| Tuesday, 2nd July 2024, 8:49 am

സമരം ശക്തമാക്കും; പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: തിങ്കളാഴ്ച നിലവിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ പ്രതിഷേധിച്ച് അഭിഭാഷകർ. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ സംസ്ഥാന ബാർ കൗൺസിൽ നടത്തിയ പ്രതിഷേധ ആഹ്വാനത്തിൽ കൽക്കട്ട ഹൈക്കോടതിയിലെയും പശ്ചിമ ബംഗാളിലെ ജില്ലാ കോടതികളിലെയും ഒരു വിഭാഗം അഭിഭാഷകരാണ് ജോലി ബഹിഷ്കരിച്ചത്.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി അടുപ്പമുള്ള വലിയൊരു വിഭാഗം അഭിഭാഷകരാണ് കൽക്കട്ട ഹൈക്കോടതിയിൽ പ്രതിഷേധം നടത്തിയത്. ഇതിനെ തുടർന്ന് കോടതി നടപടികൾ തടസപ്പെട്ടു.

വേണ്ടത്ര ചർച്ച നടത്താതെ കൊണ്ട് വന്ന പുതിയ ക്രിമിനൽ നിയമകൾ ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു പ്രതിഷേധം.

പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ് സംഹിത (ബി.എൻ.എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബി.എസ്.എ) എന്നിവ യഥാക്രമം ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി), ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായി ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്.

പ്രതിഷേധത്തെ തുടർന്ന് നിരവധി അഭിഭാഷകർ അവരുടെ കേസുകളിൽ വാദം കേൾക്കുമ്പോൾ ഹാജരാകാത്തതിനാൽ ഹൈക്കോടതിയിൽ പല കേസുകളിലും നടപടികൾ നടത്താൻ കഴിഞ്ഞില്ല. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിക്കേണ്ട അഭിഭാഷകൻ ഹാജരാകാതിരുന്നതിനാൽ സംസ്ഥാന സർക്കാർ കക്ഷിയായ ചില കേസുകളിലും വാദം കേൾക്കാനായില്ല.

ഇപ്പോൾ നടക്കുന്നത് പ്രതീകാത്മക പ്രതിഷേധമാണെന്നും പുതിയ മൂന്ന് നിയമങ്ങൾക്കെതിരെ വരും ദിവസങ്ങളിലും സമരം തുടരുമെന്നും അഭിഭാഷകർ വ്യക്തമാക്കി.

Content Highlight: Proceedings hampered at Calcutta HC as lawyers close to TMC protest against criminal laws

We use cookies to give you the best possible experience. Learn more