പോസ്‌കോ വിരുദ്ധ സമരം കൂടുതല്‍ രൂക്ഷമാകുന്നു; സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സമരരംഗത്ത്
India
പോസ്‌കോ വിരുദ്ധ സമരം കൂടുതല്‍ രൂക്ഷമാകുന്നു; സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സമരരംഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th January 2013, 3:51 pm

കേന്ദ്രപാര: ഒറീസയിലെ ഗോബിന്ദപുരം ഗ്രാമത്തില്‍ നടക്കുന്ന പോസ്‌കോ വിരുദ്ധ കാലപത്തില്‍ പോലീസിന്റെ നരനായാട്ട്. പോസ്‌കോ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്ത് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കനത്ത പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. 2500ഓളം വരുന്ന നാട്ടുകാര്‍ പോലീസിന്റെ നടപടിക്കെതിരെ സമരം തുടരുകയാണ്.[]

ഗ്രാമം മുഴുവന്‍ പോലീസ് വളഞ്ഞിരിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി വീടിനുപുറത്തെത്തുന്ന ഗ്രാമവാസികളെ പോസ്‌കോ പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയാണെന്ന് പോസ്‌കോ വിരുദ്ധ സമരസമിതി വക്താവ് പ്രശാന്ത് പൈക്കര ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന 2500 പേരാണ് സമരത്തിന്റെ മുന്‍നിരയിലുളളത്. ജനുവരി 14 ന് വീണ്ടും തുടങ്ങിയ ഭൂമിയേറ്റെടുക്കല്‍ നടപടിക്കെതിരെ സമരം ചെയ്ത ആറ് പേരെ വിട്ടയക്കുക, പോസ്‌കോ പദ്ധതി നിറുത്തി വെക്കുക, പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന പോലീസിനെ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടക്കുന്നത്.

കഴിഞ്ഞ ജനുവരി 14 തിങ്കളാഴ്ച്ച നിര്‍ദ്ദിഷ്ട പദ്ധതിക്കെതിരെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ഭൂമി ഏറ്റെടുക്കലിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രകടനം നടത്തിയിരുന്നു. പ്രദേശവാസികള്‍ പോസ്‌കോയ്‌ക്കെതിരെ നടത്തിവരുന്ന സമരം ശക്തമായതിനെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പദ്ധതി നിലവില്‍ വരുന്നതോടെ 700 ഏക്കറോളം വരുന്ന വനഭൂമിയും 26 വെറ്റിലപ്പാടവും ഇല്ലാതാവുമെന്നും ഇത് ആദിവാസികളെയും കര്‍ഷകരെയും ദുരിതത്തിലാക്കുമെന്നും പോസ്‌കോ വിരുദ്ധ സമര സമിതി നേതാവ് അഭയ് സാഹു പറഞ്ഞു.

ദക്ഷിണ കൊറിയന്‍ സ്റ്റീല്‍ കമ്പനിയായ പോസ്‌കോയ്ക്ക് പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കാന്‍ മുന്‍ പരിസ്ഥിതി മന്ത്രി ജയറാം രമേശ് അനുമതി നല്‍കിയിരുന്നു. വര്‍ഷത്തില്‍ 12 മില്യണ്‍ മെട്രിക് ടണ്‍ ഉല്പാദനശേഷിയുള്ള സ്റ്റീല്‍ പ്ലാന്റാണ് പോസ്‌കോ ഇവിടെ നിര്‍മ്മാക്കാനുദ്ദേശിക്കുന്നത്.

ഒറീസയിലെ ധിനിക ഗോവിന്ദ്പൂര്‍ എന്നീ ആദിവാസി മേഖലകള്‍ ഉള്‍പ്പെട്ട പ്രദേശത്ത് പോസ്‌കോ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ കമ്പനി സ്ഥാപിക്കുന്നതിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങള്‍ ഉടലെടുത്തിയിരുന്നു. വനഭൂമി നശിപ്പിക്കപ്പിക്കുന്നതിനെതിരെ ഏറെ നാളായി ശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നുവരികയാണ്.

പോസ്‌കോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ 30 ഗ്രാമങ്ങളില്‍ താമസിക്കുന്ന 30,000 ഓളം ആദിവാസികള്‍ക്ക് കിടപ്പാടവും ജീവനോപാധിയും നഷ്ടപ്പെടും.

പുതിയ പ്ലാന്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രം 2005ലാണ് കമ്പനി ഒറീസ സര്‍ക്കാരുമായി ഒപ്പിട്ടത്. കമ്പനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഇരുമ്പ് അയിര് ഖനനം ചെയ്യുന്നതിനുള്ള അനുമതിയും ഒറീസാ സര്‍ക്കാര്‍ ഈ കരാറിലൂടെ പോസ്‌കോയ്ക്ക് നല്‍കിയിരുന്നു. 600 ദശലക്ഷം ടണ്‍ ഇരുമ്പ് അയിര് കുഴിച്ചെടുക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയത്. എന്നാല്‍ കാലാവധി കഴിഞ്ഞതോടെ കരാര്‍ അസാധുവായി.

പ്ലാന്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ആകെ 4004 ഏക്കര്‍ ഭൂമിയാണ് ആവശ്യം. കരാര്‍ പ്രകാരം 3566 ഏക്കര്‍ വന ഭൂമിയാണ്. ബാക്കിയുള്ള 438 ഏക്കര്‍ ഭൂമി സ്ഥലവാസികളായ ആദിവാസി കര്‍ഷകരില്‍ നിന്നും ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍ കര്‍ഷകര്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചതോടെ സ്ഥിതി വഷളാവുകയായിരുന്നു.