| Monday, 31st August 2020, 10:20 pm

കൊവിഡിനും കടലിനുമിടയില്‍ പെട്ടുപോയവര്‍

ഷഫീഖ് താമരശ്ശേരി

കേരളത്തിലെ മത്സ്യബന്ധനരംഗം നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ സമീപ കാലത്ത് ഏറെ തവണ ചര്‍ച്ചയായതാണ്. ആഗോള താപനം പോലുള്ള പ്രകൃതിപ്രതിഭാസങ്ങള്‍, കടലിലെ മത്സ്യസമ്പത്തിന്റെ സ്വാഭാവിക ശോഷണം, തുടര്‍ച്ചയായി സംഭവിക്കുന്ന കടല്‍ക്ഷോഭവും കൊടുങ്കാറ്റും, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനം ഇങ്ങനെ തുടങ്ങി പലവിധങ്ങളായ പ്രതിസന്ധികളോട് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ കേരളത്തിലെ മത്സ്യബന്ധനരംഗം ഒന്നടങ്കം പ്രയാസത്തിലകപ്പെട്ടിരിക്കുന്നതിനിടയിലാണ് കൊവിഡ് പ്രതിസന്ധികള്‍ കൂടി കടന്നുവരുന്നത്.

2020 മാര്‍ച്ച് 24 ന് രാജ്യത്ത് അപ്രതീക്ഷിത ലോക്ഡൗണ്‍ കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ ആഴ്ചകളോളം കടലില്‍ പോകാന്‍ സാധിക്കാതായ മത്സ്യത്തൊഴിലാളികള്‍ ജീവിതം മുന്നോട്ടുനീക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ ചെന്നെത്തുകയായിരുന്നു. പിന്നീട് മത്സ്യബന്ധനത്തിന് വഴികള്‍ തുറന്നെങ്കിലും കേരളത്തില്‍ നിന്നുള്ള മീനുകളുടെ കയറ്റുമതി നിലച്ചതും പൊതുമാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം വലിയ രീതിയില്‍ ഇല്ലാതായതുമെല്ലാം കാരണം വിപണിയില്‍ മത്സ്യത്തിന്റെ വില കുറഞ്ഞത് വഴി, തങ്ങളുടെ അധ്വാനത്തിനും ചിലവിനും ആനുപാതികമായ വരുമാനം ലഭിക്കാത്ത സ്ഥിതി്‌യിലാണ് ഇന്ന് മത്സ്യത്തൊഴിലാളികള്‍ കഴിയുന്നത്.

സന്നദ്ധ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും വഴി ഭക്ഷ്യവിതരണമടക്കമുള്ള സഹായങ്ങള്‍ ലഭിച്ചതിനാലായിരുന്നു മിക്ക കുടുംബങ്ങളും പട്ടിണി കൂടാതെ കഴിഞ്ഞുപോന്നിരുന്നത്. എന്നാല്‍ തീരമേഖലകളിലെ കൊവിഡ് വ്യാപനം ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലായതിനാലും തീരമേഖലകളിലെ ജനവാസപ്രദേശങ്ങളില്‍ മിക്കതും കൊവിഡ് ക്ലസ്റ്ററുകളായി മാറിയതിനാലും നിലവില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളും മിക്കയിടങ്ങളിലും നിലച്ചിരിക്കുകയാണ്. ഇതുകാരണം അനേകം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണി അനുഭവിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

