| Monday, 23rd October 2017, 7:55 am

നോട്ടുനിരോധനം കൊണ്ട് തീരില്ല; പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദഹേജ്: മോദി സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളായിരുന്നു നോട്ടുനിരോധനവും ജി.എസ്.ടിയും. എന്നാല്‍ രണ്ടും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ ഗുണമുണ്ടാക്കിയില്ലെന്നതിനു പുറമേ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ തുടരുമെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി.


Also Read: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയ കുട്ടി മരിച്ചു; അധ്യാപികമാര്‍ മാനസികമായി പീഡിപ്പിച്ചെന്ന് പിതാവ്


ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് മോദി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച “പ്രധാനപ്പെട്ട തീരുമാനങ്ങള്‍” ഇനിയും പ്രതീക്ഷിക്കാമെന്ന് പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളും സാമ്പത്തിക വിദഗ്ദരും രാജ്യം സാമ്പത്തികമായി പ്രതിസന്ധി നേരിടുകയാണെന്ന വിമര്‍ശനം ഉന്നയിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം ശരിയായ ദിശയിലാണെന്നും മോദി അഭിപ്രായപ്പെട്ടു.

“എല്ലാ പരിഷ്‌കാരങ്ങള്‍ക്കും കനത്ത തീരുമാനങ്ങള്‍ക്കും ശേഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ നേരായ പാതയിലാണ്. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് ഒട്ടേറെ സാമ്പത്തിക വിദഗ്ധര്‍ തന്നെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്തിടെ പുറത്തു വന്ന കണക്കുകള്‍ പ്രകാരം കല്‍ക്കരി, വൈദ്യുതി, പ്രകൃതിവാതകം തുടങ്ങിയവയുടെ ഉല്‍പാദനത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.”

“വിദേശ കമ്പനികള്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് തോതിലാണു നിക്ഷേപം നടത്തുന്നത്. 30,000 കോടി ഡോളറില്‍ നിന്ന് ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 40,000 കോടി ഡോളറിലെത്തിയിരിക്കുന്നു. സാമ്പത്തിക പരിഷ്‌കാരം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളാണ് ഇതുവരെയെടുത്തത്. അതു തുടരുകയും ചെയ്യും.” മോദി പറഞ്ഞു.


Dont Miss: ‘വെല്‍ഡണ്‍ മെരസല്‍’; വിജയ് ചിത്രം മെരസലിനു പിന്തുണയുമായി രജനീകാന്ത്


രാജ്യത്ത് നടപ്പിലാക്കിയ ജി.എസ്.ടി ഫലപ്രദമാണെന്നും ഇതിലൂടെ ചരക്കുനീക്കം സുഗമമായെന്നും പറഞ്ഞ മോദി ചെക്‌പോസ്റ്റുകളില്‍ അഴിമതി ഇല്ലാതായെന്നും. ചെക്‌പോസ്റ്റു വഴി ചരക്കുകള്‍ കടക്കാന്‍ സഹായം നല്‍കിയവര്‍ അവരുടെ ബിസിനസ് നഷ്ടമായതിന്റെ പേരിലാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും ആരോപിച്ചു.

പരിഷ്‌കാരപാതയിലേക്കു മാറുന്നതിനോടൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുമെന്നും രാജ്യത്തു നിക്ഷേപം കൂട്ടാനും സാമ്പത്തിക വികസനത്തിനും സാധ്യമായതെല്ലാം ചെയ്യുമെന്നും മോദി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more