്ല എന്ന് അശ്വനി ദത്ത് പറഞ്ഞു. കൊമേഴ്‌സ്യല്‍ സിനിമകളോടായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യമെന്നും രണ്ട് കുട്ടികളുടെ അച്ഛനാവുന്നതില്‍ ചിരഞ്ജീവിക്ക് ആശങ്കകളുണ്ടായിരുന്നുവെന്നും അശ്വനി ദത്ത് പറഞ്ഞു. മഹാ ഗോള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫാമിലി മാന്റെ സ്‌ക്രിപ്റ്റ് ഒരു സിനിമയായിട്ടാണ് ആദ്യം രാജും ഡി.കെയും ചിരഞ്ജീവിയോട് പറഞ്ഞത്. ഖൈദി 150 എന്ന അദ്ദേഹത്തിന്റെ ചിത്രം വലിയ വിജയമായി നില്‍ക്കുന്ന സമയത്താണ് ഇത് സംഭവിച്ചത്.
രണ്ട് കുട്ടികളുടെ അച്ഛനാവുന്നത് ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്നത് ചിരഞ്ജീവിയെ ആശങ്കപ്പെടുത്തി. അതുകൊണ്ട് കുട്ടികളുടെ കഥാപത്രത്തെ ഒഴിവാക്കി കഥ തിരുത്തി എഴുതാന്‍ പോലും രാജും ഡി.കെയും തയാറായി. എങ്കിലും ഒരു കൊമേഴ്‌സ്യല്‍ ഹിറ്റിന് ശേഷം ഫാമിലി മാന്‍ പോലെയൊരു ചിത്രം ചെയ്യാന്‍ ചിരഞ്ജീവിക്ക് സാധ്യമല്ലായിരുന്നു,’ അശ്വനി ദത്ത് പറഞ്ഞു.
രാജിന്റെയും ഡി.കെയുടെയും വേറിട്ട തിരക്കഥയും നരേഷന്‍ സ്റ്റൈലുമാണ് ഫാമിലി മാന്‍ സീരീസിനെ ഇന്ത്യന്‍ ഒ.ടി.ടിയിലെ ഏറ്റവും വലിയ ഹിറ്റാക്കി മാറ്റിയത്. ഫാമിലി മാന്‍ പോലെയൊരു പാത്ത്‌ബ്രേക്കിങ് സബ്‌ജെക്ട് ചിരഞ്ചീവി ചെയ്യുകയായിരുന്നെങ്കില്‍ അത് വലിയ വഴിത്തിരിവാകുമായിരുന്നു.
ബോലാ ശങ്കറാണ് ഒടുവില്‍ റിലീസ് ചെയ്ത ചിരഞ്ജീവിയുടെ ചിത്രം. അജിത്ത് ചിത്രം വേതാളത്തിന്റെ റീമേക്കായിരുന്നു ഇത്. മഹെര്‍ രമേശ് സംവിധാനം ചെയ്ത ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, തമന്ന, രശ്മി ഗൗതം, ശ്രീമുഖി, വെണ്ണല കിഷോര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Producer Ashwani Dutt says that Chiranjeevi was intially planned as the hero in family man