| Wednesday, 28th August 2019, 7:52 am

കശ്മീരില്‍ തടവിലിട്ടിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാന്‍ നടപടി തുടങ്ങി; മോചനം ഘട്ടം ഘട്ടമായി; മെഹ്ബൂബയും ഒമറും ഉടനെയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ദിവസങ്ങളായി തടവില്‍വെച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, പി.ഡി.പി തുടങ്ങിയ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നായി 173 നേതാക്കളെയാണു മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടങ്ങളായിട്ടാണ് മോചനം നടക്കുക.

ഇതിനായി ആദ്യഘട്ടത്തില്‍ മോചിപ്പിക്കേണ്ട നേതാക്കളുടെ പേരുകള്‍ തീരുമാനിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീര്‍ പൊലീസിനു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ക്രമസമാധാന നിലയ്ക്കു താരതമ്യേന ഏറ്റവും കുറവ് ഭീഷണി ഉയര്‍ത്തുന്നവര്‍ക്കാവും ആദ്യം മോചനമുണ്ടാവുക.

പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവും പി.ഡി.പി-ബി.ജെ.പി മന്ത്രിസഭയിലെ അംഗവുമായിരുന്ന ഇമ്രാന്‍ അന്‍സാരിയാണ് ആദ്യം മോചിപ്പിക്കപ്പെടുകയെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായ സാഹചര്യത്തിലാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷിയാ പുരോഹിതന്‍ കൂടിയാണ് അന്‍സാരി. വരും ദിവസങ്ങളില്‍ കൂടുതല്‍ ഷിയാ പുരോഹിതരുമായി ബന്ധപ്പെട്ട് പൊലീസ് സമാധാനം ഉറപ്പുവരുത്തും. അടുത്തയാഴ്ച മുഹറവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിക്കാന്‍ ഇരിക്കെയാണിത്.

രോഗികളും വൃദ്ധരുമായ രാഷ്ട്രീയ നേതാക്കള്‍ക്കാണ് മോചനത്തിനു മുന്‍ഗണന നല്‍കുകയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മന്ത്രിയുമായ അലി മുഹമ്മദ് സാഗര്‍, പി.ഡി.പി നേതാവും മുന്‍ മന്ത്രിയുമായ നയീം അക്തര്‍ എന്നിവരും ആദ്യഘട്ടത്തില്‍ മോചിപ്പിക്കപ്പെടും.

എന്തായാലും മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കപ്പെടില്ല. പ്രതിഷേധങ്ങള്‍ ഭയന്നാണ് പൊലീസ് ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെക്കുറിച്ച് ഇപ്പോഴും അധികൃതര്‍ ഒന്നും പുറത്തുപറഞ്ഞിട്ടില്ല.

നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് 70, പി.ഡി.പിയില്‍ നിന്ന് 79, പീപ്പിള്‍സ് കോണ്‍ഫറന്‍സില്‍ നിന്ന് 12, കോണ്‍ഗ്രസില്‍ നിന്ന് 12, എന്നിങ്ങനെയാണ് മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവരുടെ കണക്ക്.

എന്നാല്‍ ഇതിലുമധികം രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയുമാണ് തടവിലാക്കിയിരിക്കുന്നത്. മുപ്പതോളം പേര്‍ സെന്റോര്‍ ഹോട്ടലിലാണ് തടവില്‍ക്കഴിയുന്നത്. ചിലര്‍ സബ് ജയിലുകളിലും, ചിലര്‍ വീടുകളിലും.

അതിനിടെ 12 പൊലീസ് സ്റ്റേഷന്‍ പരിധികളിലെ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായ 23-ാം ദിവസവും കശ്മീരില്‍ ജനജീവിതം സ്തംഭിക്കുന്ന കാഴ്ചയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടഞ്ഞുതന്നെ കിടക്കുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

We use cookies to give you the best possible experience. Learn more