| Sunday, 10th June 2012, 4:13 pm

നിരോധനാജ്ഞയല്ല, വേണ്ടത് ഇച്ഛാശക്തി: തിരുവനന്തപുരം മേയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ  മാലിന്യ നിര്‍മ്മാര്‍ജനത്തിന് നിരോധനാജ്ഞയല്ല വിളപ്പില്‍ശാല തുറന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും മാലിന്യ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടിയിരുന്നതെന്നും മേയര്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ പനി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ജില്ലാഭരണകൂടം  നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതുവരെയും ജില്ലയിലെ മാലിന്യ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയാത്തതിനെ പറ്റി സര്‍ക്കാരിനെതിരെ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നിരോധനാജ്ഞ.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജനത്തിന് തിരുവനന്തപുരം ജില്ലാഭരണകൂടം തീവ്ര നടപടികള്‍ സ്വീകരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് നഗരത്തില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പകര്‍ച്ചവ്യാധി നേരിടുന്നതിനും മറ്റുമായി 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിയ്ക്കുന്നത്.

We use cookies to give you the best possible experience. Learn more