കാറ്റാടിയില്‍ നിന്നു വെള്ളവും ഓക്‌സിജനുമുണ്ടാക്കാമെന്ന് മോദി, വിവരക്കേട് ചൂണ്ടിക്കാട്ടാന്‍ ചങ്കൂറ്റമുള്ളവര്‍ കൂടെയില്ലാത്തതിന്റെ കുഴപ്പമെന്ന് രാഹുല്‍
India
കാറ്റാടിയില്‍ നിന്നു വെള്ളവും ഓക്‌സിജനുമുണ്ടാക്കാമെന്ന് മോദി, വിവരക്കേട് ചൂണ്ടിക്കാട്ടാന്‍ ചങ്കൂറ്റമുള്ളവര്‍ കൂടെയില്ലാത്തതിന്റെ കുഴപ്പമെന്ന് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th October 2020, 4:05 pm

ന്യൂദല്‍ഹി: കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാനും വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിക്കാനും സാധിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

വെസ്റ്റാസ് സി.ഇ.ഒ ഹെന്റിക് ആന്‍ഡേഴ്‌സണുമായി മോദി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ സംഭാഷണത്തിന്റെ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം.

‘മോദിയ്ക്ക് ഒരു കാര്യം അറിയില്ല എന്നതല്ല നമ്മുടെ രാജ്യം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി. മറിച്ച് അദ്ദേഹത്തിന്റെ അറിവില്ലായ്മയെ കുറിച്ച് അദ്ദേഹത്തോട് തുറന്നുപറയാനുള്ള ധൈര്യം ചുറ്റുമുള്ള ആര്‍ക്കും ഇല്ല എന്നതാണ്’, എന്നായിരുന്നു രാഹുല്‍ വീഡിയോയ്ക്ക് ഒപ്പം എഴുതിയത്.

വിന്റ് എനര്‍ജി സെക്ടറുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളായിരുന്നു പ്രധാനമന്ത്രി ആന്‍ഡേഴ്‌സണുമായി സംസാരിച്ചത്.

കാറ്റാടി യന്ത്രത്തിന്റെ സഹായത്തോടെ വായുവിലെ ഈര്‍പ്പം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഹെന്റിക് ആന്‍ഡേഴ്‌സണോട് പറയുന്നത്.

ഇതു മാത്രമല്ല കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിച്ച് വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കാമെന്നും വെള്ളവും ഊര്‍ജ്ജവും ഓക്‌സിജനും ഒരൊറ്റ കാറ്റാടി യന്ത്രത്തില്‍ നിന്ന് ലഭിക്കുമെന്നും മോദി പറയുന്നുണ്ട്. ഇക്കാര്യം വേണമെങ്കില്‍ ശാസ്ത്രജ്ഞര്‍ക്ക് പരീക്ഷണവിധേയമാക്കാമെന്നും മോദി പറഞ്ഞുവെച്ചിരുന്നു. ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മോദിയുടെ ‘അറിവില്ലായ്മ’യെ കുറിച്ച് രാഹുല്‍ പറഞ്ഞത്.

എന്നാല്‍ രാഹുല്‍ ഗാന്ധിയ്ക്കാണ് കാര്യങ്ങളില്‍ അറിവില്ലാത്തത് എന്നായിരുന്നു മന്ത്രിമാരായ പീയുഷ് യോയലും സ്മൃതി ഇറാനിയും ഇതില്‍ പ്രതികരിച്ചത്.

ലോകത്തെ തന്നെ ഏറ്റവും മികച്ച കമ്പനിയുടെ സി.ഇ.ഒയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നടന്ന പരാമര്‍ശത്തെയാണ് രാഹുല്‍ കളിയാക്കിയതെന്നും രാഹുലിന് ഒന്നുമറിയില്ലെന്ന് അദ്ദേഹത്തിന് പറഞ്ഞുകൊടുക്കാന്‍ കോണ്‍ഗ്രസില്‍ ആരുമില്ലേ എന്നുമായിരുന്നു പീയുഷ് ഗോയല്‍ പ്രതികരിച്ചത്.

മോദിക്കെതിരെ രാഹുല്‍ ഉന്നയിക്കുന്ന ഓരോ ആരോപണത്തിലും രാഹുല്‍ പറയുന്ന അതേവാചകം കടമെടുത്തുകൊണ്ടാണ് ബി.ജെ.പി ഇപ്പോള്‍ രാഹുലിനെതിരെ രംഗത്തെത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ‘Problem is he doesn’t understand’: Rahul mocks PM Modi for claiming one can get oxygen from wind turbines