| Saturday, 1st April 2017, 3:04 pm

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടിങ് മെഷീന്‍ അട്ടിമറി അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടിങ് മെഷീനില്‍ നടത്തിയ പരിശോധനയില്‍ തിരിമറി കണ്ടെത്തിയ വിഷയത്തില്‍ വിശദീകരണമാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ വൈകീട്ടോടെ ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷനോട്

വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പോള്‍ പാനല്‍ അറിയിച്ചു. അട്ടിമറി അന്വേഷിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി തുടങ്ങിയവരുടെ ആവശ്യത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.

പരിശോധനയില്‍ ആര്‍ക്ക് വോട്ട് ചെയ്താലും എല്ലാ വോട്ടും ബി.ജെ.പിക്ക് മാത്രം ലഭിക്കുന്ന തരത്തില്‍ സജ്ജീകരിച്ച വോട്ടിങ് മെഷീനാണ് പിടിക്കപ്പെട്ടത്. മണ്ഡലത്തില്‍ പരിശോധന നടത്തിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

ഇവര്‍ പരിശോധന നടത്തുന്നതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇക്കാര്യം വാര്‍ത്ത ആക്കരുതെന്നും തങ്ങള്‍ ജയിലില്‍ പോകേണ്ടി വരുമെന്നുമായിരുന്നു ഉദ്യോഗസ്ഥ പ്രതികരിച്ചത്.


Dont Miss ഗുജറാത്തിലെ വഡാവലിയിലെ വര്‍ഗീയ കലാപം മുസ്‌ലീങ്ങളെ ലക്ഷ്യമിട്ട് മുന്‍കൂട്ടി ആസൂത്രണം ചെയ്തത്: കാര്യകാരണങ്ങള്‍നിരത്തി വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് 


വോട്ട് ചെയ്തത് ആര്‍ക്കെന്ന് വോട്ടര്‍ക്ക് അറിയാന്‍ കഴിയുന്ന രസീത് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ള വി.വി.പാറ്റ് മെഷീനില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. വോട്ടിങ് മെഷീനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നമ്പര്‍ ഒന്നാമതായിരുന്നു. എന്നാല്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ നാല് എന്ന നമ്പര്‍ അടിച്ചപ്പോള്‍ ലഭിച്ച പ്രിന്റ് ഔട്ടില്‍ ബി.ജെ.പിയുടെ താമരചിഹ്നവും സ്ഥാനാര്‍ത്ഥിയായ സത്യദേവ് പചൗരിയെന്ന പേരും ലഭിച്ചു. അതിന് ശേഷം ഒന്നാം നമ്പര്‍ അടിച്ചപ്പോഴും ബി.ജെ.പി തന്നെ വോട്ട് വീഴുകയായിരുന്നു.

അധികാരം ഉപയോഗിച്ച് വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി എല്ലാ വോട്ടും ബിജെപിയുടെ അക്കൗണ്ടില്‍ ആക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ഈ വാര്‍ത്തയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more