എ.കെ. സാജന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനായ ചിത്രമാണ് പുലിമട. വയനാട്ടിലെ മലയോര ഗ്രാമത്തില്‍ ഒറ്റക്ക് താമസിക്കുന്ന വിന്‍സെന്റിന്റെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും അത് അയാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതുമാണ് പുലിമടയില്‍ കാണിക്കുന്നത്.
ചെറുപ്പത്തില്‍ തന്നെ വിന്‍സെന്റിന്റെ അച്ഛനും അമ്മയും മരിച്ചുപോയി. അമ്മക്ക് മാനസികാസ്വാസ്ത്യമുള്ളതിനാല്‍ വിന്‍സെന്റിനേയും എല്ലാവരും ഒറ്റപ്പെടുത്തുന്നു. അതുമൂലം അയാള്‍ക്ക് കല്യാണം പോലും ശരിയാവുന്നില്ല. ഒടുവില്‍ ഉറപ്പിച്ച കല്യാണം പള്ളിമുറ്റം വരെയെത്തി മുടങ്ങിപോകുന്നു. പിന്നീട് ആ ദിവസം വിന്‍സെന്റിന്റെ സമനില തന്നെ തെറ്റുകയാണ്. ഒരു ഭ്രാന്തനെ പോലെ നാട്ടിലൂടെ അലഞ്ഞ വിന്‍സെന്റിന്റെ അടുത്തേക്ക് മഹിഷ്മതി എന്ന അജ്ഞാത യുവതി വരുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്.
ഗംഭീര പെര്‍ഫോമന്‍സ് കൊണ്ടും ഉദ്യോഗ ജനകമായ കഥാസന്ദര്‍ഭങ്ങള്‍കൊണ്ടും ഗംഭീരമായ ചിത്രമാണ് പുലിമട. എന്നാല്‍ ചിത്രം ബലാത്സംഗ ശ്രമത്തെ നിസാരവല്‍കരിച്ച രീതി ഒട്ടും അംഗീകരിക്കാന്‍ പറ്റാത്ത ഒന്നാണ്. അനാവശ്യമായ ഒരു സ്പര്‍ശനം പോലും സ്ത്രീകള്‍ക്ക് വലിയ ട്രോമ നല്‍കാന്‍ പോന്നതാണ്. എന്നാല്‍ ഒരു ബലാത്സംഗ ശ്രമത്തെ തന്നെ ചിത്രം വെള്ള പൂശുകയാണ്.
നിഷ്‌കളങ്കമായ അബദ്ധമെന്ന നിലക്കാണ് പുലിമട ബലാത്സംഗ ശ്രമത്തെ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ അത് ഗുരുതരമായ ക്രൈം തന്നെയാണ്. ചെയ്ത വ്യക്തി എത്ര നല്ലവനാണെന്ന് പറഞ്ഞാലും സ്വഭാവമഹിമ വെച്ച് ന്യായീകരിക്കാവുന്നതല്ല ബലാത്സംഗ ശ്രമം. തിരുത്തപ്പെടേണ്ട ഒരു സന്ദേശമാണ് പുലിമട നല്‍കുന്നത്.
Content Highlight: problematic message of pulimada