|

സൗദിയുടെ മുന്നോട്ടുള്ള പാത ദുഷ്‌കരമാകുമ്പോള്‍

ടി. അനീസലി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആഗോളതലത്തില്‍ നടക്കുന്ന ആദ്യ സുപ്രധാന ഇവന്റാണ്, നവംബര്‍ 21, 22 തീയതികളില്‍ സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ജി 20 ഉച്ചകോടി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമ്മേളനം വെര്‍ച്വലായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതോടെ കടുത്ത ഇച്ഛാഭംഗമാണ് സൗദി അറേബ്യ നേരിടുന്നത്.

വിദേശ പ്രമുഖര്‍ക്കും ബിസിനസ്സ് നേതാക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന റെഡ് കാര്‍പെറ്റ് ഇവന്റോ ആകര്‍ഷകമായ ഫോട്ടോ സെഷനുകളോ ഇല്ലാതെ ചടങ്ങ് മാത്രമായി സംഘടിപ്പിക്കപ്പെടുന്ന വെര്‍ച്വല്‍ ഉച്ചകോടി, സൗദിക്ക് സമ്മാനിക്കുന്ന പലതരം നിരാശകളില്‍ ഏറ്റവും പ്രധാനം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പി.ആര്‍ വര്‍ക്കിനുള്ള സുവര്‍ണാവസരം വലിയൊരളവില്‍ ഇല്ലാതാക്കി എന്നതാണ്.

മോശം മനുഷ്യാവകാശ റെക്കോര്‍ഡുകളുടേയും പുരോഗമനവിരുദ്ധ നിലപാടുകളുടേയും പേരില്‍ കുപ്രസിദ്ധമായ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനും സൗദി അറേബ്യയുടെ പ്രൗഢിയും പ്രതാപവും ലോകനേതാക്കളെ അനുഭവിപ്പിക്കാനും ലക്ഷ്യമിട്ടിരുന്ന സൗദി അറേബ്യക്ക് കനത്ത തിരിച്ചടിയാണ് സമ്മേളനം വെര്‍ച്വലായി സംഘടിപ്പിക്കാനുള്ള തീരുമാനം.

പ്രതിസന്ധി കാലത്ത് തുണയാകുമായിരുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇനിമേല്‍ യു.എസില്‍ പ്രസിഡന്റായിരിക്കില്ല എന്ന യാഥാര്‍ഥ്യവും റിയാദിനെ തുറിച്ചുനോക്കുകയാണ്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധം, യമന്‍ യുദ്ധം, മനുഷ്യാവകാശ വിരുദ്ധത, തുടങ്ങി പല കാര്യങ്ങളിലും ഇതിനകം തന്നെ സൗദിയോട് വിയോജിപ്പറിയിച്ചയാളാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍.

‘പ്രതി’ച്ഛായയും പ്രതീക്ഷയും

2017ല്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ, ആഗോളതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ നിരന്തരമായ പി.ആര്‍ വര്‍ക്കുകളാണ് കിരീടാവകാശിയുടെ നേരിട്ടുള്ള നേതൃത്വത്തില്‍ നടപ്പാക്കപ്പെട്ടത്. സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിക്കാനും വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ലക്ഷ്യമിട്ടുള്ള ”വിഷന്‍ 2030” പദ്ധതി പ്രകാരം, രാജ്യത്തിനകത്ത് സാംസ്‌കാരികമായ വലിയ പൊളിച്ചെഴുത്തുകള്‍ നടന്നു.

