| Friday, 27th December 2019, 8:01 am

കുട്ടനാട്ടില്‍ തര്‍ക്കം തുടങ്ങി; സ്ഥാനാര്‍ഥിയെ കളത്തിലിറക്കി ജോസ് കെ. മാണി വിഭാഗം; എന്‍.സി.പിക്കു മുന്നില്‍ രണ്ടു സാധ്യതകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട്ടില്‍ സീറ്റിനായി കേരളാ കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം തുടങ്ങി. ജോസഫ്, ജോസ് പക്ഷങ്ങള്‍ പരസ്യമായിത്തന്നെ തമ്മിലടി വീണ്ടും തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കുറി കുട്ടനാട് സീറ്റിലെ സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി പ്രഖ്യാപിക്കുമെന്നും സീറ്റ് ആരുടെയും കുത്തകയല്ലെന്നും ജോസ് പക്ഷം തുറന്നടിച്ചുകഴിഞ്ഞു.

കഴിഞ്ഞതവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെത്തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് ജോസഫ് പക്ഷം ആലോചിക്കുന്നത്. ഇക്കാര്യം യു.ഡി.എഫില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് അവര്‍.

എന്നാല്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി ഇതോടകം തന്നെ മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡോ. കെ.സി ജോസഫ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിലേക്കു കൂറുമാറിയതോടെയാണ് സീറ്റ് ജോസഫ് വിഭാഗത്തിനു നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം അതല്ലെന്നും ഉന്നതാധികാര സമിതി തീരുമാനമെടുക്കുമെന്നുമാണ് ജോസ് പക്ഷത്തിന്റെ നിലപാട്.

അതേസമയം തോമസ് ചാണ്ടിക്കു പകരക്കാരനെ കണ്ടെത്തുകയെന്നുള്ളത് എല്‍.ഡി.എഫിനും വെല്ലുവിളിയായി മാറിയിരിക്കുകയാണ്. എന്‍.സി.പിയുടെ സീറ്റില്‍ തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുതന്നെ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ ചാണ്ടിയുടെ സഹോദരനോ മകളോ ആയിരിക്കും സ്ഥാനാര്‍ഥി.

അതേസമയം കുട്ടനാട് സീറ്റ് ഏറ്റെടുക്കാന്‍ സി.പി.ഐ.എമ്മിനുള്ളിലും സമ്മര്‍ദ്ദമുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐ.എം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള തര്‍ക്കം എന്‍.ഡി.എയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞതവണ ബി.ഡി.ജെ.എസ് മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലമാണിത്.

We use cookies to give you the best possible experience. Learn more