| Thursday, 27th January 2022, 12:10 pm

ആന്റണിക്ക് വേഷം കൊടുക്കൂ എന്ന് ലാല്‍ സാര്‍ ഇന്ന് പറയാറുണ്ട്; ഞാന്‍ വന്നാല്‍ ഭാഗ്യമാണെന്ന കമന്റും കേട്ടിട്ടുണ്ട്: ആന്റണി പെരുമ്പാവൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിലുക്കം മുതല്‍ മോഹന്‍ലാല്‍ നായകനാകുന്ന സിനിമകളില്‍ ഒരു ചെറിയ റോളിലെങ്കിലും ആന്റണി പെരുമ്പാവൂര്‍ എത്താറുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബ്രോ ഡാഡിയില്‍ ഉള്‍പ്പടെ പേരുള്ളതും ഇല്ലാത്തതുമായ പല കഥാപാത്രങ്ങളേയും ആന്റണി പെരുമ്പാവൂര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമയിലെ നടനായി മാറിയതിനെ കുറിച്ച് പറയുകയാണ് മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍.

യാദൃച്ഛികമായാണ് പലപ്പോഴും ചെറിയ രംഗങ്ങളില്‍ മുഖം കാണിക്കുന്നതെന്നും ഓര്‍മ ശരിയാണെങ്കില്‍ കിലുക്കം സിനിമ മുതലാകും തുടക്കമെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

‘ അന്ന് പ്രിയദര്‍ശന്‍സാറുമായി സെറ്റില്‍ സംസാരിച്ചിരിക്കുമ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് ചെല്ലുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെതന്നെ സിനിമകളില്‍ ചെറിയ രംഗങ്ങളിലൂടെ വന്നുപോയി.

പിന്നീട് ലാല്‍സാര്‍ തന്നെ സെറ്റിലിരുന്ന് ചോദിക്കാന്‍ തുടങ്ങി ആന്റണിക്ക് വേഷമില്ലേ…, അഭിനയിക്കുന്നില്ലേ… എന്നെല്ലാം. അങ്ങനെ മറ്റു സിനിമകളിലും മുഖം കാണിച്ചു.

ആന്റണിക്ക് വേഷം കൊടുക്കൂ എന്ന് ലാല്‍ സാര്‍ ഇന്ന് പറയാറുണ്ട്. ആന്റണിവന്നാല്‍ ഭാഗ്യമാണ് എന്ന കമന്റ് ഞാനും കേട്ടിട്ടുണ്ട്. അതിലൊന്നും വിശ്വാസമില്ല,’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു

മോഹന്‍ലാല്‍ സിനിമകളുടെ കഥ തിരഞ്ഞെടുക്കുന്നത് താങ്കളാണെന്ന അടക്കം പറച്ചിലുണ്ടല്ലോ എന്താണ് അതിനെ കുറിച്ച് പറയാനുള്ളത് എന്ന ചോദ്യത്തിന് ‘ആന്റണി കഥകേള്‍ക്കുന്നു എന്നത് അന്‍പത് ശതമാനം ശരിയും, അന്‍പത് ശതമാനം തെറ്റുമാണെന്നുമായിരുന്നു’ ആന്റണി പെരുമ്പാവൂരിന്റെ മറുപടി.

‘ആശീര്‍വാദ് നിര്‍മിക്കുന്ന സിനിമകളുടെ കഥകളെല്ലാം ഞാനും ലാല്‍സാറും ചേര്‍ന്നാണ് കേള്‍ക്കുന്നതും സ്വീകരിക്കുന്നതും. ആ കഥകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഞാനും പങ്കാളിയാകാറുണ്ട്. മറ്റ് നിര്‍മാതാക്കള്‍ ഒരുക്കുന്ന സിനിമകളുടെ കഥകള്‍ ലാല്‍സാര്‍ തന്നെയാണ് കേള്‍ക്കുന്നത്. അത്തരം ചര്‍ച്ചകളില്‍ ഞാനിരിക്കാറില്ല. അതിനുകാരണം, എതെങ്കിലും തരത്തില്‍ ആ സിനിമ നടക്കാതെ പോയാല്‍ എനിക്കിഷ്ടപ്പെടാത്തതിന്റെ പേരിലാണ് അങ്ങനെ സംഭവിച്ചതെന്ന് പറയരുതല്ലോ.

സൗഹൃദവലയത്തിലും പരിചയത്തിലും ഉള്ളവര്‍ നിര്‍ബന്ധിക്കുന്ന ചില സാഹചര്യങ്ങളില്‍ കഥകേള്‍ക്കാന്‍ ഇരിക്കേണ്ടിവരാറുണ്ട്. കഥകേട്ടാല്‍ അഭിപ്രായം പറയാന്‍ മടികാണിക്കാത്ത ആളാണ് ഞാന്‍. അതുകൊണ്ട് കഴിയുന്നതും എന്നെ അത്തരം ചര്‍ച്ചയില്‍ ഇരുത്തരുതെന്ന് നിര്‍ബന്ധിക്കുന്നവരോടെല്ലാം ഞാന്‍ ആദ്യമേ പറയാറുണ്ട്,’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ലാല്‍സാര്‍ ഒരു സ്വപ്നസിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് ചെയ്യാം ആന്റണി എന്ന് പറയുമ്പോള്‍ തനിക്ക് മറ്റൊന്നും ആലോചിക്കാനില്ലെന്നും ബജറ്റെല്ലാം രണ്ടാമതേ മനസ്സിലേക്കെത്തുന്നുള്ളൂവെന്നും ആന്റണി പെരുമ്പാവൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മുപ്പതോളം സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. അതില്‍ പൂര്‍ണമായി സന്തോഷം ലഭിക്കാത്ത സിനിമകളുമുണ്ടായിട്ടുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ ഒപ്പം പ്രവര്‍ത്തിച്ചവരോട് പരിഭവമോ, പിണക്കമോ ഇല്ല.

ചില ശ്രമങ്ങള്‍ വേണ്ട രീതിയില്‍ ഫലം കിട്ടില്ല എന്നുമാത്രം. ലാല്‍സാറിനൊപ്പം വര്‍ഷങ്ങളായി സഞ്ചരിക്കുന്നതുകൊണ്ടാകണം വിജയങ്ങള്‍ മാത്രമല്ല മറ്റവസ്ഥകളും എങ്ങനെ തരണം ചെയ്യണമെന്ന് മനസ്സിലാക്കിയിട്ടുണ്ട്. സിനിമകള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെവന്ന സാഹചര്യത്തിലെല്ലാം സങ്കടമുണ്ടായി എന്നത് സത്യമാണ്, ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Content Highlight: Producer Antony perumbavoor About His Acting Career

We use cookies to give you the best possible experience. Learn more