സഹോദരങ്ങള്‍ക്കുള്ള ചികിത്സാ പണം വിട്ടു തരാന്‍ ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായതായി ഫിറോസ് കുന്നംപറമ്പില്‍
ഒറ്റപ്പാലം: ആലത്തൂരില്‍ വാഹനാപകടത്തില്‍ പരിക്ക് പറ്റിയ സഹോദരങ്ങള്‍ക്ക് വേണ്ടി പിരിച്ചെടുത്ത പണം രോഗികളുടെ ചികിത്സയ്ക്കായി ബുധനാഴ്ച മുതല്‍ വിട്ടു തരാന്‍ ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായതായി സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍.
പ്രതിഷേധത്തെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇന്ത്യ സോണല്‍ മാനേജര്‍ ഒറ്റപ്പാലം ശാഖയിലെത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്ന് ഫിറോസ് പറഞ്ഞു. നാളെ മുതല്‍ പണം രോഗികള്‍ക്ക് എടുത്തു തുടങ്ങാമെന്നും ബാക്കി വരുന്ന പണം നല്‍കിയ ചെക്ക് ഉപയോഗിച്ച് മറ്റു രോഗികള്‍ക്കും നല്‍കാമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതായി ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
ബാങ്കിന്റെ നിലപാട് കാരണം പത്ത് ദിവസത്തോളം ചികിത്സാ പണം കിട്ടാതെ രോഗികള്‍ ബുദ്ധിമുട്ടിയെന്നും പണം അനുവദിച്ചില്ലെങ്കില്‍ പതിനഞ്ചാം തിയ്യതി മുതല്‍ ഒറ്റപ്പാലം ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധം തുടങ്ങുമെന്നും ഫിറോസ് പറഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ബാങ്കിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
പരിക്ക് പറ്റിയ കുട്ടികള്‍ക്ക് വേണ്ടി 34 മണിക്കൂര്‍ കൊണ്ട് ഒരു കോടി പതിനേഴ് ലക്ഷം രൂപയാണ് പിരിച്ചു കിട്ടിയിരുന്നത്. ഇതില്‍ നിന്ന് 10 ലക്ഷം രൂപ മാത്രമാണ് ബാങ്ക് വിട്ടു നല്‍കിയത്.