യു.പി സ്‌കൂളിൽ 'നോൺ വെജ് ഭക്ഷണം' കൊണ്ടുവന്നതിന് മുസ്‌ലിം ബാലനെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്
national news
യു.പി സ്‌കൂളിൽ 'നോൺ വെജ് ഭക്ഷണം' കൊണ്ടുവന്നതിന് മുസ്‌ലിം ബാലനെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th September 2024, 9:39 am

ലഖ്‌നൗ: ഉത്തർപ്രദേശിൽ നോൺ വെജ് ഭക്ഷണം കൊണ്ടുവന്നതിന് ഏഴ് വയസുള്ള മുസ്‌ലിം ബാലനെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. വിഷയം അന്വേഷിക്കാൻ സർക്കാർ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ അടങ്ങുന്ന മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി ജില്ലാ ഇൻസ്പെക്ടർ ഓഫ് സ്കൂൾസ് (ഡി.ഐ.ഒ.എസ്) വിഷ്ണു പ്രതാപ് സിങ് അറിയിച്ചു.

വീഡിയോ വൈറലായതിനെ തുടർന്ന്, സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രിൻസിപ്പലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സ്‌കൂളിൻ്റെ അംഗീകാരം സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം ലോക്കൽ കമ്മിറ്റി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് കത്തയച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും അവർ കത്തയച്ചിരുന്നു. കത്തിൽ വേഗത്തിലും കർശനമായ നടപടി ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

ഉത്തർപ്രദേശിൽ ക്ലാസിൽ മാംസാഹാരം കൊണ്ടുവന്നതിന് ഏഴ് വയസുകാരനെ പ്രധാനാധ്യാപകൻ സസ്‌പെൻഡ് ചെയ്‌തിരുന്നു . ഉത്തർപ്രദേശിലെ അംറോഹയിലെ സ്കൂളിലെ പ്രധാനാധ്യാപകനാണ് നഴ്‌സറി വിദ്യാർത്ഥിയെ സസ്‌പെന്റ് ചെയ്തത്. അംറോഹ ജില്ലയിലെ ഹിൽട്ടൺ പബ്ലിക് സ്‌കൂളിലാണ് സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയതോടെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഏഴ് വയസുള്ള മുസ്‌ലിം വിദ്യാർത്ഥി മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നും മറ്റുള്ള വിദ്യാർത്ഥികളെ ശല്യം ചെയ്‌തെന്നും പ്രധാനാധ്യാപകൻ ആരോപിച്ചു.

തുടർന്ന് കുട്ടിയുടെ മാതാവിനെ വിളിക്കുകയും ക്ഷേത്രങ്ങൾ പൊളിക്കുന്നവരെ തന്റെ വിദ്യാലയത്തിൽ പഠിപ്പിക്കാൻ സാധിക്കില്ലെന്ന് പറയുകയും ചെയ്‌തു. കുട്ടി മറ്റ് വിദ്യാർത്ഥികളെ ശല്യപ്പെടുത്തിയെന്ന് പ്രിൻസിപ്പൽ കുറ്റപ്പെടുത്തുന്നതും മറ്റുള്ളവരെ ഇസ്‌ലാമിലേക്ക് മതം മാറ്റുമെന്ന് കുട്ടി പറഞ്ഞതായി അവകാശപ്പെടുന്നതും വീഡിയോയിൽ കേൾക്കാം.

സ്‌കൂളിൽ വിദ്യാർത്ഥികൾ ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതായി അമ്മ പ്രതികരിച്ചു. തൻ്റെ മകനെ മറ്റൊരു കുട്ടി അടിച്ചതായും അവർ ആരോപിച്ചു. എന്നാൽ കുട്ടിയുടെ അമ്മ പറയുന്നത് കേൾക്കാൻ കൂട്ടാക്കാതെ അധ്യാപകൻ കുട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും വീഡിയോയിൽ കാണാം.

തന്റെ കുട്ടി മാംസാഹാരം കൊണ്ടുവന്നിട്ടില്ലെന്ന് അമ്മ പറയുന്നതും കേൾക്കാം. എന്നാൽ അതിന് പകരമായി ‘ ഇത്തരം സംസ്കാരമുള്ള കുട്ടികളെ ഞങ്ങൾ ഇവിടെ പഠിപ്പിക്കില്ല. ഞങ്ങളുടെ ക്ഷേത്രങ്ങൾ തകർക്കുന്ന, സ്‌കൂളിൽ മാംസാഹാരം കൊണ്ടുവരുന്ന, ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യാനും രാമക്ഷേത്രം തകർക്കാനും ശ്രമിക്കുന്ന ഇത്തരം കുട്ടികളെ ഇവിടെ പഠിപ്പിക്കാൻ ഞങ്ങൾക്ക് താത്പര്യം ഇല്ല,’ പ്രിൻസിപ്പൽ വീഡിയോയിൽ പറയുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രധാനാധ്യാപകനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

Content Highlight: Probe ordered after 7-yr-old Muslim boy ‘harassed’ in UP school for ‘bringing non-veg food