| Wednesday, 3rd January 2024, 12:37 pm

ദൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പണം വാങ്ങി മ്യാന്മർ പൗരന്മാർ വൃക്ക ദാനം ചെയ്തെന്ന ആരോപണം; രേഖകളിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മ്യാന്മർ പൗരന്മാർ ഉൾപ്പെട്ട വൃക്ക വില്പന റാക്കറ്റുമായി ദൽഹിയിലെ അപ്പോളോ ആശുപത്രിക്ക് ബന്ധമുണ്ടോ എന്ന അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ട്.

ദൽഹി സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് മ്യാന്മർ എംബസിയിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെടെ കൃത്രിമം നടന്നതായി കണ്ടെത്തിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

അപ്പോളോ ആശുപത്രിയിൽ മ്യാന്മർ പൗരന്മാരിൽ നടത്തിയ നൂറിലധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ നിന്ന് റാൻഡമായി കമ്മിറ്റി പരിശോധിച്ച 15 കേസുകളിലും ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ഇംഗ്ലീഷ് മാധ്യമമായ ദി ടെലിഗ്രാഫിൽ ഡിസംബർ മൂന്നിന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് ആരോപണങ്ങൾ ഉയർന്നത്. മ്യാന്മറിലെ നിരാശ്രരായ യുവാക്കളെ ദൽഹിയിലെ ആശുപത്രിയിൽ കൊണ്ടുവന്ന് മ്യാന്മറിലെ പണക്കാരായ രോഗികൾക്ക് വൃക്ക ദാനം ചെയ്യുവാൻ പണം നൽകുന്നു എന്നായിരുന്നു റിപ്പോർട്ട്.

വൃക്ക ദാതാവും സ്വീകർത്താവും ബന്ധുക്കളാണെന്ന് തെളിയിക്കാൻ വ്യാജ രേഖകൾ ചമച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ നിയമപ്രകാരം ബന്ധുക്കളോ സുഹൃത്തുക്കളോ ധനലാഭമില്ലാതെ നടത്തുന്ന അവയവ ദാനം മാത്രമേ അനുവദിക്കുകയുള്ളൂ.

ഐ.എം.സി.എൽ ചട്ട പ്രകാരം ദാതാവും സ്വീകർത്താവും ബന്ധുക്കളാണെന്ന് തെളിയിക്കുന്ന, അതാത് രാജ്യങ്ങളിൽ നിന്ന് നൽകുന്ന ഫോം 21 സർട്ടിഫിക്കറ്റ് ഹാജരാക്കണം.

മ്യാന്മറിൽ നിന്ന് നൽകിയ ഫോം 21 എംബസി ലെറ്റർഹെഡിൽ അല്ലെന്നും വെള്ളക്കടലാസിലാണെന്നും കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്ത ഡോ സോയ് സോയ് എന്ന മ്യാന്മർ പൗരന്റെ ശസ്ത്രക്രിയ അപ്പോളോയിൽ നടത്തിയിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഈ കേസിൽ യു.കെ റിപ്പോർട്ടർമാരുടെ കൈവശമുള്ള വിവരങ്ങൾ എംബസിയുടെ വിസ വിവരങ്ങളിൽ നിന്ന് പരിശോധിക്കുവാൻ കമ്മിറ്റിക്ക് സാധിച്ചിട്ടില്ല.

എംബസികൾക്ക് ഇന്ത്യയിലെ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ ബോധവത്കരണം നൽകണമെന്നും അവയവ മാറ്റിവെക്കലുകൾ അംഗീകരിക്കുന്നതിന് ആശുപത്രികൾ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.

Content Highlight: Probe into ‘cash-for-kidney’ claims against Apollo hospital finds holes

We use cookies to give you the best possible experience. Learn more