മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാര്‍ മാറും എന്ന വിശ്വാസവും പ്രതീക്ഷയുമുള്ളതിനാലാണ് സിനിമ തിയേറ്ററുകളിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കുഞ്ഞാലി വരും. നിങ്ങള്‍ ഓരോരുത്തരും കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.ലാല്‍ സാറിന്റെയും പ്രിയദര്‍ശന്‍ സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നമുക്ക് നേരിടേണ്ടി വന്ന കൊവിഡ് എന്ന മഹാമാരി ആ സ്വപ്ന ചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടിക്കോണ്ടുപോയി.
അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തീയേറ്ററുകളിലേക്കു തന്നെയെത്താന്‍ പോവുകയാണ്. നിങ്ങളുടെ ആവേശത്തിനും കൈയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ഇടയിലേക്ക്, മരക്കാര്‍ ഈ വരുന്ന ഡിസംബര്‍ രണ്ടാം തീയ്യതി കടന്നുവരും,’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തില്‍ ഒപ്പം നിന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍, ആശീര്‍വാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തീയേറ്ററുകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവര്‍ക്കെല്ലാം നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞതില്‍ മരക്കാര്‍ ടീമിന് അതിയായ സന്തോഷമുണ്ടെന്ന് നടന്‍ മോഹന്‍ലാലും പറഞ്ഞിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്റ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി. കുരുവിള, റോയ് സി.ജെ. എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബദാമി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Producer Antony Perumbavoor with an emotional note following the announcement that Marakkar will be released in theaters.