തമിഴ് സിനിമയില്‍ നിലവിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളറാണ് വിജയ്. ഓരോ സിനിമയും വിജയ് ആരാധകര്‍ ആഘോഷിക്കുന്നതുപോലെ മറ്റൊരു സിനിമയും ആഘോഷിക്കപ്പെടുന്നില്ല. 1992ല്‍ നാളെയെ തീര്‍പ്പ് എന്ന സിനിമയില്‍ ആരംഭിച്ച യാത്ര ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. സ്റ്റാര്‍ഡത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് വിജയ് രാഷ്ട്രീയപ്രഖ്യാപനം നടത്തിയത്. പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം.
വിജയ് അഭിനയിച്ച സിനിമകളില്‍ തനിക്ക് എക്കാലവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഗോട്ടിന്റെ നിര്‍മാതാവ് അര്‍ച്ചന കല്പാത്തി. 2004ല്‍ റിലീസായ ഗില്ലിയാണ് തനിക്ക് എല്ലാകാലവും ഇഷ്ടമുള്ള സിനിമയെന്ന് അര്‍ച്ചന പറഞ്ഞു. റീ റിലീസ് ചെയ്തപ്പോള്‍ പോലും ആളുകള്‍ ആ സിനിമയെ ആഘോഷമാക്കിയെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇന്ന് ഗില്ലി പോലൊരു സിനിമ സാധ്യമല്ലെന്ന് അര്‍ച്ചന പറഞ്ഞു. വിജയ്‌യുടെ ആ പ്രായത്തില്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച സിനിമയാണ് ഗില്ലിയെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രായത്തിന് അതുപോലെ ഒരു സിനിമ ചെയ്യാന്‍ പ്രയാസമാണെന്ന് അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. ഒരു സ്ഥലത്തും സ്ലോ ആകാതെ പോകുന്ന സിനിമയാണ് ഗില്ലിയെന്നും താന്‍ ഒരുദിവസം തന്നെ ഗില്ലിയുടെ നാല് ഷോ കണ്ടിട്ടുണ്ടെന്നും അര്‍ച്ചന പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അര്‍ച്ചന.
‘ഗില്ലി എന്ന സിനിമ എല്ലാവര്‍ക്കും ഒരു ഇമോഷനാണ്. റീ റിലീസ് ചെയ്തപ്പോള്‍ പോലും അതിനെ എല്ലാവരും ആഘോഷമാക്കി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിജയ് സിനിമയാണ് ഗില്ലി. എന്നാല്‍ ഇന്നത്തെ കാലത്ത് ഗില്ലി പോലൊരു സിനിമ ചെയ്യാന്‍ പറ്റില്ല. കാരണം, വിജയ് സാറിന്റെ അന്നത്തെ പ്രായത്തില്‍ ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച സിനിമയാണ് ഗില്ലി. ഇപ്പോള്‍ അത് പറ്റില്ല.
ഗില്ലിയുടെ റിലീസ് ദിവസം ഞാന്‍ നാല് ഷോയും കണ്ടിരുന്നു. അത്രമാത്രം എനിക്ക് ക്രേസാണ് ഗില്ലി. ഒരു സ്ഥലത്തും സ്ലോ ആകാതെ വളരെ ഫാസ്റ്റായി പോകുന്ന കഥയാണ്. പ്രകാശ് രാജ്, തൃഷ എന്നിവരുടെ പെര്‍ഫോമന്‍സും ഗംഭീരമാണ്. വിജയ്‌യുടെ സിനിമ റിലീസാകുന്ന ദിവസം ഞാന്‍ കോളേജിലേക്ക് പോകാറില്ല. എനിക്ക് അദ്ദേഹത്തോടുള്ള ക്രേസ് അത്രക്കുണ്ട്,’ അര്‍ച്ചന പറഞ്ഞു.
Content Highlight: Producer Archana Kalpathi about Ghilli movie and Vijay