| Sunday, 18th July 2021, 12:26 pm

ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കും; ആഗസ്റ്റ് രണ്ടാം വാരത്തോടെ ചിത്രീകരണം തെലങ്കാനയില്‍ നിന്ന് മാറ്റും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ആഗസ്റ്റ് രണ്ടാം വാരത്തോടെ സിനിമയുടെ ചിത്രീകരണം കേരളത്തിലേക്ക് മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. സിനിമാ ഷൂട്ടിങിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിന് പിന്നാലെയാണ് കേരളത്തില്‍ ചിത്രീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ജീത്തു ജോസഫ് ചിത്രം ട്വവല്‍ത് മാന്റെ ഷൂട്ടിങ് ആഗസ്റ്റ് അഞ്ചാം തിയതിയോടെ കേരളത്തില്‍ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ടും സിനിമകള്‍ക്ക് മാത്രം ചിത്രീകരണത്തിന് അനുമതി നല്‍കാതിരുന്നതിനെതിരെ ഫെഫ്ക രംഗത്തെത്തിയിരുന്നു.

ബ്രോ ഡാഡി ഉള്‍പ്പെടെ 7 പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് സംസ്ഥാനത്തിന് പുറത്തേക്ക് പോയതായി ചൂണ്ടിക്കാട്ടി
ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

സീരിയല്‍ ഷൂട്ടിങ് അനുവദിച്ചത് പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാകും സിനിമ ഷൂട്ടിങ്ങും അനുവദിക്കുക. ഒരു ഡോസെങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമാകും സെറ്റില്‍ പ്രവേശനം.

കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെയും നീക്കം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS :  Producer Antony Perumbavoor says that Bro Daddy will be shot in Kerala

We use cookies to give you the best possible experience. Learn more