അതിക്രമത്തെ റൊമാന്റിസൈസ് ചെയ്യുന്ന ക്രിസ്റ്റി
Film News
അതിക്രമത്തെ റൊമാന്റിസൈസ് ചെയ്യുന്ന ക്രിസ്റ്റി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th February 2023, 5:53 pm

മാളവിക മോഹനന്‍, മാത്യു തോമസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ക്രിസ്റ്റി ഫെബ്രുവരി 17നാണ് തിയേറ്ററുകളിലെത്തിയത്. ഒരു കൗമാരപ്രായക്കാരന് ട്യൂഷന്‍ ചേച്ചിയോട് ഉണ്ടാകുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. കൗമാരക്കാരന്റെ പ്രണയമാണെങ്കിലും മാത്യു അവതരിപ്പിച്ച റോയിയുടെ കോളേജ് കാലഘട്ടവുമെല്ലാം കടന്നുവരുന്നതുകൊണ്ട് ചിത്രത്തെ കമിങ് ഓഫ് ഏജ് ഴോണറിലും ഉള്‍പ്പെടുത്താം.

ചെറുപ്പം മുതലേ കാണുന്ന ക്രിസ്റ്റി ചേച്ചിയുടെ വീട്ടില്‍ ട്യൂഷന് പോകുന്നതോടെയാണ് റോയിക്ക് അവരോട് പ്രണയമാകുന്നത്. ക്രിസ്റ്റിയാകട്ടെ ഇഷ്ടമില്ലാത്ത വിവാഹം കഴിച്ച്, ആ ബന്ധം വേര്‍പിരിഞ്ഞ്, നിരാശപൂര്‍ണമായ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. ആ ജീവിതത്തിനിടയിലേക്ക് കടന്നുവരുന്ന റോയി അവള്‍ക്ക് ഒരു ആശ്വാസമാകുന്നു. ആ അടുപ്പം റോയിയില്‍ പ്രണയമാണ് ഉണ്ടാക്കുന്നത്.

കൗമാരക്കാരന്റെ തീവ്രവും നിഷ്ടകളങ്കവുമായ പ്രണയമാണ് കാണിക്കാന്‍ ശ്രമിച്ചതെങ്കിലും കാലങ്ങളായി മലയാള സിനിമയില്‍ കാണിച്ചുകൊണ്ടിരിക്കുന്ന സ്റ്റോക്കിങ്ങിനെ റൊമാന്റിസൈസ് ചെയ്യുക എന്നത് തന്നെയാണ് ക്രിസ്റ്റിയിലും സംഭവിച്ചിരിക്കുന്നത്. ചിത്രത്തിലെ ലിപ്‌ലോക്ക് രംഗം കൈകാര്യം ചെയ്ത രീതിയും അങ്ങനെ തന്നെ. ഇഷ്ടമാണെന്ന് ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും സൂചന നല്‍കാത്ത ക്രിസ്റ്റിയെ റോയി നിര്‍ബന്ധപൂര്‍വം അനുവാദമില്ലാതെയാണ് ചുംബിക്കുന്നത്. അതിന് പശ്ചാത്തലമായി വരുന്നതാവട്ടെ പ്രണയം തുളുമ്പുന്ന സംഗീതവും. കൃത്യമായ ലൈംഗിക അതിക്രമം തന്നെയാണ് ഇവിടെ നടക്കുന്നത്.

അനുവാദമില്ലാത്ത ചുംബനത്തിന് ശേഷം ക്രിസ്റ്റി അതില്‍ ഒരു തരത്തിലുമുള്ള അസ്വസ്ഥതയും കാണിക്കാതെ പിറ്റേദിവസം മുതല്‍ ഒന്നും സംഭവിക്കാത്തത് പോലെ പെരുമാറുന്നതും അസ്വഭാവികമാണ്. ക്രിസ്റ്റിക്ക് ശല്യവും ബുദ്ധിമുട്ടുമുണ്ടാക്കുന്ന രീതിയിലുള്ള റോയിയുടെ ‘പ്രണയ’മാണ് യഥാര്‍ത്ഥ പ്രണയമെന്നാണ് പല സ്ഥലങ്ങളിലും സിനിമ പറഞ്ഞുവെക്കുന്നത്.

ഇനി പ്രകടനത്തിലേക്ക് വന്നാല്‍ മുമ്പുള്ള പല സിനിമകളിലും കണ്ട മാത്യുവിനെ തന്നെയാണ് ക്രിസ്റ്റിയിലും കാണാനാവുന്നത്. ക്രിസ്റ്റിയുടെ വേദനയും നിസഹായവസ്ഥയും പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യുന്ന നിലയിലേക്ക് പ്രകടനം ഉയര്‍ത്താന്‍ മാളവികക്കുമായിട്ടില്ല. ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന സിനിമ പല ഭാഗങ്ങളിലും മടുപ്പ് സമ്മാനിച്ചേക്കാം. പൂവാറിന്റെ സൗന്ദര്യം ഒപ്പിയെടുത്ത ആനന്ദ് സി. ചന്ദ്രന്റെ ക്യാമറയും ഗോവിന്ദ് വസന്തയുടെ സംഗീതവും ക്രിസ്റ്റിയുടെ പോസ്റ്റീവ് ഘടകങ്ങളാണ്.

Content Highlight: problem of romanticisation in christy