ഭോപ്പാല്‍: മന്‍സോര്‍ വെടിവയ്പ്പില്‍ പൊലീസും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരും കുറ്റക്കാരല്ലെന്ന് ജസ്റ്റിസ് ജെ.കെ. ജയിന്‍ കമ്മീഷന്‍. പ്രതിഷേധ റാലി അക്രമാസക്തമായി മാറിയതിനാല്‍ പ്രക്ഷോഭകരെ പിരിച്ചുവിടാനും സ്വയരക്ഷയ്ക്കുമായി വെടിവയ്പ്പല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്നാണ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ സാരാംശം.
പൊലീസിന്റെയും സംസ്ഥാന ഭരണകൂടത്തിന്റെയും വിവര ശൃംഖല വളരെ ദുര്‍ബലമായിരുന്നെന്നു മാത്രം പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍, അന്നത്തെ ജില്ലാ കലക്ടര്‍ സ്വതന്ത്രകുമാര്‍ സിംഗിനെയോ പൊലീസ് സൂപ്രണ്ട് ഒ.പി. ത്രിപാഠിയെയോ കുറ്റക്കാരായി കാണുന്നില്ല. കാര്‍ഷിക കടങ്ങളില്‍ ഇളവുവരുത്തുക, കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട വില നിജപ്പെടുത്തുക എന്നിങ്ങനെ കര്‍ഷകര്‍ മുന്നോട്ടു വച്ച അടിസ്ഥാനാവശ്യങ്ങളൊന്നും ജില്ലാ തലത്തില്‍ തന്നെ നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ട്.
റിപ്പോര്‍ട്ടില്‍ പറയുന്നതു പ്രകാരം, ബാഹി പശര്‍വനാഥില്‍ ആദ്യത്തെ വെടിവയ്പ്പുണ്ടാകുന്നത് അക്രമാസക്തരായ ആള്‍ക്കൂട്ടം എട്ടു സി.ആര്‍.പി.എഫുകാരെ വളഞ്ഞ് കല്ലെറിയാനാരംഭിച്ചപ്പോഴാണ്. മര്‍ദ്ദനത്തില്‍ നിന്നും സഹപ്രവര്‍ത്തകരെ രക്ഷിക്കാനെത്തിയ മറ്റു മൂന്നു കോണ്‍സ്റ്റബിള്‍മാരെയും സമരക്കാര്‍ കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് ആള്‍ക്കൂട്ടം അതിക്രമം തുടര്‍ന്നപ്പോള്‍, വെടിവയ്പ്പല്ലാതെ മറ്റുമാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നാണ് കമ്മീഷന്റെ പക്ഷം.
പിപിലിയാമണ്ഡി പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കടന്ന സമരക്കാര്‍ വീണ്ടും നാശനഷ്ടങ്ങളുണ്ടാക്കിയപ്പോഴാണ് അടുത്ത വെടിവെപ്പുണ്ടായതെന്നും കമ്മീഷന്‍ പറയുന്നുണ്ട്. എങ്കിലും, പൊലീസുകാരെ തീവയ്ക്കാന്‍ ശ്രമിച്ചതായോ, പൊലീസുകാര്‍ക്കെതിരെ നിറയൊഴിച്ചതായോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വെടിവയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു വേണ്ടി കേസു വാദിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് മോഹന്‍ മഥുര്‍ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. “റിപ്പോര്‍ട്ടില്‍ ഞാന്‍ തീര്‍ത്തും അതൃപ്തനാണ്. ആ സമയത്തു നടന്ന കള്ളത്തരങ്ങളെ വെളിച്ചത്തു കൊണ്ടുവരാന്‍ ഞങ്ങള്‍ക്കൊരു അവസരം ലഭിച്ചില്ല.” മഥുര്‍ പറയുന്നു.
ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയമാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതെന്ന് കോണ്‍ഗ്രസ്സും ആഞ്ഞടിച്ചിട്ടുണ്ട്. “പൊലീസും സി.ആര്‍.പി.എഫും കുറ്റക്കാരല്ലെങ്കില്‍, പിന്നെ ആരാണ് ആ മരണങ്ങള്‍ക്കുത്തരവാദി?” കോണ്‍ഗ്രസ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ ചോദിക്കുന്നു.
റിപ്പോര്‍ട്ട് തങ്ങളെ നിരാശപ്പെടുത്തുന്നതായി കര്‍ഷകസംഘടനകളും പറയുന്നു. ” ഞങ്ങള്‍ക്കിപ്പോള്‍ ഈ വ്യവസ്ഥിതിയില്‍ വിശ്വാസമില്ല. നീതിക്കായി ഒരു വര്‍ഷം കാത്തു. എന്നാല്‍, ഈ റിപ്പോര്‍ട്ട് ഞങ്ങളെ തകര്‍ത്തു കളഞ്ഞിരിക്കുകയാണ്” വെടിവയ്പ്പില്‍ സഹോദരനെ നഷ്ടപ്പെട്ട അഭിഷേക് പടിധാര്‍ പറഞ്ഞു.
റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും, അതിനോടു പ്രതികരിക്കാറായിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറി മലായ് ശ്രീവാസ്തവ അറിയിച്ചു. 2017 ജൂണ്‍ 6നാണ് മധ്യപ്രദേശില്‍ കര്‍ഷകരുടെ പ്രതിഷേധറാലിയിലേക്കുണ്ടായ പൊലീസ് വെടിവയ്പ്പില്‍ അഞ്ചുപേര്‍ മരിച്ചത്.