ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പീഡനക്കേസ് പ്രതിയായ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് (Dera Sacha Sauda chief Gurmeet Ram Rahim Singh) നടത്തിയ സത്‌സംഗില്‍ (satsang) സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ദ ബേസിക് ശിക്ഷാ അധികാരി (The Basic Shiksha Adhikari) ആണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
”സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രശ്നം സ്‌കൂള്‍ ജില്ലാ ഇന്‍സ്പെക്ടറുമായി ചര്‍ച്ച ചെയ്യും.
പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച സ്‌കൂള്‍ ഏതാണെന്ന് ഐഡന്റിഫൈ ചെയ്യാന്‍ ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്,” ശിക്ഷാ അധികാരി സുരേന്ദ്ര കുമാര്‍ പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സംഭവത്തെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നും അധികാരി പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
300ലധികം സ്‌കൂള്‍ കുട്ടികളെയായിരുന്നു ഓണ്‍ലൈനായി നടത്തിയ സത്‌സംഗില്‍ പങ്കെടുപ്പിച്ചത്. യു.പിയിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
സ്‌കൂള്‍ യൂണിഫോമില്‍ തന്നെയായിരുന്നു വിദ്യാര്‍ത്ഥികള്‍ പരിപാടി കാണാനെത്തിയത്.
പീഡന- കൊലപാതകക്കേസുകളില്‍ പ്രതിയായ റാം റഹിം പരോളിലിറങ്ങിയതായിരുന്നു.
നവംബര്‍ 17നായിരുന്നു പരിപാടി നടന്നത്. യു.പിയിലെ റോസ പൊലീസ് സ്റ്റേഷന്‍ ഏരിയയില്‍ വലിയ സ്‌ക്രീനിലായിരുന്നു പരിപാടി പ്രദര്‍ശിപ്പിച്ചിരുന്നത്.
ഇത് കാണുന്നതിന് വേണ്ടി സമീപ ജില്ലകളായ ലഖിംപൂര്‍ ഖേരി, ഫറൂഖാബാദ് എന്നിവിടങ്ങളില്‍ നിന്നും 2000ലധികം പേരെ ബസില്‍ സ്ഥലത്തെത്തിച്ചിരുന്നതായി ഡെക്കാന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാജഹാന്‍പൂരില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചതറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ഇത് സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. പിന്നാലെ തന്നെ പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
ചോദ്യം ചെയ്യുന്നതിന് വേണ്ടി പരിപാടിയുടെ സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlight: probe ordered on school children made to attend virtual satsang of rape and murder convict Ram Rahim in Uttar Pradesh