| Tuesday, 4th June 2019, 7:45 am

അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി സൈനികനെ ജയിലിലടച്ചത് വ്യാജ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍; ആളുമാറിപ്പോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ ന്യായീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുഹമ്മദ് സനാവുള്ളയെ കുടിയേറ്റക്കാരനെന്ന് മുദ്രകുത്തിയ അന്വേഷണ റിപ്പോര്‍ട്ട് വ്യാജം. ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും നടത്താതെയാണ് കേസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട മൂന്നുപേര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

വ്യാജ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് കേസിന്റെ ഓഫീസറായ ചന്ദ്രമല്‍ ദാസിനെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ പേരിലാണ് 30 വര്‍ഷം സൈനിക സേവനം നടത്തിയ സനാവുള്ളയെ അനധികൃത കുടിയേറ്റക്കാരനെന്ന് ആരോപിച്ച് അറസ്റ്റു ചെയ്യുകയും തടവിലാക്കുകയും ചെയ്തത്.

താന്‍ അന്വേഷിച്ച കേസിലെ പ്രതി സൈനികനായ മുഹമ്മദ് സനാവുള്ളയല്ലന്ന് അസം ബോര്‍ഡര്‍ പൊലീസിലെ ഉദ്യോഗസ്ഥനായ ചന്ദ്രമല്‍ ദാസും വ്യക്തമാക്കി. സനാവുള്ളയെന്ന മറ്റൊരു വ്യക്തിയെക്കുറിച്ചാണ് താന്‍ അന്വേഷിച്ചതെന്നും അതുകൊണ്ടാണ് അഡ്മിനിസ്‌ട്രേറ്റീവ് തലത്തില്‍ തെറ്റിദ്ധാരണയുണ്ടായതെന്നും അദ്ദേഹം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഹമ്മദ് സനാവുള്ളയുടെ ഗ്രാമമായ കൊലോയ്കാഷിലെ സാക്ഷിയുടെ മൊഴി എങ്ങനെ വന്നുവെന്ന കാര്യത്തില്‍ യാതൊരു വിശദീകരണവും അദ്ദേഹം നല്‍കിയിട്ടില്ല.

ദൃക്സാക്ഷിളെന്ന് ബോര്‍ഡര്‍ ഫോഴ്സ് അവകാശപ്പെടുന്ന മുഹമ്മദ് കുബ്രാന്‍ അലി, മുഹമ്മദ് സെബാന്‍ അലി, അജ്മല്‍ അലി എന്നിവര്‍ ചന്ദ്രമല്‍ ദാസിനെതിരെ പരാതി നല്‍കിയിരുന്നു. തങ്ങള്‍ കണ്ടിട്ടില്ലെന്നും, തങ്ങളുടെ അറിവോ സമ്മതോ കൂടാതെ വ്യാജ ഒപ്പുവെച്ച ദൃക്സാക്ഷി വിവരണമാണ് അധികൃതര്‍ക്ക് ദാസ് സമര്‍പ്പിച്ചതെന്നും ഇവര്‍ എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു.

കുബ്രാന്‍ അലിയും സനാവുള്ളയും കൊലോയ്കാഷ് എന്ന ഗ്രാമത്തിലാണ് താമസിക്കുന്നത്. 2008ലാണ് ദാസ് മൂവരുടേയും സാക്ഷിമൊഴി എടുക്കുന്നത്. സനാവുള്ളയെ അനധികൃത കുടിയേറ്റക്കാരനായി മുദ്രകുത്തുന്നതില്‍ നിര്‍ണായകമായിരുന്നു ഇവരുടേതെന്ന് പറഞ്ഞ് സമര്‍പ്പിച്ച സാക്ഷിമൊഴികള്‍.

യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരായ, ന്യൂനപക്ഷങ്ങളെ വിദേശ പൗരന്മാരെന്നും അനധികൃത കുടിയേറ്റക്കാരെന്നും മുദ്രകുത്തി രാജ്യത്തു നിന്നും പുറത്താക്കാനാണ് ബോര്‍ഡര്‍ പൊലീസ് ശ്രമിക്കുന്നതെന്ന് മൂവരും കുറ്റപ്പെടുത്തി.

ഇന്ത്യന്‍ സേനയില്‍ 30 വര്‍ഷം സുബൈദാര്‍ പദവിയില്‍ സേവനമനുഷ്ഠിച്ചയാളാണ് മുഹമ്മദ് സനാവുള്ള. അസം സ്വദേശിയായ മുഹമ്മദ് സനാവുള്ള തന്റെ ആര്‍മി റിട്ടേയര്‍മെന്റിന് ശേഷം അസാം ബോര്‍ഡര്‍ പൊലിസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റ് തന്നെയാണ് ഇപ്പോള്‍ സനാവുള്ളയെ അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് 2017-ല്‍ ആണ് വിരമിച്ച ഇദ്ദേഹം കാര്‍ഗില്‍ യുദ്ധത്തിലും കശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കെതിരേയും പോരാടിയ സൈനികന്‍ കൂടിയാണ്. 2014-ല്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി ഉയര്‍ത്തിയ സനാവുള്ളയെ, ഓണററി ലെഫറ്ററന്റായും സൈന്യം ബഹുമതി നല്‍കിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്റര്‍ വന്നതോടുകൂടിയാണ് രാജ്യത്തെ പൗരന്മാരെ വിദേശികളാക്കുന്ന നിലവന്നത്. 2016ലാണ് സര്‍ക്കാര്‍ പൗരത്വ (ഭേദഗതി) ബില്‍ കൊണ്ടുവരുന്നത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, ഇന്ത്യയില്‍ ആറു വര്‍ഷം താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, ബുദ്ധ, പാര്‍സി, ജൈന്‍, സിഖ്, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കു പൗരത്വം ഉറപ്പു നല്‍കുന്നതാണ് പ്രസ്തുത ബില്‍. മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്ന 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബില്‍.

1971 മാര്‍ച്ച് 24 അര്‍ധരാത്രിക്കു മുന്‍പാണു- ബംഗ്ലാദേശ് യുദ്ധത്തിന്റെ തലേന്ന്- നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ പൂര്‍വികര്‍ ഇന്ത്യയില്‍ എത്തിയത് എന്നു തെളിയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വിദേശികളായി പ്രഖ്യാപിക്കപ്പെടുന്നതാണ് നിലവിലെ സ്ഥിതി.

We use cookies to give you the best possible experience. Learn more