‘ലോക് ഡൗണോടു കൂടി ഞങ്ങള്‍ക്ക് പണിയില്ലാതായെങ്കിലും റേഷന്‍ വഴിയും അല്ലാതെയും അരിയും മറ്റ് അത്യാവശ്യ സാധനങ്ങളും ലഭിച്ചിരുന്നതിനാല്‍ പട്ടിണിയില്ലാതെ നില്‍ക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. എന്റെ വീടൊക്കെ ഇപ്പോള്‍ കണ്ടയിന്‍മെന്റ് സോണിലാണ്. എനിക്ക് വീട്ടിലേക്ക് പോകാന്‍ സാധിക്കാതായിട്ട് ദിവസങ്ങളായി. കൊവിഡ് ഭയന്ന് സഹായവിതരണങ്ങള്‍ക്കായി പൊതുവെ ആളുകള്‍ ഇവിടേക്ക് വരാത്ത സ്ഥിതിയാണുള്ളത്. പല വീടുകളുടെയും അവസ്ഥ വളരെ മോശമാണ്. കടലില്‍ പണിക്ക് പോയിട്ടും ആര്‍ക്കും വലിയ പ്രയോജനമൊന്നും കിട്ടുന്നില്ല. സര്‍ക്കാര്‍ ഇനിയെങ്കിലും അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ദുഖകരമായ വാര്‍ത്തകളായിരിക്കും മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ നിന്നും വരും ദിവസങ്ങളില്‍ പുറത്തുവരിക’. കോഴിക്കോട് കോതിപ്പാലം സ്വദേശിയായ മത്സ്യബന്ധനത്തൊഴിലാളി ലത്തീഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്ക് മറ്റെല്ലാ തൊഴില്‍മേഖലയിലും ഉള്ള ആളുകളെ പോലെ നിശ്ചിതമായ കൂലി ലഭിക്കില്ല എന്നതാണ് സുപ്രധാനമായ കാര്യം. തൊഴിലാളികള്‍ ഒരു സംഘമായി മത്സ്യബന്ധനം നടത്തി കിട്ടുന്ന മത്സ്യത്തിന്റെ ഒരു ഓഹരിയാണ് കൂലി. ഒരു യാത്രയില്‍ കിട്ടുന്ന മീനിന്റെ വിലയില്‍ നിന്ന് ആദ്യം ആ യാത്രക്ക് മൊത്തം ചെലവായ തുക കുറയ്ക്കും.് ചെലവുകഴിച്ച് ബാക്കിയുള്ള മീന്‍ ബോട്ടുടമക്ക് 60 ശതമാനവും തൊഴിലാളികള്‍ക്ക് 40 ശതമാനവുമായി വീതിക്കുന്നതാണ് ഇന്നും കടലോരത്തെ രീതി. ഇതില്‍ ഡീസല്‍, ഭക്ഷണ ചെലവുകള്‍ തുടങ്ങിയവ ഒത്തു പോകാന്‍ പോലും മീന്‍ കിട്ടാതെ വരുന്നു എന്നതാണ് കടലോര മേഖലയിലെ ഇപ്പോഴത്തെ അവസ്ഥ.

കഴിഞ്ഞ കുറെയധികം വര്‍ഷങ്ങളായി കടലിന്റെയും മത്സ്യസമ്പത്തിന്റെയും സ്വഭാവസവിശേഷതകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കടലോര ജീവിതങ്ങളെ കടലമ്മ കനിഞ്ഞിരുന്ന ആ പഴയ കാലമൊക്കെ കേവലം ഓര്‍മകളില്‍ മാത്രമായിരിക്കുന്നു. കടല്‍ജലത്തിന്റെ ആഗോള ഊഷ്മാവ് വര്‍ദ്ധിക്കുന്നതും ശക്തമായ മലിനീകരണവും മത്സ്യബന്ധനരംഗത്തെ അശാസ്ത്രീയമായ സാങ്കേതിക വിദ്യകളുടെ പ്രയോഗങ്ങളും എല്ലാം കാരണം മത്സ്യസമ്പത്ത് വലിയ രീതിയില്‍ കുറയുന്നതായി പഠനങ്ങളുണ്ട്.

‘ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഞാന്‍ ഉപ്പയുടെ കൂടെ കടലില്‍ പോയിത്തുടങ്ങിയിട്ടുണ്ട്. അന്നൊക്കെ ഓരോ തവണ കടലില്‍ പോകുമ്പോഴും ഓരോ തരം അനുഭവങ്ങളായിരുന്നു. വലിയ സന്തോഷത്തോടെ വള്ളം നിറയെ മത്സ്യങ്ങളുമായായിരുന്നു അന്നൊക്കെ കടലില്‍ നിന്ന് തിരികെ വരിക. ഒരുപാട് ഇനം വൈവിധ്യങ്ങളായ മത്സ്യങ്ങളെ അന്ന് കടലില്‍ നിന്ന് കിട്ടുമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. പല ദിവസങ്ങളും മീന്‍ കിട്ടാതെ തിരിച്ചുവരേണ്ടി വന്നിട്ടുണ്ട്.’ ബേപ്പൂര്‍ സ്വദേശിയായ നാസര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇത്തരത്തില്‍ നിരവധിയായ പ്രതിസന്ധികളോട് പോരാടി ജീവിതം നിലനിര്‍ത്തുന്നതിനിടയിലേക്കാണ് കൊവിഡ് മൂലമുള്ള പ്രതിസന്ധികള്‍ കൂടി മത്സ്യബന്ധനരംഗത്തെ ബാധിക്കുന്നത്. ഉപജീവനമാര്‍ഗങ്ങളില്ലാതെ പ്രയാസത്തിലായിരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേകപാക്കേജുകള്‍ സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്നാണ് മത്സ്യബന്ധനമേഖലയില്‍ നിന്നുയരുന്ന സുപ്രധാന ആവശ്യം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Problems of Fishermen during covid period
ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more