സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനത്തെ തുറമുഖങ്ങളില്‍ നടക്കുന്ന ലേലം തടയാനും രാസവസ്തു കലര്‍ത്തിയ മത്സ്യം വിപണയില്‍ എത്തുന്നതു തടയാനുമായി ഇക്കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. കേരളത്തിലെ മത്സ്യത്തൊഴിലാളികകള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ തടയുക എന്ന് പ്രഖ്യാപിച്ച് കൊണ്ടുവന്ന മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ഓര്‍ഡിനന്‍സിനു സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. 2020 ജൂണ്‍ ആദ്യവാരമാണ് ഈ ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ ഓര്‍ഡിനന്‍സിനെതിരെ നിരവധി മത്സ്യത്തൊഴിലാളി സംഘടനകള്‍ തന്നെ രംഗത്തെത്തിയതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന പ്രസ്തുത ഓര്‍ഡിനന്‍സ് മറ്റൊരു ചൂഷകവര്‍ഗ്ഗത്തെ സൃഷ്ടിക്കുമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.
എവിടെ നിന്ന് മത്സ്യബന്ധനത്തിന് പോകണമെന്നും ഏത് തീരത്ത് യാനങ്ങള്‍ അടുപ്പിക്കണമെന്ന തൊഴിലാളികളുടെ അടിസ്ഥാന അവകാശത്തെ ഹനിക്കുന്നതാണ് ഓര്‍ഡിനന്‍സ് എന്നാണ് തൊഴിലാളി പക്ഷം.
നിശ്ചിത കേന്ദ്രങ്ങളില്‍ മാത്രമേ യാനങ്ങള്‍ അടുപ്പിക്കുവാനും മത്സ്യം വില്‍ക്കുവാനുമാകു
ഓര്‍ഡിനന്‍സ് പ്രകാരം ഓരോ ജില്ലയിലും മത്സ്യവില നിശ്ചയിക്കാന്‍ പ്രത്യേക സംവിധാനം നിലവില്‍ വരും. ആദ്യവും അവസാനവും എത്തുന്ന യാനങ്ങള്‍ക്ക് ഒരേ വില ലഭിക്കും. ലേലക്കാരന്‍ ആരായിരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ശതമാനത്തില്‍ കൂടുതല്‍ നഷ്ടം ഉണ്ടാകില്ല. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 2 മാസം തടവോ ഒരു ലക്ഷം രൂപ പിഴയോ നല്‍കേണ്ടി വരും. ഇതാവര്‍ത്തിച്ചാല്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ ഉറപ്പുവരുത്തുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്.
-നിശ്ചിത കേന്ദ്രങ്ങളില്‍ മാത്രമേ യാനങ്ങള്‍ അടുപ്പിക്കുവാനും മത്സ്യം വില്‍ക്കുവാനുമാകു.
-ഓരോ ജില്ലയിലും മത്സ്യവില നിശ്ചയിക്കാന്‍ പ്രത്യേക സംവിധാനം.
-തീരത്ത് ആദ്യമെത്തുന്ന യാനത്തിനും അവസാനമെത്തുന്നവയ്ക്കും ഒരേ വില ലഭിക്കും.
-ലേലാവകാശം ആരെ എല്‍പ്പിക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം.
-ഓര്‍ഡിനന്‍സിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 2 മാസം തടവോ ഒരു ലക്ഷം രൂപ പിഴയോ ഏര്‍പ്പെടുത്തും.
എന്നാല്‍ ഓര്‍ഡിനന്‍സിലെ പ്രധാന ആശങ്ക ഇതൊന്നുമല്ല. നിലവില്‍ സംസ്ഥാനത്തെ 228 മത്സ്യഗ്രാമങ്ങളും മീന്‍പിടിത്ത തുറമുഖങ്ങളും മാത്രമാണ് സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ളത്.
മറ്റുള്ളവയില്‍ പരമ്പരാഗത രീതിയിലാണ് തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത്. അതുകൊണ്ടു തന്നെ ഓര്‍ഡിനന്‍സ് നിലവില്‍ വരുമ്പോള്‍ ഇവിടങ്ങളിലെ മത്സ്യബന്ധനം നിയമവിരുദ്ധമാകുമോ എന്നതാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആശങ്ക.