സിനിമ, സംഗീതം, നൃത്തനൃത്യങ്ങള്‍ തുടങ്ങി സൗദി സലഫിസത്തിന് ‘ഹറാമാ’യിരുന്നതെല്ലാം ‘ഹലാലാ’യിത്തുടങ്ങി. ഡാകര്‍ റാലി, സ്പാനിഷ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്, ഡബ്ല്യു.ഡബ്ല്യു.ഇ പ്രൊഫഷണല്‍ റെസ്ലിംഗ് പോലുള്ള മെഗാ-കായിക ഇവന്റുകള്‍ക്കും അനുമതി ലഭിച്ചു. സൗദിയെ ‘ആധുനികവത്കരിക്കാനും പുരോഗമനപരമായ അംഗമെന്ന നിലയില്‍ ആഗോള സമൂഹത്തില്‍ എന്‍ഗേജ് ചെയ്യിക്കാനും ലക്ഷ്യമിട്ട്’ എന്ന വാചകമടിയില്‍ നടപ്പാക്കിയ ഉപരിപ്ലവമായ ഈ സാമൂഹ്യ പരിഷ്‌കാരങ്ങളെല്ലാം യഥാര്‍ഥത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് കീഴില്‍ നടപ്പാക്കപ്പെട്ട അതിനിഷ്ഠൂര മനുഷ്യാവകാശ ധ്വംസനങ്ങളില്‍ നിന്ന് ആഗോള സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു. എതിര്‍പ്പറിയിച്ച സലഫി പണ്ഡിതന്‍മാരടക്കമുള്ളവര്‍ പുറംലോകം കാണാത്ത ജയിലറകള്‍ക്കുള്ളിലായി.

മുഹമ്മദ് ബിന്‍ സല്‍മാന്‍

എന്നാല്‍, സൗദി കോണ്‍സുലേറ്റില്‍ വെച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല ചെയ്യപ്പെട്ട സംഭവം, സൗദിയിലെ വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റും അവര്‍ക്കേല്‍ക്കേണ്ടി വന്ന പീഡനങ്ങളും, വിയോജിപ്പുകള്‍ക്കെതിരായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ തുടങ്ങി നിരവധി സംഭവങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി. ഇതോടെ പ്രതിച്ഛായാ പരിഷ്‌കരണ പദ്ധതികള്‍ പതിയെ സ്തംഭനാവസ്ഥയിലേക്ക് നീങ്ങി.

2018 ഒക്ടോബറില്‍ ഖഷോഗിയുടെ വധത്തോടെ ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങളെ ചോദ്യം ചെയ്യുന്ന ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന അടുത്തിടെ സൗദിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു. ”മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമടക്കമുള്ള രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അഭിപ്രായ പ്രകടനത്തിനും ആവിഷ്‌കാരത്തിനുമുള്ള അവകാശങ്ങള്‍ പ്രതികാര നടപടികളെ ഭയക്കാതെ വിനിയോഗിക്കാന്‍ ആവശ്യമായ സുരക്ഷയൊരുക്കണമെന്നും ഇതിനാവശ്യമായ അര്‍ത്ഥവത്തായ നടപടികള്‍ കൈക്കൊള്ളണമെന്നും” സൗദി അധികൃതരോട് ആവശ്യപ്പെടുന്ന പ്രസ്താവനയില്‍ 36 അംഗരാജ്യങ്ങളാണ് ഒപ്പുവെച്ചത്.

സ്ത്രീ മനുഷ്യാവകാശ പ്രവര്‍ത്തകരെ അന്യായമായി തടഞ്ഞുവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെ വിമര്‍ശിച്ചും ജമാല്‍ ഖാഷോഗിയുടെ കൊലപാതകത്തെ അപലപിച്ചും യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയങ്ങള്‍ പാസാക്കി. ഇതിന് തൊട്ടുപിന്നാലെയായിരുന്നു യു.എന്നിന്റെ രണ്ടാമത്തെ പ്രസ്താവന. ഇതോടെ, സൗദിയിലേക്കുള്ള ആയുധ വില്‍പ്പന അവസാനിപ്പിക്കാന്‍ നിരവധി രാജ്യങ്ങള്‍ തീരുമാനിച്ചു. ഏറ്റവുമൊടുവില്‍ സൗദി അറേബ്യയ്ക്ക് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഒരു സീറ്റ് ലഭിക്കാനുള്ള അവസരവും ഈ ഒക്ടോബറില്‍ നഷ്ടപ്പെട്ടു.

