ലണ്ടന്‍: എലിസബത്ത് രാജ്ഞിയെ വധിക്കാന്‍ ലക്ഷ്യമിട്ട് വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ അതിക്രമിച്ച് കയറിയയാള്‍ നേരത്തെ പുറത്തുവിട്ട ഭീഷണി വീഡിയോയിന്മേല്‍ അന്വേഷണമാരംഭിച്ചു.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് പ്രതികാരം ചെയ്യാന്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവന്നിരുന്നു.
അമ്പും വില്ലിനും സമാനമായ ആയുധമായ ക്രോസ്ബാര്‍ കയ്യിലേന്തിക്കൊണ്ടായിരുന്നു മാസ്‌ക് ധരിച്ച യുവാവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
സ്‌നാപ്പ്ചാറ്റിലൂടെയാണ് ഭീഷണി വീഡിയോ ഷെയര്‍ ചെയ്തത്.
മാസ്‌ക് ധരിച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടയാള്‍ ഇന്ത്യയില്‍ നിന്നുള്ള സിഖ് യുവാവാണെന്നാണ് പറയുന്നത്. ജസ്വന്ത് സിംഗ് ചെയ്ല്‍ എന്നാണ് വീഡിയോയില്‍ യുവാവിന്റെ പേര് പറയുന്നത്.
1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് പ്രതികാരം ചെയ്യുന്ന എലിസബത്ത് കക രാജ്ഞിയെ വധിക്കുമെന്നാണ് വീഡിയോയില്‍ പ്രഖ്യാപിക്കുന്നത്. സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് ആണ് സംഭവത്തില്‍ അന്വേഷണമാരംഭിച്ചിരിക്കുന്നത്.
”ഐ ആം സോറി. ഞാന്‍ ചെയ്തതിനും ഇനി ചെയ്യാനിരിക്കുന്നതിനും സോറി. രാജകുടുബത്തിലെ എലിസബത്ത് രാജ്ഞിയെ വധിക്കാന്‍ ഞാന്‍ ശ്രമിക്കും.
1919 ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രതികാരമാണിത്. സ്വന്തം വംശത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വരികയും അപമാനിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തവര്‍ക്ക് വേണ്ടിയുള്ള പ്രതികാരം കൂടിയാണിത്.
ഞാന്‍ ഇന്ത്യക്കാരനായ സിഖ് ആണ്, സിഖ്. എന്റെ പേര് ജസ്വന്ത് സിംഗ് ചെയ്ല്‍ എന്നായിരുന്നു. ഇപ്പോഴെന്റെ പേര് ഡാര്‍ത് ജോണ്‍സ്,” വീഡിയോയില്‍ പറയുന്നു.
രാജ്ഞിയുടെ വാരാന്ത്യ റസിഡന്‍സായ വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാസ്‌ക് ധരിച്ച ജസ്വന്ത് സിംഗ് ചെയ്ല്‍ ക്രോസ്ബാറുമായി അതിക്രമിച്ച് കയറിയിരുന്നു. 19കാരനായ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ക്രിസ്മസ് ദിവസമായിരുന്നു സംഭവം. എന്നാല്‍ അറസ്റ്റ് ചെയ്തയാളുടെ പേര് മെട്രോപോളിറ്റന്‍ പൊലീസ് പുറത്തുവിട്ടിരുന്നില്ല.
സംഭവത്തില്‍ ബക്കിങ്ഹാം കൊട്ടാരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൊട്ടാരത്തില്‍ നിന്നുള്ള യുവാവിന്റെ അറസ്റ്റും ഭീഷണി വീഡിയോയും തമ്മില്‍ ബന്ധപ്പെടുത്തി ഇത് രണ്ടും ഒരേയാള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടി കൂടിയാണ് അന്വേഷണം.