|

കുഴല്‍പ്പണക്കേസിനും കോഴയ്ക്കും പിന്നാലെ ആനന്ദബോസ് റിപ്പോര്‍ട്ടും; സംസ്ഥാന ബി.ജെ.പിയില്‍ പോര് മുറുകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാന ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കൊടകര കുഴല്‍പ്പണക്കേസും സി.കെ. ജാനു – കെ. സുന്ദര വിവാദങ്ങളും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വിഷമത്തിലാക്കിയതിന് പിന്നാലെ സി.വി. ആനന്ദബോസ് റിപ്പോര്‍ട്ട് കൂടി വന്നതോടെ സംസ്ഥാന നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍. കെ. സുരേന്ദ്രന്‍ – വി. മുരളീധരന്‍ പക്ഷത്തിനുമെതിരെ പി.കെ. കൃഷ്ണദാസ് – ശോഭ സുരേന്ദ്രന്‍ പക്ഷം ശക്തമായി രംഗത്തുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കേരളത്തിലെ ബി.ജെ.പിയെ കുറിച്ച് പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ പഠിച്ചു നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെ ബി.ജെ.പിയില്‍ തര്‍ക്കങ്ങള്‍ പുകയുകയാണ്. റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന നേതൃത്വം രംഗത്തുവന്നതും റിപ്പോര്‍ട്ട് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണവും ഇത് തള്ളിക്കൊണ്ട് സി.വി. ആനന്ദബോസ് രംഗത്തുവന്നതുമാണ് പാര്‍ട്ടിയുടെ നിലവിലെ സ്ഥിതി കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാക്കിയത്.

കേരള ബി.ജെ.പിയെ കുറിച്ചുള്ള സി.വി. ആനന്ദ ബോസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഏറ്റവും പുതിയ വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും സംസ്ഥാന ബി.ജെ.പിയെ കുറിച്ച് നേരിട്ട് പഠിക്കാന്‍ സി.വി. ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരന്‍ എന്നിവരെ നിയോഗിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സി.വി. ആനന്ദബോസിനെ കൂടാതെ ജേക്കബ് തോമസും റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സി.വി. ആനന്ദബോസിന്റെ റിപ്പോര്‍ട്ടില്‍ സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നതിലടക്കം പ്രാദേശിക-സംസ്ഥാന നേതാക്കള്‍ക്കുള്ള അഭിപ്രായങ്ങളും പരാതികളും പ്രതിപാദിച്ചിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

ഈ സ്വതന്ത്ര റിപ്പോര്‍ട്ടിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരനും കെ. സുരേന്ദ്രനും രംഗത്തെത്തി. സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ അവലോകന പഠനം നടത്തിയതില്‍ ഇരുവരുടെയും നേതൃത്വത്തിലുള്ള പക്ഷം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു.

തര്‍ക്കം രൂക്ഷമായതോടെ കേരളത്തിലെ ബി.ജെ.പിയുടെ വിഷയങ്ങള്‍ പഠിക്കാന്‍ ഒരു സമിതിയെയും വെച്ചിട്ടില്ലെന്നി ബി.ജെ.പി കേന്ദ്രനേതൃത്വം പ്രസ്താവിച്ചു. സി.വി. ആനന്ദബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരന്‍ തുടങ്ങിയവരെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ നിയോഗിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നായിരുന്നു പാര്‍ട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞത്.

കുഴല്‍പ്പണ ഇടപാട്, മഞ്ചേശ്വരം, സി.കെ. ജാനു വിവാദങ്ങളില്‍ പെട്ടു കിടക്കുന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ദേശീയ നേതൃത്വം തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബി.ജെ.പിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും തടിയൂരാമെന്ന് സംസ്ഥാന നേതൃത്വം കരുതി. എന്നാല്‍ അവലോകന പഠനം നടത്താനാവശ്യപ്പെട്ടിട്ടില്ലെന്ന കേന്ദ്രനേതൃത്വത്തിന്റെ വാദത്തെ തള്ളി സി.വി. ആനന്ദബോസ് രംഗത്തെത്തി.

കേരളത്തിലെ ബി.ജെ.പിയെക്കുറിച്ച് താന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സി.വി. ആനന്ദബോസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ദ ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു സി.വി. ആനന്ദബോസിന്റെ പ്രതികരണം. അതേസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ആനന്ദ ബോസ് അവകാശപ്പെടുന്ന മോദിയും അമിത് ഷായും വിഷയത്തില്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

നിലവില്‍ കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിന് സംസ്ഥാന നേതാക്കള്‍ക്ക് നേരെ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശോഭ സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ് എന്നിവരുമായി നേരത്തെ തന്നെയുണ്ടായിരുന്ന തര്‍ക്കങ്ങള്‍ രൂക്ഷമായതും സുരേന്ദ്രന്‍ പക്ഷത്തെ വലയ്ക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Problems in state BJP due to  Kodakara Hawala case, C K Janu, K Sundhara and C V Anads Bose report