ജമാല്‍ ഖാഷോഗി

ഡോണള്‍ഡ് ട്രംപിന്റെ ശക്തമായ പിന്തുണയുണ്ടായിരിക്കുമ്പോഴും യമനിലെ മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നെതിര്‍ക്കാന്‍ യു.എസ് കോണ്‍ഗ്രസും തയ്യാറായി. സൗദി വിമതര്‍ക്കും യു.എസ് പൗരന്മാര്‍ക്കുമെതിരായ അതിക്രമങ്ങളെ അപലപിക്കുന്നതിനൊപ്പം ആയുധ വില്‍പ്പന അവസാനിപ്പിക്കാനും യു.എസ് കോണ്‍ഗ്രസ് നിര്‍ദേശിച്ചു.

ഏതാനും മാസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുമെന്ന് സൗദി അധികൃതര്‍ പ്രതീക്ഷിച്ച യെമനിലെ യുദ്ധം ഇപ്പോള്‍ അഞ്ച് വര്‍ഷത്തിലേറെയായി തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമായി അത് മാറി. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച് നടപ്പാക്കുന്ന ”അഴിമതി വിരുദ്ധ” നീക്കവും 2017 ലെ റിറ്റ്സ്-കാര്‍ള്‍ട്ടണ്‍ അറസ്റ്റും വിദേശ നിക്ഷേപകരെ ഭയപ്പെടുത്തുകയും രാജ്യത്തിനകത്തെ അവരുടെ ബിസിനസുകള്‍ പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

ചുരുക്കത്തില്‍ എല്ലാ നിലക്കും പ്രതിസന്ധിയിലായ സൗദി അറേബ്യക്ക് വീണുകിട്ടിയ അവസരമായിരുന്നു, സൗദി ആതിഥേയത്വം വഹിക്കുന്ന ഈ വര്‍ഷത്തെ ജി 20 ഉച്ചകോടി. രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും രാജ്യാന്തര തലത്തില്‍ സുഹൃദ് രാജ്യങ്ങളേയും നിക്ഷേപകരേയും ആകര്‍ഷിക്കാനും കണ്ടുവെച്ച അവസരമാണ് നഷ്ടമാകുന്നത്. അവസാനമായി, സൗദി അധികൃതര്‍ക്ക് ആയുധ വില്‍പ്പന അവസാനിപ്പിക്കുമെന്നും ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് സൗദി ഉത്തരവാദികളായിരിക്കുമെന്നും തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ച ജോ ബൈഡനാണ് ഇനിമേല്‍ യു.എസ് പ്രസിഡന്റ് എന്നതും സൗദിക്ക് മുന്നോട്ടുള്ള പാത ദുഷ്‌കരമാക്കും.

വാല്‍: ‘ഡോണള്‍ഡ് ട്രംപ് – ജെരാദ് കുഷ്‌നര്‍ ഭരണകൂട’ത്തെ തൃപ്തിപ്പെടുത്താന്‍ ഇസ്രായേല്‍ വിഷയത്തിലടക്കം സൗദി അറേബ്യ കൈക്കൊണ്ട സകല നടപടികളും ഇപ്പോള്‍ സൗദിക്ക് നഷ്ടം മാത്രം സമ്മാനിക്കുന്ന കരാറുകളായിരിക്കുന്നു.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saudi Arabia –  G20 2020 Saudi Arabia – Muhammed Bin Salman

ടി. അനീസലി

ഏഴ് വർഷമായി മലയാള ദൃശ്യമാധ്യമ രംഗത്ത് പ്രവർത്തിക്കുന്നയാളാണ് മലപ്പുറം വളാഞ്ചേരി സ്വദേശിയായ ലേഖകൻ