| Monday, 23rd July 2012, 10:36 am

മാരുതി പ്ലാന്റ് കലാപം: മാവോവാദി ബന്ധം ഉണ്ടോ എന്ന് ആഭ്യന്തര മന്ത്രാലയം സംശയിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുര്‍ഗൗണ്‍: മാരുതി സുസുകിയുടെ മനേസര്‍ പ്ലാന്റില്‍ ഉണ്ടായ കലാപത്തില്‍ മാവോവാദി ബന്ധം ഉണ്ടോ എന്നു പരിശോധിക്കണമെന്ന് ഇന്റലിജന്‍സ് ബ്യൂറോയോട് ആഭ്യന്തരമന്ത്രാലയം. തൊഴിലാളികളുടെ ഭാഗത്ത് നിന്ന് വന്‍തോതിലുള്ള ആക്രമണം ഉണ്ടായിട്ടുള്ളതാണ് ആഭ്യന്തരമന്ത്രാലയത്തിന് ഇത്തരത്തില്‍ ഒരു സംശയം ഉണ്ടാകാന്‍ കാരണം. ഇവിടങ്ങളിലെ തൊഴിലാളി യൂണിയനുകളിലാണ് മാവോവാദി ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കുന്നത്.
[]
തൊഴിലാളി യണിയനുകളില്‍ മാവോവാദികള്‍ പിടിമുറുക്കാന്‍ സാധ്യതയുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം ഭയക്കുന്നത്. ഉന്നതതല മാനേജുമെന്റുകളെ കേന്ദ്രീകരിച്ചുള്ള ആക്രമണവും അതുപോലെ ആക്രമണങ്ങളുടെ സ്വഭാവവും ഇക്കാര്യങ്ങളിലേയ്ക്കാണ് വെളിച്ചം വീശുന്നതെന്നാണ് മന്ത്രാലയം പറയുന്നത്.

“ആക്രമണത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഞങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതുപോലെ തന്നെ തൊഴിലാളിയൂണിയനുകളില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട്. മാവോവാദി ബന്ധങ്ങളോ നക്‌സലൈറ്റ് അനുഭാവവമോ ഉള്ളവരായ മൂന്നോളം തൊഴിലാളി യൂണിയനുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.” ആഭ്യന്തര മന്ത്രാലയത്തിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രദേശങ്ങളില്‍ വ്യാവസായിക അസന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള മാവോവാദികളുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും അതുകൊണ്ടാണ് തങ്ങളുടെ ഭാവിയെ പോലും ബാധിക്കുന്ന വിധത്തില്‍ മാരുതി പ്ലാന്റ് അടച്ചിടാന്‍ ഇത്തരത്തിലുള്ള ഒരു കലാപം അവര്‍ അഴിച്ചുവിട്ടതെന്നും മാനേജ്മെന്റ് വക്താക്കള്‍ ആരോപിക്കുന്നു. അതേസമയം ഇത്തരം ആരോപണങ്ങള്‍  സര്‍ക്കാരും മാനേജുമെന്റുകളും കൂടി സൃഷ്ടിക്കുന്ന കള്ള പ്രചരണമാണെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.

പ്ലാന്റിലെ തൊഴിലാളിയെ ജാതി പറഞ്ഞാക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് മാരുതി പ്ലാന്റില്‍ കലാപം നടന്നത്. കലാപത്തില്‍ പ്ലാന്റിന്റെ എച്ച്.ആര്‍ ജനറല്‍ മാനേജര്‍ അവിനാഷ് കുമാര്‍ ദേവ് കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 91 പേരെ ഇതുവരെ അറസ്റ്റുചെയ്തിട്ടുണ്ട്. യൂണിയന്‍ നേതാക്കന്‍മാരടക്കം 55 പേര്‍ ഇപ്പോഴും ഒളിവിലാണ്.

We use cookies to give you the best possible experience. Learn more