മത്സ്യത്തൊഴിലാളികളെ ചൂഷകരില്‍ നിന്നും സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സ്; സര്‍ക്കാര്‍ വാദങ്ങള്‍ ഇങ്ങനെ…
മത്സ്യബന്ധന മേഖലയിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിച്ച് മീനിന്റെ ആദ്യ വില്‍പനാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുകയാണ് മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും’ ഓര്‍ഡിനന്‍സിന്റെ മുഖ്യ ലക്ഷ്യമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ലേലക്കാര്‍, തരകന്മാര്‍, കമ്മിഷന്‍ ഏജന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മീന്‍പിടിത്ത തുറമുഖങ്ങളിലും കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളിലും നടക്കുന്ന ലേലം വഴിയാണ്, തൊഴിലാളി പിടിച്ചുകൊണ്ടുവരുന്ന മീനിന്റെ വില ഇപ്പോള്‍ നിശ്ചയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മീന്‍പിടിച്ച് കരയ്ക്കടുപ്പിക്കുന്ന തൊഴിലാളികള്‍ക്കൊ, ബോട്ടുടമകള്‍ക്കോ ഇതില്‍ സ്വാധീനമോ നിയന്ത്രണമോ ചെലുത്താനാകില്ല. ലേലക്കാരും ഏജന്റുമാരുടെയും ഒത്തുകളിയില്‍ ഒരേ മത്സ്യത്തിനു ദിവസത്തിന്റെ തുടക്കത്തില്‍ ലഭിക്കുന്ന വില പിന്നീടുള്ള സമയങ്ങളില്‍ കിട്ടാതാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. യാനങ്ങളുടെ ഉടമകളില്‍നിന്നും മത്സ്യത്തൊഴിലാളികളില്‍നിന്നും ലേല കമ്മിഷന്‍ ഇനത്തില്‍ ഇടനിലക്കാര്‍ ഈടാക്കുന്നത് 5% മുതല്‍ 15% വരെ തുകയാണ്. മൊത്തക്കച്ചവടക്കാരും കമ്മിഷന്‍ ഏജന്റുമാരും ചേര്‍ന്ന് ലേലക്കിഴിവ് എന്ന പേരില്‍ 15% വരെ തുക ഈടാക്കുന്ന രീതിയുമുണ്ട്. നിലവില്‍ മീനിന്റെ വിപണിവിലയുടെ 70% തൊഴിലാളികളല്ലാത്ത മറ്റു പലര്‍ക്കുമായി വിഭജിക്കപ്പെടുന്നു. ഇത്തരം ചോര്‍ച്ച കുറച്ച് തൊഴിലാളിക്കു കൂടുതല്‍ വരുമാനം ഉറപ്പുവരുത്താന്‍ ഓര്‍ഡിനന്‍സ് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ലേല കമ്മിഷനായി പരമാവധി 5% തുകയേ ഈടാക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ നിശ്ചയിക്കുന്നതില്‍ കൂടുതല്‍ തുക ഈടാക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. ലേല കമ്മിഷന്‍ അല്ലാതെ മറ്റൊരു തുകയും തൊഴിലാളികളില്‍ നിന്ന് ഈടാക്കാന്‍ പാടില്ല. പരമാവധി ലേല കമ്മിഷന്‍ തുകയായി നിശ്ചയിച്ചിരിക്കുന്ന 5 ശതമാനത്തില്‍ 1% തുകയ്‌ക്കേ ലേലക്കാരന് അര്‍ഹതയുള്ളുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മത്സ്യമേഖലയിലെ തൊഴിലാളി സംഘടനകളുമായും യാനം ഉടമകളുമായി ജില്ലാതലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കും ശില്പശാലയ്ക്കും ശേഷമാണ് നിയമം അന്തിമരൂപത്തിലാക്കിയതെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധി വര്‍ധിപ്പിക്കും
പ്രസ്തുത ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുമെന്നാണ് ആര്‍.എസ്.പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍ പറയുന്നത്. മനോരമ ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തിലാണ് ഓര്‍ഡിനന്‍സിനെതിരെ അദ്ദേഹം രംഗത്തെത്തിയത്.
ഓര്‍ഡിനന്‍സിന്റെ മൂന്നാം വകുപ്പ് പ്രകാരം സംസ്ഥാനത്തെ 228 മത്സ്യഗ്രാമങ്ങളില്‍ മീന്‍പിടിത്ത തുറമുഖങ്ങളും ചില ഫിഷ് ലാന്‍ഡിങ് സെന്ററുകളും മാത്രമാണു സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ളത്.
മറ്റെല്ലാ ഗ്രാമങ്ങളിലും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തലമുറകളായി മീന്‍പിടിത്തം നടത്തുന്നു. ഈ ഓര്‍ഡിനന്‍സോടെ, ഇത്തരം മീന്‍പിടിത്തം നിയമവിരുദ്ധമായി മാറുകയും ഈ തൊഴിലാളികള്‍ ശിക്ഷിക്കപ്പെടാവുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഓര്‍ഡിനന്‍സിലെ 4-ാം വകുപ്പില്‍ ലേലത്തുകയുടെ 5% സര്‍ക്കാരിനു വസൂലാക്കാമെന്നും ഈ തുക ലേലക്കാരന്‍, മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം, തദ്ദേശ സ്ഥാപനം, ഫിഷ് ലാന്‍ഡിങ് സെന്റര്‍/ഹാര്‍ബര്‍/ഫിഷ് മാര്‍ക്കറ്റ്, മാനേജ്‌മെന്റ് സൊസൈറ്റി, സര്‍ക്കാര്‍ എന്നിവര്‍ക്കായി വിഭജിക്കപ്പെടുമെന്നും പറയുന്നു.
മത്സ്യത്തൊഴിലാളിയുടെ വരുമാനത്തില്‍നിന്നു ലേല ഫീസ് എന്ന പേരില്‍ സര്‍ക്കാരിലേക്കു പണം സ്വരൂപിക്കുന്നത് പരോക്ഷ നികുതി തന്നെയാണ്. ഇതു ജി.എസ്.ടി നിയമത്തിനും ആദായനികുതി നിയമത്തിനും വിരുദ്ധമാണ്- ലേഖനത്തില്‍ പറയുന്നു.
20, 21 വകുപ്പുകള്‍ പ്രകാരം രാത്രി മീന്‍പിടിക്കാന്‍ പോയിവരുന്ന തൊഴിലാളി പിറ്റേന്നു പകല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനു മുന്നില്‍ മീനിന്റെ ഉറവിടം, പിടിച്ച മാര്‍ഗം, ഗുണനിലവാരത്തിന്റെ വിശദാംശങ്ങള്‍, ഭക്ഷ്യയോഗ്യമാണെന്ന രേഖകള്‍ തുടങ്ങിയവ നല്‍കി സാക്ഷ്യപത്രം വാങ്ങണമെന്ന വ്യവസ്ഥ തൊഴിലാളി വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.